ഇനി രജിനിസാറിനെ കാണുമ്പോള്‍ ചോദിക്കും, ആരായിരുന്നു ജയിലറിലെ വില്ലനെന്ന് ; നടി മിര്‍ണ സംസാരിക്കുന്നു
Dool Talk
ഇനി രജിനിസാറിനെ കാണുമ്പോള്‍ ചോദിക്കും, ആരായിരുന്നു ജയിലറിലെ വില്ലനെന്ന് ; നടി മിര്‍ണ സംസാരിക്കുന്നു
അമൃത ടി. സുരേഷ്
Wednesday, 9th August 2023, 12:52 pm
ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ രജനിസാര്‍ ഒരു കാര്യം പറഞ്ഞിരുന്നു, രമ്യാ കൃഷ്ണന് ഒരു ചെറിയ ഷോട്ട് ശരിയാകാന്‍ 12 ടേക്ക് വരെ പോയതിനെ കുറിച്ചായിരുന്നു അത്. അതിപ്പോള്‍ രജിനിസാര്‍ ആയാലും ഞാന്‍ ആയാലുമൊക്കെ എക്‌സ്പീരിയന്‍സ് ഒന്നും നെല്‍സന്റെ മുന്‍പില്‍ വിഷയമല്ല. അദ്ദേഹം എന്താണോ ഉദ്ദേശിച്ചത്. അത് കിട്ടിയിരിക്കണം. അതുവരെ ടേക്ക് പോകും.

നെല്‍സന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായെത്തുന്ന ജയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രജിനി ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം തന്നെ വൈറലാണ്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായുള്ള നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും രജിനികാന്തിനൊപ്പം ജയിലറില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

മോഹന്‍ലാലിന് പുറമെ നടന്‍ വിനായകനും മലയാളിയായ നടി മിര്‍ണയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മിര്‍ണയുടെ കരിയറിലെ സുപ്രധാന വേഷമാണ് ജയിലറിലേത്. ജയിലറിന്റെ ഭാഗമായതിനെ കുറിച്ചും രജനീകാന്തിനൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഡൂള്‍ന്യൂസ് എന്റര്‍ടൈന്‍മെന്റ് എഡിറ്റര്‍ അമൃത ടി. സുരേഷിന് നല്‍കിയ അഭിമുഖത്തില്‍ മിര്‍ണ.

ആരാധകരുടെ വലിയ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജയിലര്‍ തിയേറ്ററുകളില്‍ എത്തുകയാണ്. മലയാളികളെ സംബന്ധിച്ചും സിനിമ ഏറെ പ്രധാനപ്പെട്ടതാണ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും വിനായകനുമൊക്കെ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മിര്‍ണയും ജയിലറില്‍ ഒരു മികച്ച വേഷത്തില്‍ എത്തിയിരിക്കുന്നു. ജയിലറിന്റെ കാര്യത്തില്‍ എത്രത്തോളം എക്സൈറ്റഡാണ്?

വളരെ എക്സൈറ്റഡാണ്. സിനിമ സ്‌ക്രീനില്‍ വരാന്‍ ഇനി രണ്ട് ദിവസം കൂടിയേ ഉള്ളൂ. ഇത്രയും വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിയുക എന്നത് ഏതൊരു ആര്‍ടിസ്റ്റിനെ സംബന്ധിച്ചും വലിയ ഭാഗ്യമാണ്. മാത്രമല്ല നമ്മുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റുന്നു എന്നത് ഭയങ്കര ബ്ലെസ്ഡ് ആയിട്ടുള്ളൊരു കാര്യമാണ്.

എങ്ങനെയാണ് മിര്‍ണ ജയിലറിലേക്ക് എത്തുന്നത്?

നെല്‍സണ്‍ സാര്‍ വഴി തന്നെയാണ് സിനിമയിലേക്ക് എത്തുന്നത്. അദ്ദേഹം എന്നെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ജയിലറിലെ എന്റെ ക്യാരക്ടറിന്റെ ബേസിക് ലൈനും കഥയുമൊക്കെ അദ്ദേഹം പറഞ്ഞു തന്നു. ക്യാരക്ടര്‍ ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. തീര്‍ച്ചയായും എന്നായിരുന്നു എന്റെ മറുപടി. ഇത്രയും നല്ല സിനിമയും ഇത്രയും നല്ല കഥാപാത്രവും കിട്ടുന്നത് തന്നെ ഭാഗ്യമാണ്. അതിനപ്പുറമൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്.

