Interview | ചിത്രം വ്യക്തമാണ്; ചാനലുകള്‍ സംഘപരിവാറിന്റെ കുഴലൂത്തുകാരാകുന്നു; സൂരജ് സംസാരിക്കുന്നു
Interview
Interview | ചിത്രം വ്യക്തമാണ്; ചാനലുകള്‍ സംഘപരിവാറിന്റെ കുഴലൂത്തുകാരാകുന്നു; സൂരജ് സംസാരിക്കുന്നു
ആര്യ. പി
Wednesday, 17th January 2024, 5:35 pm
1992 ന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ എന്താണെന്ന് ഞാന്‍ പറഞ്ഞിട്ട് വേണ്ട നമ്മളില്‍ പലര്‍ക്കും അറിയാന്‍. ചിത്രം വ്യക്തമാണ്. പിന്നെ ചിലര്‍ സൗകര്യപൂര്‍വം ഇതിനെയൊക്കെ വിമര്‍ശിക്കാതിരിക്കുന്നത് അവരുടെ കംഫര്‍ട്ട് സോണുകൊണ്ടാണ്. അവര്‍ പ്രിവിലേജ്ഡ് ആണ്. അവര്‍ക്ക് അതിന്റെ ആവശ്യമില്ല. ഇതിനെതിരെയൊന്നും ഒന്നും ചെയ്യേണ്ടതില്ല എന്ന് ആറ്റിറ്റിയൂഡുള്ളവരാണ് ഇതിനെ വിമര്‍ശിക്കാതിരിക്കുന്നത്. അല്ലാത്തവരെല്ലാം, മാനവികത വിശ്വസിക്കുന്ന എല്ലാവരും ഇതിനെ തള്ളിക്കളയും.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഗായിക കെ.എസ് ചിത്രയുടെ വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചിത്രയുടെ നിലപാടിനെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയവരില്‍ ഒരാളായിരുന്നു ഗായകന്‍ സൂരജ് സന്തോഷ്.

പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നുമായിരുന്നു സൂരജിന്റെ വിമര്‍ശനം. ഈ വിമര്‍ശനത്തെ അധിക്ഷേപമായും സൈബര്‍ ആക്രമണമായും ചിലര്‍ ചിത്രീകരിച്ചു. സൂരജിനെതിരെ സംഘടിതമായ സൈബര്‍ ആക്രമണം ഉണ്ടായി. ഏത് ഭീഷണികള്‍ക്കിടയിലും തന്റെ നിലപാടുകള്‍ തുടര്‍ന്നും ഉച്ചത്തില്‍ പറയുമെന്ന് ആവര്‍ത്തിക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സൂരജ് സന്തോഷ്.

സൂരജ് സന്തോഷ്

ആര്യ. പി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര എടുത്ത ഒരു നിലപാടിനെ വിമര്‍ശിക്കുന്നത് ചിത്രക്കെതിരായ വിമര്‍ശനവും അധിക്ഷേപവുമായി ചിലര്‍ മാറ്റുന്നുണ്ട്. ചില ചാനലുകള്‍ പോലും ആ രൂപത്തില്‍ ക്യാമ്പയിനുകള്‍ സെറ്റ് ചെയ്യുന്നു, എന്തുതോന്നുന്നു?

സൂരജ് സന്തോഷ് : രാമക്ഷേത്രം എന്ന് പറയുന്നത് ഒരു പൊളിറ്റിക്കല്‍ ഇഷ്യൂ ആണ്. ബാബരി മസ്ജിദ് തകര്‍ത്തത് ഒരു പൊളിറ്റിക്കല്‍ ഇഷ്യൂ ആണ്. അവിടെ ഒരു രാമക്ഷേത്രം ഉയര്‍ന്നത് പൊളിറ്റിക്കല്‍ ഇഷ്യൂ ആണ്. അവിടുത്തെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും പൊളിറ്റിക്കലാണ്. ഇതിനെയൊക്കെ പൊളിറ്റിസൈസ് ചെയ്ത് ബി.ജെ.പിയെപ്പോലുള്ള രാഷ്ട്രീയ കക്ഷികള്‍ നേട്ടം കൊയ്യുന്നുമുണ്ട്.

അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഏത് പ്രസ്താവനയും പൊളിറ്റിക്കല്‍ കമന്റാണ്. കെ.എസ് ചിത്രയെപ്പോലൊരാള്‍ അങ്ങനെയൊരു പൊളിറ്റിക്കല്‍ കമന്റ് പറയുമ്പോള്‍ അതിനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. അതുപോലെ തന്നെ എല്ലാവരും വീടുകളില്‍ വിളക്ക് കൊളുത്തണമെന്നൊക്കെ പറയുന്നത് ജനാധിപത്യപരമാണെന്ന് എനിക്ക് തോന്നുന്നില്ല. അത് വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്. സഭ്യമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ്. അതില്‍ ഒരു തെറ്റും കാണുന്നില്ല. മറിച്ച് സഭ്യമല്ലാത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളെ നമ്മള്‍ തള്ളിക്കളയുകയും വേണം.

കെ.എസ് ചിത്രയെ വിമര്‍ശിച്ചതിന്റെ പേരില്‍ എനിക്ക് നേരെ ഉണ്ടാകുന്ന ആക്രമണം എന്ന് പറയുന്നത് ഭീകരമാണ്. ഈ സമയം പോലും എനിക്കും എന്റെ കുടുംബത്തിനും എതിരെ വളരെ അറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനെയൊക്കെ അവഗണനയോടെ തള്ളിക്കളയുന്നു.

സഭ്യമല്ലാത്ത രീതിയിലുള്ള സൈബര്‍ അറ്റാക്ക് അതിനി ആര്‍ക്ക് നേരെ ഉണ്ടായാലും അതിനെ തള്ളിക്കളയണം.

പിന്നെ ചാനലുകള്‍ വഴിയൊക്കെ നടക്കുന്ന ക്യാമ്പയിനുകള്‍. ചില അജണ്ടകള്‍ ഉള്ളില്‍വെച്ച് സംസാരിക്കുന്നവര്‍ തന്നെയാണ് ഇവര്‍. പല മാധ്യമങ്ങളും സംഘപരിവാറിന്റെ കുഴലൂത്തുകാരാണെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ ചിത്രയെ പോലെ ഒരാള്‍ ഇങ്ങനെ ഒരു കാര്യം പറയുമ്പോള്‍, അത് വിമര്‍ശിക്കപ്പെടുമ്പോള്‍ എന്തിനാണ് അതിനെ വൈറ്റ് വാഷ് ചെയ്യാന്‍ വേണ്ടി ശ്രമിക്കുന്നത്.

ആര്‍.എസ്.എസ് പോലുള്ള എക്‌സ്ട്രീം റൈറ്റ് വിങ് ഗ്രൂപ്പുകള്‍ക്ക് ഇതേ പറ്റൂ. അവരെ കൊണ്ട് ഇതേ സാധിക്കുള്ളൂ. ഇത്തരത്തില്‍ ചീത്ത വിളിക്കാനും മോബ് ലിഞ്ച് ചെയ്യാനുമൊക്കെയെ ഇവരെകൊണ്ട് പറ്റുകയുള്ളൂ. അല്ലാതെ ഒരു ആശയ സംവാദമൊന്നും നടത്താന്‍ ഇവര്‍ക്ക് പറ്റില്ല. ഫേക്ക് ഐഡികളില്‍ സൈബര്‍ സ്‌പേസുകളില്‍ വന്നും അല്ലാതെയും വന്ന് മോശം കമന്റുകള്‍ ഇടാനും വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനുമേ ഇവര്‍ക്ക് സാധിക്കുള്ളൂ.

ആര്യ. പി : ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ അഴിച്ചുവീഴാനുണ്ടെന്നും പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറന്നെന്നും സൂരജ് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ എല്ലാവരും വിളക്ക് കത്തിക്കണമെന്ന ചിത്രയുടെ നിലപാടിനെ പരസ്യമായി തന്നെ വിമര്‍ശിക്കണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്?

സൂരജ് സന്തോഷ് : ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുള്ള മതേതരത്തിലും ജനാധിപത്യത്തിലും സാഹോദര്യത്തിലുമൊക്കെ വിശ്വാസമുള്ള ഏതൊരു വ്യക്തിയും വിമര്‍ശിക്കേണ്ട കാര്യമാണ് ചിത്ര പറഞ്ഞത്. അത് ഞാന്‍ മാത്രമല്ല. ഈ മൂല്യങ്ങളില്‍ എല്ലാം വിശ്വസിക്കുന്നവര്‍ ചെയ്യേണ്ട കാര്യമാണ്.

ഞാനും ഇന്ത്യയിലെ ഒരു പൗരനാണ്. ഞാന്‍ ആ അവകാശം വിനിയോഗിച്ചു എന്ന് മാത്രമേയുള്ളൂ.

