മോഹന്‍ലാല്‍ എന്ന വ്യക്തിയിലുള്ള എന്റെ വിശ്വാസം ശരിയായി; മുകേഷുമായി അന്ന് അമ്മ മീറ്റിംഗില്‍ നടന്നത്; മനസുതുറന്ന് ഷമ്മി തിലകന്‍
Dool Talk
മോഹന്‍ലാല്‍ എന്ന വ്യക്തിയിലുള്ള എന്റെ വിശ്വാസം ശരിയായി; മുകേഷുമായി അന്ന് അമ്മ മീറ്റിംഗില്‍ നടന്നത്; മനസുതുറന്ന് ഷമ്മി തിലകന്‍
അശ്വിന്‍ രാജ്
Friday, 10th August 2018, 11:03 am

താരസംഘടനയായ A.M.M.Aയുടെ പ്രത്യേക എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. സംഘടനയിലെ വനിതാ മെമ്പര്‍മാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരുമായി A.M.M.Aയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. ഇതേ മീറ്റിംഗില്‍ തന്നെയായിരുന്നു. നടന്‍ ഷമ്മിതിലകനേയും അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചത്.

തന്റെ പിതാവും നടനുമായിരുന്ന തിലകനുമായി താരസംഘടനയ്ക്കുണ്ടായിരുന്ന പ്രശ്നങ്ങളില്‍ പരിഹാരം കാണാനും
മരണാനന്തരമെങ്കിലും നടന്‍ തിലകനെതിരെ എടുത്ത നടപടി അമ്മ സംഘടന പിന്‍വലിക്കണം എന്നുമായിരുന്നു ഷമ്മി തിലകന്‍ മുന്നോട്ടുവെച്ചയാവശ്യം.

ജനങ്ങള്‍ ഇത്രയധികം സ്നേഹിക്കുന്ന മഹാനടനെതിരായ നടപടികള്‍ പിന്‍വലിച്ച് മാപ്പുപറയേണ്ടത് അമ്മ എന്ന സംഘടനയുടെ കടമയാണെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തു വന്നത്. നടന്‍ മുകേഷുമായി പ്രശ്നമുണ്ടായെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു.

എന്നാല്‍ സത്യങ്ങള്‍ മറ്റു ചിലതാണ്, A.M.M.Aയുമായി നടന്ന ചര്‍ച്ചയെ കുറിച്ചും അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും ഡൂള്‍ന്യൂസുമായി മനസു തുറക്കുകയാണ് ഷമ്മി തിലകന്‍.

അമ്മയുടെ പ്രത്യേക എക്സിക്യൂട്ടീവ് മീറ്റീംഗ് എല്ലാവരും ഉറ്റു നോക്കിയ ഒന്നാണ്,  താങ്കളുന്നയിച്ച ആവശ്യങ്ങളോട് എങ്ങിനെയാണ് “അമ്മ” പ്രതികരിച്ചത്. ?

ഞാന്‍ ആവശ്യപ്പെട്ടത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അച്ഛന്റെ കാര്യമാണ്. മീറ്റീംഗിന് പോകുന്നതിന് മുമ്പ് തന്നെ പറഞ്ഞതാണ് മോഹന്‍ലാല്‍ എന്ന വ്യക്തി പ്രസിഡന്റായി വരുമ്പോള്‍ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന്. അത് വിശ്വാസമായിരുന്നു ഇപ്പോള്‍ ആത് സത്യമായി എന്ന് വേണം പറയാന്‍. അത്രയെ ഉള്ളു അതിനെ കുറിച്ച് പറയാന്‍.

മോഹന്‍ലാല്‍ എന്ന വ്യക്തിയിലുള്ള ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ് ഞാന്‍ പോയത്. അതിന്റെ തീരുമാനം എന്താണെന്ന് വെളിപ്പെടുത്തുന്നത് ശരിയല്ല. കാരണം നാളെയോ മറ്റന്നാളോ അമ്മ ഔദ്യോഗികമായി ഒരു പ്രസ് മീറ്റിംഗ് വിളിക്കുന്നുണ്ട്. അതിന് മുമ്പ് തീരുമാനം വെളിപ്പെടുത്തുന്നത് ശരിയല്ല. ഒരു കാര്യം മാത്രം പറയാം. മോഹന്‍ലാല്‍ എന്ന വ്യക്തിയില്‍ നേരത്തെ എനിക്ക് ശുഭാപ്തി വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ആ വിശ്വാസം സത്യമായി.

ഷമ്മി അമ്മയില്‍ പരാതി നല്‍കിയിരുന്നു എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍. ഇത് എത്രത്തോളം സത്യമാണ് ?