സിനിമയിലെത്തിയിട്ട് നാല് വര്‍ഷം പിന്നിട്ടിരിക്കുന്നു. 2020 ല്‍ മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറിലൂടെയായിരുന്നല്ലോ സിനിമ അരങ്ങേറ്റം. ഇക്കാലയളവിനുള്ളില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞു. ഇതില്‍ ഏതെങ്കിലും സിനിമയിലെ കഥാപാത്രം കണ്ട് ഇംപ്രസ്ഡ് ആയിട്ടാണോ നെല്‍സണ്‍ ജയിലറിലേക്ക് വിളിക്കുന്നത്?

സിനിമയില്‍ എത്തി നാല് വര്‍ഷമായെങ്കിലും ഇതില്‍ രണ്ട് വര്‍ഷം ലോക്ക് ഡൗണായിരുന്നല്ലോ. പിന്നെ ഞാന്‍ തമിഴില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. പരുത്തിവീരന്‍ സംവിധാനം ചെയ്ത അമീര്‍ സാറിന്റെ സിനിമയിലൂടെയാണ് ഞാന്‍ തമിഴില്‍ തുടക്കം കുറിക്കുന്നത്. നെല്‍സണ്‍ സാറിനെ ബീസ്റ്റിന്റെ സമയത്തേ എനിക്കറിയാം. ഞാന്‍ അദ്ദേഹത്തെ മീറ്റ് ചെയ്തിട്ടുണ്ട്. പിന്നെ കറക്ട് ടൈമില്‍ ഇതെല്ലാം കൂടി വര്‍ക്കായി എന്നേ പറയാന്‍ പറ്റൂ. എന്റെ പേര് അവിടെ റഫര്‍ ചെയ്തു. ഈ ക്യാരക്ടറിന് എന്തോ ഞാന്‍ ആപ്ട് ആയി. കഥാപാത്രത്തിനായി അവര്‍ ആളുകളെ നോക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ നിരവധി ആര്‍ടിസ്റ്റുകളെ നോക്കിയിരുന്നു.

ജയിലറിലെ കഥാപാത്രത്തെ കുറിച്ച് പറയാമോ?

ശ്വേത എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥയുടെ ഫ്‌ളേവര്‍ നോക്കുകയാണെങ്കില്‍, ഡയരക്ടര്‍ നെല്‍സണ്‍ സാറുടെ മേജര്‍ സ്ട്രങ്ത് എന്ന് പറയുന്നത് ഫാമിലി സെന്റിമെന്റും ഡാര്‍ക്ക് കോമഡിയുമാണ്. ഇത് രണ്ടും കൂടി ബ്ലെന്‍ഡ് ചെയ്തുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത് കൂടുതലും. ഡോക്ടര്‍, കൊലമാവ് കോകില തുടങ്ങിയ സിനിമകളൊക്കെ നോക്കിയാല്‍ നമുക്കത് മനസിലാകും. ആ ഒരു ഫ്ളേവറില്‍ രജനിസാറിനെ പോലൊരു സ്റ്റാറിന്റെ മാസ്സും സ്റ്റൈലും പെര്‍ഫോമന്‍സും ഒക്കെ ജയിലറില്‍ നമുക്ക് കാണാം. ഇതില്‍ ഫാമിലി ഇമോഷന്‍സിനെ ബാക്ക് അപ്പ് ചെയ്യുന്ന ക്യാരക്ടറാണ് എന്റേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍.

രജിനീകാന്തിനെപ്പോലൊരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കൊരു എക്സൈറ്റ്മെന്റ് ഉണ്ടാകും. മാത്രമല്ല നെല്‍സന്റെ പഴയ സിനിമകള്‍ എടുത്തുനോക്കിയാല്‍, ബീസ്റ്റ് ആണെങ്കിലും ഡോക്ടര്‍ ആണെങ്കിലും ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള നായകന്‍മാരെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. നായകന് ചുറ്റുമുള്ളവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സ്പേസും ഉണ്ടായിരക്കും. അതുപോലെ തന്നെയാണോ രജനീകാന്തിന്റെ ജയിലറിലെ കഥാപാത്രവും, ഒരു ഫാമിലിമാനാണോ അദ്ദേഹം, കഥാപാത്രത്തെ പറ്റി പറയാമോ?

