Administrator
Administrator
നര്‍ത്തകി – ഒരു ട്രാന്‍സ്‌ജെന്ററിന്റെ യാത്ര
Administrator
Friday 6th May 2011 12:21pm


വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന് കരുതപ്പെടുന്ന ഒരു പ്രമേയത്തെ കേന്ദ്രമാക്കി ഇന്ത്യയില്‍ ചലച്ചിത്രം നിര്‍മിക്കണമെങ്കില്‍ നല്ല രീതിയില്‍ ദൃഢ വിശ്വാസവും ചങ്കൂറ്റവുമില്ലാതെ സാധ്യമല്ല. ചലച്ചിത്രരംഗത്ത് നവാഗതയായ വിജയപത്മ അതില്‍ വിജയിച്ചുവെന്ന് പറയാം. പത്മയുടെ ആദ്യ സിനിമയായ ‘നര്‍ത്തകി’ ഇന്ന് റിലീസാകും. ഒരു ട്രാന്‍സ്‌ജെണ്ടറിന്റെ വൈകാരികമായ യാത്രയാണ് ‘നര്‍ത്തകി.’

ഈ അഭിമുഖത്തില്‍ റെഡിഫ് പ്രതിനിധി ശോഭാവാര്യരോട് വിജയപത്മ ‘നര്‍ത്തകി’യെ കുറിച്ച് സംസാരിക്കുന്നു. ‘നര്‍ത്തകി’ വളരെ പെട്ടെന്നു തന്നെ റഷ്യനിലും ജര്‍മ്മനിയിലും മൊഴിമാറ്റം നടത്തി ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്യും.

മൂന്നാം ലിംഗക്കാരെ കുറിച്ചൊരു സിനിമയെടുക്കാന്‍ താങ്കള്‍ തീരുമാനിച്ചതെന്തുകൊണ്ടാണ്?

എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയത്തിനാരംഭം കുറിക്കുന്നത്. എയ്ഡ്്‌സിന്റെ ബോധവല്‍ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഞാന്‍ ഒരുപാട് എഴുതിയിരുന്നു. അക്കാലത്ത് ഒരുപാട് ട്രാന്‍സ്‌ജെണ്ടര്‍കാരെ നേരിട്ട് കാണാനും അവരുടെ ആദ്യകാല ജാവിതം ദുസ്സഹമാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു. അങ്ങനെ അതിനെ പറ്റി ഒരു ഡോക്യുമെന്റെറി എടുക്കാന്‍ തീരുമാനിച്ചു.

അക്കാലത്തുതന്നെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ ഒരു ഡോക്യമെന്ററി ഞാന്‍ ചെയ്തിരുന്നു. ട്രാന്‍സ്‌ജെണ്ടര്‍കാരുടെ വിഷയത്തില്‍ ഡോക്യുമെന്ററി എടുക്കുന്നതിനു പകരം ഒരു സിനിമ എടുക്കണമെന്ന് തോന്നി. അത് കുറച്ചുകൂടി ജനങ്ങളിലേക്കെത്തിച്ചേരും.

ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. അങ്ങനെ എന്‍.എഫ്.ഡി.സിയെ സമീപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ അതും ഫലം കണ്ടില്ല. ആ അവസരത്തിലാണ് ഞാന്‍ ഗീതയെ കണ്ടുമുട്ടുന്നത്. അവര്‍ നിര്‍മ്മാണം നിര്‍വ്വഹിക്കാന്‍ തയ്യാറായി. വ്യത്യസ്തമായൊരു കഥക്കായി അവരും അന്വേഷിക്കുകയായിരുന്നു.

ഗീതക്ക് കഥ ഇഷ്ടമായോ?