ഈ പറയുന്ന ദിലീപിന്റെ വിഷയവും എല്ലാം വരുന്നതിന് മുമ്പ് തന്നെ ഈ ഒരു ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇതുവരെ എഴുതി ഒരു പരാതി ഞാന്‍ നല്‍കിയിട്ടില്ല. ഇത് യഥാര്‍ത്ഥത്തില്‍ എന്റെ ആവശ്യമല്ല. ഞങ്ങളുടെ ആവശ്യമാണ്. കാരണം അമ്മ എന്ന സംഘടന ഞാന്‍ അടക്കമുള്ള താരങ്ങളുടെ സംഘടനക്കാണ് തെറ്റ് പറ്റിയത്. ആ തെറ്റ് നമ്മളാണ് തിരുത്തുന്നത്.

പത്രങ്ങളില്‍ വരുന്നുണ്ട് ഞാന്‍ എഴുതി നല്‍കിയെന്ന്. ഞാന്‍ എന്തിനാണ് പരാതി നല്‍കുന്നത്. തെറ്റ് പറ്റിയത് ഞാന്‍ അടക്കമുള്ള സംഘടനയ്ക്കാണ്. അപ്പോള്‍ തെറ്റ് തിരുത്തുന്നതും ഞാന്‍ അടക്കമുള്ളയാളുകളാണ്. അപ്പോള്‍ ഒരു പരാതി നല്‍കാന്‍ ഞാന്‍ ആരാണ്.

മീറ്റീംഗിനിടക്ക് നടനും എം.എല്‍.എയുമായ മുകേഷുമായി പ്രശ്നങ്ങള്‍ ഉണ്ടായെന്നും താങ്കളെ അപമാനിച്ചെന്നും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അച്ഛനെയും ഷമ്മിയെയും കളിയാക്കി എന്ന തരത്തിലടക്കം, സത്യത്തില്‍ എന്താണ് ആ മീറ്റിംഗില്‍ സംഭവിച്ചത്. ?

അച്ഛനെ കളിയാക്കി എന്നെല്ലാം പറഞ്ഞ ആ വാര്‍ത്ത ശരിയല്ല, വളരെ വ്യക്തിപരമായി ഉള്ള കാര്യത്തിലാണ് മുകേഷുമായി ഒരു സംസാരം നടന്നത്. മുമ്പ് വിനയനുമായി ഉണ്ടായിരുന്ന ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള കാര്യത്തിലാണ് മുകേഷുമായി സംസാരമുണ്ടായത്. അല്ലാതെ അച്ഛനുമായുള്ള വിഷയത്തിലല്ല. അതുമായി ബന്ധപ്പെട്ട് ആ പത്രത്തില്‍ വന്ന വാര്‍ത്ത ശരിയല്ല എന്ന് വേണം പറയാന്‍.

വിനയനുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഞാന്‍ സാക്ഷിയായിരുന്നു. അത് ഞാന്‍ പറഞ്ഞതുമാണ്. ആ കേസുമായി ബന്ധപ്പെട്ട് വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രശ്നമുണ്ടാകും എന്ന് പുള്ളി പറഞ്ഞ കാര്യം ഞാന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് അത് ഓര്‍മ്മ വന്നില്ല.

ആ കാര്യത്തില്‍ ഞാന്‍ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടുള്ളയാളാണ്, ഒരു കോടതിയില്‍ നമ്മളൊരു   സ്റ്റേറ്റ്മെന്റ് കൊടുക്കുമ്പോള്‍ തെറ്റായ സ്റ്റേറ്റ്മെന്റ് കൊടുക്കാന്‍ പാടില്ലെല്ലോ. അത് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ആ സ്റ്റേറ്റ്മെന്റ് അവിടെ ഞാന്‍ സൂചിപ്പിച്ചപ്പോള്‍ പുള്ളി അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് ആ കാര്യത്തില്‍ ക്ലാരിറ്റി വരുത്തി. പുള്ളിക്ക് അത് ബേധ്യമായി. അത് കഴിഞ്ഞ് പുള്ളി പറയുകയുമുണ്ടായി ഡാ സോറി എന്ന്. അത് അവിടെ തീരേണ്ടതായിരുന്നു. പിന്നെ ആരാണ് കുത്തിപൊക്കിയതെന്ന് എനിക്ക് അറിയില്ല.