അങ്ങനെ പറയാന്‍ പറ്റില്ല. കഥാപാത്രത്തെ കുറിച്ച് പറഞ്ഞാല്‍ അത് സ്പോയിലര്‍ ആവും. കഥാപാത്രത്തിന് ഒരുപാട് ഫ്‌ളേവേഴ്സുകള്‍ ഉണ്ട്. ഇപ്പോള്‍ ഷോക്കേസില്‍ (ട്രെയിലര്‍) വന്നിട്ടുള്ള പോര്‍ഷന്‍സ് നോക്കിയാല്‍ ഒരു ആര്‍ടിസ്റ്റിന്റെ വ്യത്യസ്തമായ പെര്‍ഫോമന്‍സ് കാണാം. പൊലീസുകാരനായിട്ട് കാണാം. അച്ഛനായിട്ട് കാണാം. ഗ്രാന്‍ഡ് ഫാദറായിട്ട് കാണാം. അല്ലെങ്കില്‍ സൂപ്പര്‍ഹീറോയായി, അത്തരത്തില്‍ എല്ലാ ഫ്ളേവേഴ്സും ഈ സിനിമയില്‍ വരുന്നുണ്ട്. അതില്‍ എനിക്ക് തോന്നുന്നു ഇതില്‍ ഔട്ട് ആന്‍ഡ് ഔട്ട് തലൈവരുടെ ഒരു സ്പെഷ്യല്‍ ഫ്ളേവര്‍ ഫിലിം ആയിരിക്കും.

രജിനീകാന്തിന്റെ കഥാപാത്രവുമായി അടുത്തുനില്‍ക്കുന്ന ഒരു കഥാപാത്രമാണല്ലോ മിര്‍ണയുടേത്. രജിനീകാന്തിനൊപ്പമുള്ള എക്സ്പീരിയന്‍സ് എങ്ങനെയായിരുന്നു?

ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. സാര്‍ ഭയങ്കര സിംപിളായിട്ടുള്ള ആളാണ്. ഭയങ്കര ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള, ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും ഒരുപാട് കാര്യങ്ങളെ കുറിച്ച് കേള്‍ക്കാനുമൊക്കെ ആഗ്രഹവും താത്പര്യവുമുള്ള ആളാണ്. ഞങ്ങളുടെ എപ്പോഴത്തേയും ഡിസ്‌കഷന്‍ സിനിമയെ കുറിച്ചായിരിക്കും.

നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകളെ കുറിച്ചും അല്ലെങ്കില്‍ തിയേറ്ററില്‍ റിലീസായ സിനിമകളെ കുറിച്ചുമൊക്കെയായിരിക്കും പ്രധാനമായും ഡിസ്‌കഷന്‍. ഫുഡ്, ട്രാവല്‍, ലൈഫ് സ്‌റ്റൈല്‍ അങ്ങനെ ഓരോ ദിവസവും ഓരോ കണ്ടന്റ് ഉണ്ടാകും അവിടെ സംസാരിക്കാന്‍. നമുക്ക് ഏതാണ്ട് ഒരു വര്‍ഷത്തെ ഷൂട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഈ ഓഗസ്റ്റ് വരെ. അതില്‍ ഏതാണ്ട് എട്ട് മാസം ജയിലറിന്റെ ഷൂട്ട് തന്നെ ഉണ്ടായിരുന്നു. അതില്‍ ഒരു 40-45 ദിവസം സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും അറിയാനുമൊക്കെയായി.

നെല്‍സണ്‍ എന്ന ഡയരക്ടറെ കുറിച്ച് എന്താണ് പറയാനുള്ളത്. അഭിമുഖങ്ങളിലൊക്കെ വളരെ ജോളിയായിട്ടുള്ള ആളാണ് അദ്ദേഹം. നെല്‍സണ്‍ എന്ന സംവിധായകന്‍ എങ്ങനെയാണ്?

നെല്‍സണ്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള ഡയരക്ടര്‍ ആണെന്ന് പറയേണ്ടി വരും. വര്‍ക്കിന്റെ കാര്യത്തില്‍ അദ്ദേഹം കര്‍ക്കശക്കാരനാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ നോക്കിയാല്‍ നമുക്കറിയാം. ആ കഥാപാത്രത്തിന് എന്തെങ്കിലും ഒരു സ്പെഷ്യാലിറ്റി ഉണ്ടാകും. റെഗുലര്‍ ആര്‍ടിസ്റ്റുകളെയൊന്നും വെച്ചല്ല അദ്ദേഹം പല സിനിമകളും ഷൂട്ട് ചെയ്യുക.