1992 ന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ എന്താണെന്ന് ഞാന്‍ പറഞ്ഞിട്ട് വേണ്ട നമ്മളില്‍ പലര്‍ക്കും അറിയാന്‍. ചിത്രം വ്യക്തമാണ്. പിന്നെ ചിലര്‍ സൗകര്യപൂര്‍വം ഇതിനെയൊക്കെ വിമര്‍ശിക്കാതിരിക്കുന്നത് അവരുടെ കംഫര്‍ട്ട് സോണുകൊണ്ടാണ്. അവര്‍ പ്രിവിലേജ്ഡ് ആണ്. അവര്‍ക്ക് അതിന്റെ ആവശ്യമില്ല. ഇതിനെതിരെയൊന്നും ഒന്നും ചെയ്യേണ്ടതില്ല എന്ന് ആറ്റിറ്റിയൂഡുള്ളവരാണ് ഇതിനെ വിമര്‍ശിക്കാതിരിക്കുന്നത്. അല്ലാത്തവരെല്ലാം, മാനവികത വിശ്വസിക്കുന്ന എല്ലാവരും ഇതിനെ തള്ളിക്കളയും.

ആര്യ. പി : രാമക്ഷേത്രം തുറക്കുന്ന വേളയില്‍ വീട്ടില്‍ വിളക്ക് കത്തിക്കണമെന്ന് ചിത്ര പറയുന്നതിനെ എന്തിന് വിമര്‍ശിക്കണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്രം നിര്‍മിച്ചതെന്നും അതില്‍ വിമര്‍ശനം ഉയരേണ്ട കാര്യമെന്താണെന്നുമുള്ള സംഘപരിവാര്‍ ചോദ്യങ്ങളെ എങ്ങനെ കാണുന്നു?

സൂരജ് സന്തോഷ് : ഇവര്‍ സുപ്രീം കോടതി വിധിയെ കുറിച്ച് പറയുന്നുണ്ടല്ലോ. ഇതിന് മുന്‍പും സുപ്രീം കോടതിയുടെ നിരവധി വിധികള്‍ വന്നിട്ടുണ്ട്. അപ്പോള്‍ ആരായിരുന്നു അസിഹ്ഷ്ണുക്കള്‍. ആ വിധി പ്രകാരമായിരുന്നോ ഇവിടെ കാര്യങ്ങള്‍ നടന്നിരുന്നത് എന്ന് ഈ പറയുന്നവര്‍ ആലോചിച്ചാല്‍ നല്ലതാണ്.

ചിത്രയ്ക്ക് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ എല്ലാവരും വീടുകളില്‍ വിളക്ക് കത്തിക്കണമെന്നൊക്ക പറയുന്നത് പ്രോബ്ലമാറ്റിക്കാണ്. അത് പറയാന്‍ പാടില്ല. പിന്നെ ഇത് വിശ്വാസത്തിനെതിരായ ആക്രമണം അല്ല. ഇതിനെ സംഘപരിവാര്‍ അങ്ങനെ ആക്കിത്തീര്‍ക്കുന്നതാണ്. അങ്ങനെ ആക്കിത്തീര്‍ത്ത് കലാപങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ സ്ഥിരംപരിപാടി.

ഇത് ആത്മീയതുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ഇത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണ്.

ആത്മീയതയുമായി ബന്ധപ്പെട്ടാണെങ്കില്‍ ചിത്രയുടെ എത്രയോ ഭക്തിഗാനങ്ങള്‍ നമ്മളൊക്കെ കേട്ടിട്ടുണ്ട്. അപ്പോള്‍ ആരെങ്കിലും വിമര്‍ശിച്ചോ. ഇല്ലല്ലോ. ചിത്രയ്ക്ക് അവരുടേതായ വിശ്വാസങ്ങള്‍ ആചരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതിന് ഇവിടെ ആരും എതിരല്ല. പക്ഷേ രാമക്ഷേത്രം പോലുള്ള ഒരു പൊളിറ്റിക്കല്‍ വിഷയത്തില്‍ കമന്റ് പറയുമ്പോള്‍ അതിനെ വിമര്‍ശിക്കും. കാരണം പള്ളി പൊളിച്ചാണ് അമ്പലം പണിതത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ആര്യ. പി : കഴിഞ്ഞ 44 വര്‍ഷമായി ചിത്ര പാടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വായനയോ എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ അവര്‍ക്കില്ലെന്നും ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് അവര്‍ക്ക് ഈ വിഷയത്തിലുള്ളതെന്നുമാണ് ജി. വേണുഗോപാല്‍ പറഞ്ഞത്. ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേയെന്നും വേണുഗോപാല്‍ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിനെ എങ്ങനെയാണ് കാണുന്നത്?