തീര്‍ച്ചയായും. അതൊരു മിറാക്കളായിരുന്നു. അങ്ങനെ വ്യത്യസ്തമായൊരു പ്രമേയത്തെ കേന്ദ്രമാക്കി ഒരു സിനിമയെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

സംഗീത നിര്‍വ്വഹണത്തിനായി ജി.വി.പ്രകാശിനെയായിരുന്നു ഞാന്‍ ആദ്യം സമീപിച്ചത്. അദ്ദേഹത്തിന് കഥ വളരെയധികം ഇഷ്ടമായി. അദ്ദഹത്തിന്റെ പ്രതിഫലം പോലും കുറക്കാമെന്ന് അദ്ദേഹം പറഞ്ഞു. അത്ഭുതകരമായ രീതിയിലാണ് അദ്ദേഹം ഈ സിനിമയില്‍ ഗാനങ്ങള്‍ ചെയ്തിട്ടുള്ളത്.

‘നര്‍ത്തകി’ എന്നാണല്ലോ ഈ സിനിമയുടെ പേര്. ഇത് ഡാന്‍സിനെ കുറിച്ചുള്ളതാണോ?

ഇതൊരു വാണിജ്യ സിനിമയാണല്ലോ. അതുകൊണ്ട് ഇതിലെ ട്രാന്‍സ്‌ജെണ്ടറിന്റെ കരിയറായി നൃത്തമാണ് ഞാന്‍ തിരഞ്ഞെടുത്തത്. തഞ്ചാവൂരിലെ വിലാര്‍ എന്ന ഗ്രാമത്തിലാണ് കഥ തുടങ്ങുന്നത്. ചിലമ്പുണ്ടാക്കുന്ന ഒരാളുടെ മകനായ സുബ്ബു അവിടെയാണ് വളര്‍ന്നത്.

അവന്റെ അച്ഛന്റെ തൊഴിലിനേക്കാള്‍ അവനെ ഏറെ ആകര്‍ഷിച്ചത് നൃത്തമായിരുന്നു. അവന്റെ അമ്മ ഒരു നര്‍ത്തകിയിണ്. പക്ഷെ വിവാഹത്തിനു ശേഷം അവരത് ചെയ്യുന്നില്ല. നൃത്തത്തില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നതോടെ അവനില്‍ ഒരു പെണ്ണുണ്ട് എന്നവന്‍ തിരിച്ചറിയുന്നു.

ഒരു ട്രാന്‍സ്‌ജെണ്ടറിന്റെ ആദ്യകാല ജീവിതം വളരെ പ്രധാനപ്പെട്ടതാണ്. കൗമാരത്തിലേക്ക് കടന്നതുമുതല്‍ യൗവ്വനത്തിലെത്തുന്നതുവരെ സുബ്ബുവിനെ സിനിമ പിന്തുടരുന്നു. ആത്മബോധം വളരുന്നതോടെ അവന്‍ മുംബൈയ്യിലേക്ക് ഒളിച്ചോടുന്നു.

മുംബൈയ്യിലെ ട്രാന്‍സ്‌ജെണ്ടറുകള്‍ ദുരിത ജീവിതമാണല്ലോ നയിക്കുന്നത്. താങ്കളത് സിനിമയിലൂടെ കാണിക്കുന്നുണ്ടോ?

കാണിക്കുന്നുണ്ട്. അവരഭിമുഖീകരിക്കുന്ന എല്ലാഘട്ടങ്ങളെയും ഞാന്‍ കാണിക്കുന്നുണ്ട്. തികച്ചും യാഥാര്‍ത്ഥ്യത്തോടെത്തന്നെ. ആ സമുദായത്തിന്റെ എല്ലാ രീതികളും സൂക്ഷ്മാംശത്തില്‍ ചിത്രീകരിക്കന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവര്‍ നടത്തുന്ന പരമ്പരാഗത ലിംഗമാറ്റ ശസ്ത്രക്രിയ വരെ ഞാന്‍ സിനിമയില്‍ കാണിച്ചിട്ടുണ്ട്.

അതൊക്കെ നമ്മളെ ഞെട്ടിപ്പിക്കുന്നവയല്ലെ?

തീര്‍ച്ചയായും അത് നമ്മളെ ഞെട്ടിപ്പിക്കുന്നവയാണ്. നമ്മളെ അത് ഞെട്ടിപ്പിക്കുമെങ്കിലും അവര്‍ക്കത് വിവാഹം പോലെയുള്ള ആഘോഷമാണ്. ഒരു മൂന്നാം ലിംഗക്കാരിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വൈകാരികവും സുപ്രധാനവുമായ മുഹൂര്‍ത്തമാണ്. അതിലെ വൈകാരികത ഞാനിതില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ലിംഗഛേദം ചെയ്യുമ്പോഴുണ്ടാകുന്ന മുറിവുകളൊന്നും കാണിക്കുന്നില്ല.