കഥാപാത്രത്തിന് വേണ്ടി ആര്‍ടിസ്റ്റുകളില്‍ ഒരുപാട് ചേഞ്ച് അദ്ദേഹം കൊണ്ടുവരും. ഫിസിക്കലിയൊക്കെ. ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ലൈഫിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. അതുപോലെ ഓരോ കഥാപാത്രത്തേയും അദ്ദേഹം ആ രീതിയില്‍ വര്‍ക്ക് ചെയ്യും.

ഒരു ഔട്ട് പ്രതീക്ഷിച്ചിട്ടാണ് പുള്ളിക്കാരന്‍ ഓരോ കഥാപാത്രത്തിലും വര്‍ക്ക് ചെയ്യുക. ആ ഔട്ട് വരുന്നതുവരെ ഷോട്ട് പോകും. നമ്മളില്‍ നിന്ന് എന്തൊക്കെ വന്നാലും അതൊക്കെ കട്ട് ഓഫ് ചെയ്ത് അദ്ദേഹത്തിന് എന്താണ് വേണ്ടത് അതുവരെ ഷോട്ട് എടുക്കും. അക്കാര്യത്തില്‍ അദ്ദേഹം വളരെ സ്ട്രിക്ട് ആണ്.

സിനിമയുടെ ഓഡിയോ ലോഞ്ചില്‍ രജനിസാര്‍ ഒരു കാര്യം പറഞ്ഞിരുന്നു, രമ്യാ മാഡത്തിന് ഒരു ചെറിയ ഷോട്ട് ശരിയാകാന്‍ 12 ടേക്ക് വരെ പോയതിനെ കുറിച്ചായിരുന്നു അത്. അതിപ്പോള്‍ രജനിസാര്‍ ആയാലും നമ്മള്‍ ആയാലുമൊക്കെ എക്സ്പീരിയന്‍സ് ഒന്നും അവിടെ വിഷയമല്ല. അദ്ദേഹം എന്താണോ ഉദ്ദേശിച്ചത്. അത് കിട്ടിയിരിക്കണം.

ഷൂട്ടിനിടയില്‍ അത്തരത്തില്‍ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിരുന്നോ? ഒരുപാട് ടേക്ക് പോകേണ്ടി വന്ന സീനുകളോ മറ്റോ?

ഇല്ല. സാറിന് എന്താണ് വേണ്ടത് എന്ന് നമുക്ക് അറിയാമല്ലോ, ഇനീഷ്യലി അതിനകത്തേക്ക് നമ്മള്‍ ട്രാന്‍സിഷന്‍ നടത്തും. നെല്‍സണ്‍ സാറിന്റെ കഥാപാത്രത്തിന് പൊതുവെ ഒരു വ്യത്യസ്തതയുണ്ടാകും. അതിലേക്ക് അഡോപ്റ്റ് ആവാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ. അത് എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും വേണ്ടി വരും. ആ കഥാപാത്രത്തിലേക്ക് എത്താന്‍ നമ്മള്‍ ഒരു ദിവസമൊക്കെയെടുക്കും. അത് മാത്രമായിരുന്നു ഒരു ചലഞ്ച്. ഒരു കൂള്‍ പേഴ്സണെന്ന് നെല്‍സണെ പറയാം. അഭിമുഖങ്ങളിലൊക്കെ കാണുന്നതുപോലെ വളരെ കൂളായിട്ടുള്ള ആള് തന്നെയാണ് അദ്ദേഹം.

നെല്‍സണ്‍ സ്‌ക്രിപ്റ്റ് അതേപോലെ തന്നെ ഫോളോ ചെയ്യുന്ന ആളാണോ, അതോ ഷൂട്ടിനിടെ ഇംപ്രവൈസേഷന്‍ നടത്താറുണ്ടോ?