സൂരജ് സന്തോഷ് : ജി. വേണുഗോപാലിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. പക്ഷേ ഇത് നിഷ്‌ക്കളങ്കതയുടെ പുറത്താണ് പറയുന്നതെന്നും എല്ലാം നിഷ്‌ക്കളങ്കമാണെന്നും നമ്മള്‍ ധരിക്കേണ്ടതില്ല. അത് അങ്ങനെ അല്ല താനും. മാത്രമല്ല. ശരിക്കും അധിക്ഷേപം എന്ന് പറയുന്നത് കഴിഞ്ഞ 44 വര്‍ഷമായിട്ട് ചിത്ര പാടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അവര്‍ക്ക് ഒരു സാമൂഹ്യബോധവുമില്ല എന്ന് പറയുന്നതാണ്. അതാണ് അധിക്ഷേപം അല്ലാതെ ഈ വിമര്‍ശനങ്ങളല്ല.

ആര്യ. പി : സൂരജിന്റെ രാഷ്ട്രീയം എന്താണ്. രാഷ്ട്രീയമില്ലെന്ന് പറയുന്ന കലാകാരന്മാരെ കുറിച്ച് എന്താണ് പറയാനുള്ളത്. കലാകാരന്മാര്‍ രാഷ്ട്രീയം സംസാരിക്കണമെന്ന് സൂരജ് കരുതുന്നുണ്ടോ?

സൂരജ് സന്തോഷ് : കല എന്ന് പറയുന്നത്, അതിന്റെ ഉദ്ദേശം എന്ന് പറയുന്നത് നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തോട് നീതി പുലര്‍ത്തുക എന്നതാണ്. അതാണ് ആത്യന്തികമായ കല. എനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നവര്‍ കണ്‍ഫ്യൂസ്ഡ് ആണ്. അവര്‍ അതിനെ പറ്റി മനസിലാക്കാന്‍ പോലും ശ്രമിക്കുന്നില്ല. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചേര്‍ന്നാല്‍ മാതമേ രാഷ്ട്രീയമുണ്ടാകൂ എന്നുള്ള ഒരു തെറ്റിദ്ധാരണ ഇവര്‍ക്കുണ്ട്.

രാഷ്ട്രീയം എന്ന് പറയുന്നത് ഒരാളുടെ അഭിപ്രായമാണ്. നിലപാടുകളാണ്. അതാണ് രാഷ്ട്രീയം. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. അഭിപ്രായമില്ലാത്തവരോ നിലപാടില്ലാത്തവരോ അല്ല ആരും. ജീവിതത്തില്‍ നമ്മുടെ ഏറ്റവും ചെറിയ കാര്യമായാല്‍ പോലും നമ്മള്‍ ചോയ്‌സെടുക്കില്ലേ, അത് തന്നെ ഒരു രാഷ്ട്രീയമാണ്. രാഷ്ട്രീയം ഇല്ല എന്നൊക്കെ പറയുന്നത് അവരൊക്കെ ലീസ്റ്റ് എഫക്ടഡായ ആളുകള്‍ ആയതുകൊണ്ട് കൂടിയാണ്. അവരെയൊന്നും ഒന്നും ബാധിക്കില്ല. ബാധിക്കപ്പെടുന്നവരുടെ കാര്യം അവര്‍ക്ക് അറിയുകയും വേണ്ട. സേഫ് സോണില്‍ ഇരുന്ന് എനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നത് തന്നെ ഒരുതരം അശ്ലീലമാണ്.

ആര്യ. പി : പി.എഫ്.ഐയുടെ ചാരനാണെന്നും ജനം ടി.വിയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി പരിപാടി കാന്‍സല്‍ ചെയ്തു എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ താങ്കള്‍ക്കെതിരെ ഉയര്‍ത്തുന്നുണ്ട്. അത്തരം വാര്‍ത്തകളേയും പ്രചരണങ്ങളേയും എങ്ങനെ കാണുന്നു?

