Administrator
Administrator
എഞ്ചിനീയറെക്കാള്‍ എനിക്കിഷ്ടം അഭിനേതാവിനെ
Administrator
Thursday 16th June 2011 5:42pm

അല്‍പം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുമായി പ്രണയരംഗം അഭിനയിച്ചു ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ 1978 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന ചിത്രത്തില്‍ കൃഷ്ണചന്ദ്രന്‍ ഈ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

ഇന്ന് മൂന്നു ദശകങ്ങള്‍ക്കുശേഷം രതിനിര്‍വേദം എന്ന ക്ലാസിക് ചിത്രത്തിന്റെ റീമേക്കില്‍ ആ റോള്‍ ഏറ്റെടുത്തുചെയ്യുകയാണ് ശ്രീജിത്ത് വിജയ് എന്ന യുവതാരം. ശ്വേതാമേനോന്‍ അവതരിപ്പിക്കുന്ന രതിയില്‍ ആകൃഷ്ടനാകുന്ന പപ്പു എന്ന കഥാപാത്രമായാണ് ശ്രീജിത്ത് വെള്ളിത്തിരയിലെത്തുന്നത്.

കേരളക്കരയൊട്ടാകെ ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന രതിനിര്‍വേദം എന്ന ചിത്രത്തിലൂടെ ശ്രീജിത്ത് സിനിമാലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും ശ്രീജിത്ത്..

സിനിമാപ്രവേശത്തെക്കുറിച്ച്

സിനിമയില്‍ അഭിനയിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. 2008 ലാണ് ഞാനെന്റെ എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നത്. കുറച്ചുകാലം ഞാന്‍ ജോലി ചെയ്തു. പക്ഷേ അന്നുതൊട്ടേ സിനിമാഭിനയമായിരുന്നു എന്റെ സ്വപ്നം. സിനിമയില്‍ എന്നെ വെച്ച് ആരും ഒരു പരീക്ഷണത്തിന് മുതിരില്ലെന്ന് തോന്നിയതുകൊണ്ട് മോഡലിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മോഡലിംഗ് ചെയ്യുമ്പോഴും ഇന്‍ഡസ്ട്രിയിലുള്ളവരുമായി ഒരു ബന്ധം സൃഷ്ടിച്ചെടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ ഓഡിഷനില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രം എന്നെത്തേടിയെത്തുന്നത്.

ഫാസിലിനെപ്പോലുള്ള ഒരു സംവിധായകനൊപ്പമുള്ള അനുഭവം…

ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തില്‍ നിരഞ്ജന്‍ എന്ന കഥാപാത്രമായിരുന്നു എനിക്ക്. ചെറിയൊരു വേഷമായിരുന്നു അത്. എന്നാലും തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമായിരുന്നു അത്. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പലതും അദ്ദേഹം പഠിപ്പിച്ചുതന്നു.


രതിനിര്‍വേദത്തിലേക്ക്…

ലിവിങ് ടുഗെതറിനുശേഷവും ഞാനെന്റെ ഫോട്ടോ സംവിധായകര്‍ക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഫോട്ടോ കണ്ട് ടി.കെ രാജീവ് കുമാറിന് ഇഷ്ടപ്പെടുകയും പപ്പുവിന്റെ വേഷം ചെയ്യാന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു.

രതിനിര്‍വേദത്തിലെ പപ്പുവിനെ എങ്ങനെയാണ് കാണുന്നത്…

ഇതൊരു റീമേക്ക് ആയതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഇതിവൃത്തം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് പ്രേക്ഷകര്‍ക്കു മുമ്പിലെത്തിയ രതിനിര്‍വേദത്തില്‍നിന്നും അല്‍പം വ്യത്യസ്തമാണ് പുതിയ ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കഥയില്‍ മാറ്റമൊന്നുമില്ലെങ്കിലും അവതരണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
പ്ലസ് ടു പഠനത്തിനുശേഷം ഗ്രാമത്തിലേക്കു തിരിച്ചുവരുന്ന കഥാപാത്രമാണ് ഞാന്‍. അവിടെ രതിച്ചേച്ചിയെ കാണുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ പ്രധാനവിഷയം.

പഴയ രതിനിര്‍വേദം കണ്ടിട്ടുണ്ടോ

ഞാന്‍ കണ്ടിട്ടുണ്ട്. ക്ഷണം കിട്ടിയപ്പോള്‍ ഈ സിനിമയെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. പിന്നീടാണ് ഞാന്‍ പടം കാണുന്നത്. അതൊരു ക്ലാസിക്കാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏതൊരു കൗമാരക്കാരനും സംഭവിക്കാവുന്നതാണിത്. ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ അതീവസന്തുഷ്ടനുമാണ്.

റോള്‍ ഏറ്റെടുക്കാന്‍ എന്തെങ്കിലുംതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നോ

നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കുമെല്ലാം എതിര്‍പ്പായിരുന്നു ഞാനീ വേഷം ചെയ്യുന്നതിനോട്. പപ്പു എന്ന കഥാപാത്രം എനിക്ക് മോശം ഇമേജുണ്ടാക്കുമെന്ന് കരുതിയാണ് അവരെതിര്‍ത്തത്. എന്നാല്‍ എന്നെപ്പോലൊരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഈ വേഷമെന്ന് എനിക്ക് തോന്നി.

അഭിനയിക്കുന്നതും എനിക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. വളരെ സൗഹൃദപരമായ ഒരന്തരീക്ഷമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. സംവിധായകനും ശ്വേതാ മേനോനും എനിക്ക് ആത്മവിശ്വാസം നല്‍കി.

വെള്ളിത്തിരയിലെ എഞ്ചിനീയറെക്കുറിച്ച്…

കോഴ്‌സ് പൂര്‍ത്തിയാക്കിയതിനുശേഷം ഞാന്‍ എഞ്ചിനീയറായി ജോലി ചെയ്യണമെന്ന് എന്റെ മാതാപിതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. കുറച്ചുകാലം ഞാന്‍ ജോലി ചെയ്തു. പക്ഷേ എന്റെ താല്‍പര്യം സിനിമയായിരുന്നു. അതാണ് ഞാന്‍ ജോലി രാജിവെച്ച് മോഡലിംഗിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞത്.

Advertisement