ഇംപ്രവൈസേഷന്‍ തീര്‍ച്ചയായും ഉണ്ടാകും. പുള്ളിക്കാരന്റെ ഴോണര്‍ അതായത് കൊണ്ട് പ്രത്യേകിച്ചും. ഒരു സീന്‍ എടുക്കുമ്പോള്‍ നമ്മള്‍ വളരെ സീരിയസ് ആയിട്ടായിരിക്കും ആ സീന്‍ ചെയ്യുക. എന്നാല്‍ എന്‍ഡ് ഓഫ് ദി ഡേ ഔട്ട് വരുമ്പോള്‍ പ്രേക്ഷകന്‍ അത് കാണുന്നത് ഡാര്‍ക് കോമഡി ആയിട്ടായിരിക്കും. ഡാര്‍ക് കോമഡിയുടെ സ്‌പെഷ്യാലിറ്റി അതാണ്. നമ്മള്‍ ഭയങ്കര കരച്ചിലും ബഹളുമായിട്ടൊക്കെ ചെയ്ത ഒരു സീന്‍ ഓഡിയന്‍സിന് അനുഭവപ്പെടുക വേറൊരു രീതിയിലാണ്. വളരെ എന്‍ജോയ് ചെയ്ത് ചെയ്ത വര്‍ക്ക് തന്നെയാണ് ജയിലറിന്റേത്. പിന്നെ അദ്ദേഹം നല്ലൊരു റൈറ്റര്‍ കൂടിയാണ്

കരിയര്‍ തുടങ്ങിയത് തന്നെ മോഹന്‍ലാലിന്റെ നായികയായിട്ടാണ്. ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിനൊപ്പം മറ്റൊരു ചിത്രത്തിലേക്ക് എത്തിയിരുന്നു. ഇതില്‍ മോഹന്‍ലാലുമായിട്ട് കോമ്പിനേഷന്‍ സീന്‍സ് ഏതെങ്കിലുമുണ്ടോ?

അത് തിയേറ്ററില്‍ തന്നെ കാണണം (ചിരി). ഇപ്പോള്‍ എനിക്ക് പറയാന്‍ പറ്റില്ല. ജയിലര്‍ മൊത്തം സസ്പെന്‍സാണ്. ലാലേട്ടന്‍ ജോയിന്‍ ചെയ്തു എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. ലാല്‍ സാറിന്റെ കൂടെ രണ്ടാമത്തെ ചിത്രം. അതും തമിഴില്‍. മലയാളത്തില്‍ നമുക്ക് ഏതെങ്കിലും സിനിമയൊക്കെ ഭാവിയില്‍ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് ഒരു പ്രതീക്ഷയൊക്കെയുണ്ട്. പക്ഷേ തമിഴില്‍ അങ്ങനെ ഒരു അവസരം കിട്ടിയത് ഭയങ്കര ഹാപ്പിയായിരുന്നു.

സിനിമയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റ് ഉള്ള സിനിമയായിരുന്നു ഇതെന്ന് അറിയാമായിരുന്നോ?

 

അറിയാമായിരുന്നു. രജിനിസാറിന്റെ സിനിമയാണ് എന്ന് അറിഞ്ഞുകൊണ്ടാണ് നമ്മള്‍ ഒക്കെ ജോയിന്‍ ചെയ്യുന്നത്. പിന്നെ രമ്യാ കൃഷ്ണനുണ്ട്, വിനായകന്‍ ചേട്ടനുണ്ട്. ശിവണ്ണയും(ശിവരാജ് കുമാര്‍) തെലുങ്കില്‍ നിന്ന് മറ്റ് ഒരുപാട് താരങ്ങളും ഉണ്ട്. പിന്നെ ജാക്കി ഷറഫ് സാര്‍. ഇവരെല്ലാം ഒന്നിച്ച് എത്തുന്നത് സിനിമയെ അത് വല്ലാതെ എലിവേറ്റ് ചെയ്തു. അതിന്റെ സ്‌കെയില്‍ തന്നെ മാറി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ജയിലര്‍ മാറി.

വിനായകനെ കുറിച്ച് നമ്മള്‍ കേട്ടത് അദ്ദേഹത്തിന്റേത് ഒരു ടെറര്‍ വില്ലന്‍ കഥാപാത്രമായിരിക്കും എന്നാണ്. ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ ഡീ കോഡ് ചെയ്തത് വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്നും പിന്നീടാണ് വിനായകനിലേക്ക് അത് മാറിയെന്നുമുള്ള രീതിയിലാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെ ആയിരുന്നോ, വിനായകന്റെ കഥാപാത്രത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഞാന്‍ വിനായകന്‍ ചേട്ടനെ കണ്ടത് ഷൂട്ട് സ്‌പോട്ടില്‍ ക്യാരക്ടര്‍ ഗെറ്റപ്പിലാണ്. ഞങ്ങള്‍ക്ക് മുന്‍പ് പരിചയമില്ല. അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. ഞാന്‍ മലയാളിയാണെന്ന് പറഞ്ഞു. അങ്ങനെയാണ് പരിചയപ്പെടുന്നത്. ആ ലുക്കില്‍ തന്നെ വിനായകന്‍ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതുപോലെ ഷോക്കേസില്‍ വന്ന പോര്‍ഷനൊക്കെ ഭയങ്കര രസമാണ്.