അച്ഛനെ മുകേഷ് കളിയാക്കി എന്നൊക്കെ പറയുന്നുണ്ട്. അങ്ങിനെ യാതൊന്നും നടന്നിട്ടില്ല. കള്ളത്തരം പറയാന്‍ പാടില്ലല്ലോ. അതൊക്കെ തെറ്റായ കാര്യമാണ്. അങ്ങിനെയൊന്നും പാടില്ല. അത് തെറ്റായ കാര്യങ്ങള്‍ തന്നെയാണ്. അവര് പറയുന്ന രീതിയില്‍ ഞങ്ങള്‍ തമ്മില്‍ വഴക്ക് ഒന്നും നടന്നിട്ടില്ല.

മറ്റൊന്ന് ജയിപ്പിച്ചുവിട്ടതിന് സി.പി.ഐ.എമ്മിനെ പറഞ്ഞാല്‍മതി എന്നൊക്കെ ഞാന്‍ പറഞ്ഞു എന്നാണ്. ശുദ്ധ നുണയാണ് അത്. അങ്ങിനെയൊന്നും ഞാന്‍ പറഞ്ഞിട്ടേയില്ല. പൂര്‍ണമായും ക്യാമറ റെക്കോര്‍ഡ് ആയിട്ടുള്ള കാര്യമാണത്. മുകേഷിനെ ഞാന്‍ വളരയധികം ബഹുമാനിക്കുന്നുണ്ട്. ഞാന്‍ പറയാത്ത കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. അത് എന്തിനാണ് എന്ന് എനിക്ക് അറിയില്ല. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയാം, മുകേഷിനറിയാം അവിടെ കൂടി നിന്നവര്‍ക്കറിയാം.

മറ്റൊന്ന് ചര്‍ച്ച കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് ഞാന്‍ പുറത്തിറങ്ങിയത്. അതും എല്ലാവരും കണ്ടതാണ്. എല്ലാവരെയും പറയുന്നില്ല എന്നാലും ഒന്നു രണ്ട് പേര്‍ ഇത്തരത്തിലുണ്ട്. ഇങ്ങനെയൊക്കെ എഴുതിയിട്ട് എന്താണ് കിട്ടുന്നത്. നുണ എന്തിനാണ് പറയുന്നത്.

അച്ഛനെ പിടിച്ച് ഞാന്‍ സത്യം ചെയ്യുകയാണ്, ഈ പറയുന്ന രീതിയില്‍ ഒരു വഴക്കും അവിടെ നടന്നിട്ടില്ല. ചെറിയ ചില തര്‍ക്കം ഉണ്ടായിട്ടുണ്ട്. അത് അപ്പോള്‍ തന്നെ അവസാനിക്കുകയും ചെയ്തു. പിന്നെ ഇതൊക്കെ ആര് പറഞ്ഞുണ്ടാക്കിയതാണെന്ന് എനിക്ക് അറിയില്ല.

മുമ്പ് ഒരിടത്ത് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. ചില തുറന്നെഴുത്തുകള്‍ ഉണ്ടാവുമെന്ന്. അത്തരത്തില്‍ ഒരു എഴുത്ത് ഉടനെ പ്രതീക്ഷിക്കാമോ ?

അങ്ങിനെ ഒരു എഴുത്തിലാണ് ഞാന്‍. പൂര്‍ണ്ണമായും അച്ഛനുമായി റിലേറ്റഡാണ്. അത് ഷമ്മിതിലകന്‍ എന്ന മകനല്ല ഷമ്മി എന്ന നടന്‍ എങ്ങിനെയുണ്ടായി എന്നതും കൂടിയാണ്. പിന്നെ അത് ഒരു കഥയായാലും നോവലായാലും ആത്മകഥയായാലും എല്ലാം അച്ഛനുമായി ബന്ധപ്പെട്ട ഒന്നായിരിക്കും. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അച്ഛന്റെ ആത്മകഥ. പക്ഷേ അത് എഴുതാന്‍ പറ്റിയില്ല, ഒരു പക്ഷേ അതുകൊണ്ട് ഞങ്ങള്‍ മക്കള്‍ക്ക് ഒരു നഷ്ടവുമുണ്ടായിട്ടുണ്ടാവില്ല. ചിലപ്പോള്‍ സാമ്പത്തികമായി നഷ്ടവുമുണ്ടായേക്കാം. പക്ഷേ മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അച്ഛന്‍ എല്ലാം നല്‍കിയിട്ടുണ്ട്. അത് അറിവായാലും സ്വത്തായാലും എല്ലാം.

യഥാര്‍ത്ഥത്തില്‍ വലിയ നഷ്ടമുണ്ടായത് നമ്മുടെ പുതു തലമുറയ്ക്കാണ്. അവര്‍ക്കൂം കൂടി വേണ്ടി ഒരു എഴുത്ത് പ്രതീക്ഷിക്കാം..

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.