സൂരജ് സന്തോഷ് : എനിക്കെതിരെ ഇഷ്ടം പോലെ വ്യാജ വാര്‍ത്തകള്‍ ഇവര്‍ പ്രചരിപ്പിപ്പിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഞാന്‍ പി.എഫ്.ഐ ചാരനാണ് എന്നത്. ഞാന്‍ ജനം ടി.വിയില്‍ നിന്ന് കാശ് വാങ്ങി എന്നതാണ് മറ്റൊരു പ്രചരണം. അതൊന്നും സത്യമല്ല. ഞാന്‍ ജനം ടിവി നടത്തിയ ഒരു പരിപാടിയിലും ഇതുവരെ പങ്കെടുത്തിട്ടില്ല. ഇനി പങ്കെടുക്കുകയും ഇല്ല. അവരോട് പൈസയും മേടിച്ചിട്ടില്ല. ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുക എന്നത് ഇവരുടെ ലക്ഷ്യമാണ്. ആളുകളെ താറടിച്ചു കാണിക്കുക. ഇവര്‍ക്കെതിരെ നീതി യുക്തമായി സംസാരിക്കുന്ന ആളുകളേയും ശബ്ദങ്ങളേയും ഇല്ലാതാക്കാനും അവരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാനും അവര്‍ ശ്രമനിച്ചുകൊണ്ടേയിരിക്കും.

ആര്യ. പി : പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ശോഭനയെ പോലുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. മോഹന്‍ലാല്‍, ദിലീപ്, കാവ്യ, മണിയന്‍പിള്ള രാജു, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അയോധ്യയിലെ അക്ഷതം സ്വീകരിക്കുന്നു. പ്രതിഷ്ഠാ ചടങ്ങിന് പിന്തുണ നല്‍കുന്നു. എന്ത് തോന്നുന്നു?

തൃശൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നടി ശോഭന

സൂരജ് സന്തോഷ് :  ദൗര്‍ഭാഗ്യകരം എന്ന് മാത്രമേ പറയാനുള്ളൂ. ശോഭനെയപ്പോലുള്ള ഒരു വ്യക്തിയൊക്കെ ബി.ജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് ഇന്ത്യയുടെ സ്ത്രീകള്‍ സുരക്ഷിതരാണ് എന്ന് പറയുകയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. കണക്കുകള്‍ വെച്ച് നമുക്ക് പരിശോധിക്കാമല്ലോ, എന്താണ് ഇതിന്റെയൊക്കെ അവസ്ഥ എന്ന്.

ഈ നാട്ടില്‍ എല്ലാത്തിനും കണക്കുകള്‍ ഉണ്ടല്ലോ. ഇതൊക്കെ അവരുടെ അരാഷ്ട്രീയതയാണ് തുറന്ന് കാണിക്കുന്നത്. പിന്നെ ഇവരൊന്നും തന്നെ ബാധിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല. ഇന്ത്യയില്‍ എന്തൊക്കെ സംഭവിച്ചാലും അവരുടെ പ്രിവിലേജും അവരുടെ സ്റ്റേറ്റസും സോഷ്യല്‍ ക്യാപിറ്റലും വെച്ച് അവര്‍ക്ക് സുരക്ഷിതരായി തുടര്‍ന്നും ജീവിക്കാന്‍ പറ്റും. അപ്പോള്‍ അവര്‍ക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ പറ്റുള്ളൂ. അതുകൊണ്ട് തന്നെ അവര്‍ ഇങ്ങനെയുള്ള പരിപാടികളുടെ ഭാഗമാവുകയും ചെയ്യും.

ആര്യ. പി :  ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യവും ഇഷ്ടമുള്ള പക്ഷത്ത് നില്‍ക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. പക്ഷേ മനുഷ്യഹത്യയും വംശീയോന്‍മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്‍ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍ വിമര്‍ശിച്ചിരുന്നു. ആ നിലപാടിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

സൂരജ് സന്തോഷ് : അവരുടെ പ്രസ്താവനയെ കുറിച്ച് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ അതില്‍ എനിക്ക് മറുപടി പറയാന്‍ പറ്റില്ല.

ആര്യ. പി : തുടക്കാരനായ ഒരു പാട്ടുകാരനാണല്ലോ, ചിത്രയെ പോലുള്ള ഒരു വലിയ ഗായികയെ വിമര്‍ശിക്കുന്നത് കരിയറിനെ ബാധിക്കുമെന്നുള്ള ഭയമുണ്ടോ?