മുംബൈയ്യില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്ന യഥാര്‍ത്ഥ സ്ഥലങ്ങള്‍ താങ്കള്‍ ഷൂട്ട് ചെയ്തിരുന്നോ?

ചെയ്തിട്ടുണ്ട്. മറ്റുള്ള ട്രാന്‍സ്‌ജെണ്ടറുകള്‍ വളരെ സഹായികളായിരുന്നു. അവരില്‍ നൂറോളം പേരെ എന്റെ സിനിമയില്‍ പങ്കടുപ്പിച്ചിട്ടുമുണ്ട്. കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ വളരെ സൗഹൃദപരമായിരുന്നു അവര്‍. നല്ല ആള്‍ക്കരാണ് അവര്‍.

പ്രധാനപ്പെട്ട റോളില്‍ അഭാനയിക്കാന്‍ ഒരു ട്രാന്‍സ്‌ജെണ്ടറായ കല്‍കിയെ തിരഞ്ഞെടുത്തതെങ്ങനെയായിരുന്നുവെന്ന് പറയാമൊ?

ഈ സമുദയത്തെപ്പറ്റിയും ഇവരുടെ ജീവിതം എങ്ങനെയാണ് മുന്നോട്ട പോകുന്നത് എന്നതിനെപറ്റിയും ജനങ്ങള്‍ക്ക് ഒരു ബോധം നല്‍കാന്‍ ഞാനാഗ്രഹിച്ചിരുന്നു. അതുകോണ്ടുതന്നെ ആ വിഭാഗത്തില്‍ പ്രശസ്തയായ ഒരാളെ അതിനെനിക്ക് വേണമായിരുന്നു. കല്‍കി ഇവര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തയാളാണ്. കൂടാതെ വളരെ പ്രശസ്തയും. സഹോദരി ഫൗണ്ടേഷനും അതുപോലെയുള്ള സംഘടനകളുമൊക്കെ അവര്‍ രൂപീകരിച്ചിട്ടുമുണ്ട്. ഒരു മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്തികൂടിയാണ് കല്‍കി. നല്ല ഉത്തരവാദിത്വബോധമുള്ള വ്യക്തി. മാത്രവുമല്ല ഇതൊരു തമിഴ് സിനിമയാണല്ലൊ. അപ്പോള്‍ ഒരു ദക്ഷിണേന്ത്യന്‍ മുഖമല്ലെ വേണ്ടത്.

റിലീസിനു മുമ്പ് തന്നെ മറ്റുഭാഷകളിലേക്ക് ഈ സിനിമ പുനര്‍നിര്‍മ്മിക്കാന്‍ ഓഫറുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നല്ലൊ?

അത് ശരിയാണ്. തെലുങ്ക് കന്നഡ, ഹിന്ദി എന്നി ഭാഷകളില്‍ ഇത് പുനര്‍നിര്‍മ്മിക്കും. ഞാനായിരിക്കും അവയെല്ലാം സംവിധാനം ചെയ്യുന്നത്. മൊഴിമാറ്റ സിനിമയല്ല ഞാനുദ്ദേശിക്കുന്നത്. കാരണം പ്രാദേശികതക്ക് കഥയില്‍ വളരെ പ്രാധാന്യമുണ്ട്. ആ അര്‍ത്ഥത്തില്‍ അവ ഒരോന്നും വ്യത്യസ്തവുമായിരിക്കും.

റഷ്യയിലേക്കും ജര്‍മ്മനിയിലേക്കും ഇവ മൊഴിമാറ്റവും ചെയ്യുന്നുണ്ട്.

ഈ സിനിമ വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ നല്ലതും വ്യത്യസ്തവുമായ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. എനിക്കുറപ്പുണ്ട്. നര്‍ത്തകിയെ എല്ലാവരും സ്വീകരിക്കും.

Advertisement