സൂരജ് സന്തോഷ് :  കരിയറിനെ ബാധിക്കുമോ ഇല്ലയോ എന്ന് നോക്കിയിട്ടല്ല ഞാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. പ്രതികരിക്കേണ്ട കാര്യമായി തോന്നിയത് കൊണ്ട് മാത്രമാണ്. കരിയറിനെ ബാധിക്കുമോ ഇല്ലയോ എന്നൊക്കെ നോക്കി പ്രതികരിക്കുന്നത് ശരിയല്ല. മാത്രമല്ല അങ്ങനെയല്ലല്ലോ നമ്മള്‍ പ്രതികരിക്കേണ്ടത്. കരിയറിനെ ബാധിക്കുമോ എന്നറിയില്ല. എഫക്ട് ചെയ്യുകയാണെങ്കില്‍ തന്നെ അത് അപ്പോള്‍ നോക്കാം.

ആര്യ. പി : ആലായാല്‍ തറവേണം, അടുത്തൊരമ്പലം വേണം എന്ന ഗാനം, ‘ആലായാല്‍ തറവേണോ‘ എന്ന് മാറ്റിയെഴുതിയതും പാടിയതും എന്തുകൊണ്ടാണ്?

സൂരജ് സന്തോഷ് : ആലായാല്‍ തറവേണം എന്ന പാട്ട് ഒരുപാട് കാലം പാടിയ ഒരാളാണ് ഞാന്‍. ഈ പാട്ടില്‍ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാക്കാതെ ഞാനും ഒരു കാലത്ത് അത് പാടിയിരുന്നു. പാട്ടിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ സാഹിത്യവും സംഗീതവും ഇഴപിരിഞ്ഞ് കിടക്കുന്ന ഒരു ആര്‍ട്ടാണ്. അതിന് അത്രയും പ്രാധാന്യമുണ്ട്.

ഈ പാട്ടില്‍ തെളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അത്രയും മലീമസമായ കാര്യങ്ങളാണ്. ഇതില്‍ ഇല്ലാത്ത കര്യങ്ങളില്ല. എല്ലാ വൃത്തികേടുകളുമുണ്ട് എന്ന് മനസിലാക്കിയ സാഹചര്യത്തിലും, എന്നെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടുമാണ് ഞാന്‍ ഈ പാട്ട് തിരുത്തിയെഴുതി പാടുന്നത്. അതിന് ശേഷം ഞാന്‍ അതിന്റെ ഒറിജിനല്‍ പാട്ട് പാടിയിട്ടുമില്ല ഇനി പാടാന്‍ ഉദ്ദേശിക്കുന്നുമില്ല.

സൂരജ് സന്തോഷ്

നമ്മുടെ ബോധ്യങ്ങളെ ഉള്‍പ്പെടെ നവീകരിക്കുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതല്‍ ഭംഗിയുള്ളതാകുന്നത്. നമ്മുടെ തിരിച്ചറിവാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്. അങ്ങനയേ മനുഷ്യന്‍ ഇവോള്‍വ് ചെയ്തിട്ടുള്ളൂ. അതിന്റെ ഭാഗമായിട്ടാണ് ആ പാട്ട് അങ്ങനെ മാറ്റി എഴുതുന്നത്. അത് എഴുതി കഴിഞ്ഞപ്പോള്‍ ഇതേ കൂട്ടര്‍ എന്നെ അറ്റാക്ക് ചെയ്തു. കൊല്ലുമെന്ന് പറഞ്ഞു.

സ്റ്റീരിയോ ടൈപ്പുകള്‍ക്കെതിരെയാണ് ആ പാട്ട് സംസാരിക്കുന്നത്. അല്ലാതെ അമ്പലം പൊളിക്കാനും പള്ളി പൊളിക്കാനുമൊന്നും ആ പാട്ടില്‍ ഞാന്‍ പറഞ്ഞിട്ടില്ല. വരികള്‍ക്കിടയിലൂടെ വായിക്കണം. ആര്‍ട് എന്നത് അബ്‌സ്ട്രാക്ട് ആണ്. അത് മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്കും ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്കും ഇതൊക്കെ മതി. അവര്‍ അത് ചെയ്തുകൊണ്ടിരിക്കും.

ആര്യ. പി : സൈബര്‍ ആക്രമണത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ ആലോചിക്കുന്നുണ്ടോ?

സൂരജ് സന്തോഷ് : നിയമവിദഗ്ധനെ കാണുന്നുണ്ട്. അവരുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും.

CONTENT HIGHLIGHTS: Interview with Sooraj Santhosh who criticized the KS CHITHRA regarding the inauguration of Ram Temple

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.