ഷോക്കേസ് വീഡിയോയില്‍ മലയാളം പറയുന്നതായി കണ്ടല്ലോ. അദ്ദേഹം മലയാളിയായിട്ടാണോ ഇതിലുള്ളത്?

എനിക്കും അത് അറിയില്ലായിരുന്നു. ഷോക്കേസ് വീഡിയോ കണ്ടപ്പോഴാണ് മലയാളിയാണ് ക്യാരക്ടര്‍ എന്ന് മനസിലായത്. ഭയങ്കര ഇന്ററസ്റ്റിങ് ഫാക്ടര്‍ ആണ്.

മമ്മൂട്ടിയെയാണോ യഥാര്‍ത്ഥത്തില്‍ വില്ലന്‍കഥാപാത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. രജിനീകാന്ത് വെളിപ്പെടുത്താതെ പോയ ആ രഹസ്യം മിര്‍ണയ്ക്ക് വെളിപ്പെടുത്താന്‍ കഴിയുമോ?

സത്യമായിട്ടും അതെനിക്ക് അറിയില്ല. രജനി സാര്‍ ഒരു ക്ലൂ പോലെ പറഞ്ഞു. അന്നെനിക്ക് ചോദിക്കാനുള്ള സമയം കിട്ടിയില്ല. എല്ലാവരും ബിസിയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ ചോദിക്കും, ആരെയായിരുന്നു ആ റോളിലേക്ക് പരിഗണിച്ചിരുന്നതെന്ന്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന മെറിന്റെ സിനിമാ പ്രവേശനം അപ്രതീക്ഷിതമായിരുന്നോ? എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവ്?

ഒരിക്കലും അപ്രതീക്ഷിതമല്ല. പ്ലാന്‍ഡ് ആയിട്ട് തന്നെയാണ് സിനിമയില്‍ എത്തിയത്. ചെറുപ്പത്തിലേ മുതലുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയില്‍ എത്തിച്ചേരണമെന്നത്. സിനിമ എപ്പോഴും മനസില്‍ ഉണ്ടായിരുന്നു. എന്തു സംഭവിച്ചാലും കരിയറില്‍ സിനിമ ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു. സിനിമയിലേക്ക് എത്താന്‍ കുറച്ച് സമയം എടുത്തു എന്നേയുള്ളൂ. സന്തോഷം എന്താണെങ്കില്‍ തെലുങ്ക്, തമിഴ് ഉള്‍പ്പെടെയുള്ള എല്ലാ ഇന്‍ഡസ്ട്രിയിലും നമ്മളെ ആളുകള്‍ സ്വീകരിച്ചു എന്നതാണ്. അടുത്ത സിനിമ കന്നഡയാണ്.

തെലുങ്കും തമിഴുമൊക്കെ മിര്‍ണ നന്നായി സംസാരിക്കുന്നത് കണ്ടു. എങ്ങനെയാണ് ഈ ഭാഷകളൊക്കെ പഠിച്ചെടുത്തത്. സിനിമയിലെത്തിയ ശേഷമാണോ? അതിന്റെ ഒരു പ്രോസസ് എങ്ങനെയായിരുന്നു?

സിനിമയില്‍ വന്നതിന് ശേഷമാണ് തമിഴും തെലുങ്കുമൊക്കെ പഠിക്കുന്നത്. അതൊരു എക്സ്ട്രാ എഫേര്‍ട്ട് ഇട്ട് പഠിച്ചെടുത്ത കാര്യമാണ്. നമ്മള്‍ ചെയ്യുന്ന സിനിമയുടെ ഭാഷ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നമ്മുടെ കഥാപാത്രത്തിന്റെ ക്വാളിറ്റി ഇംപ്രൂവ് ആവും. സ്വന്തമായി ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിക്കും.

പിന്നെ നമ്മള്‍ ഒരു ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ പോലും ഇപ്പോള്‍ തന്നെ ഞാന്‍ മലയാളി ആയതുകാണ്ടാണ് ഇത്രയും കോണ്‍ഫിഡന്റായി ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി സംസാരിക്കാനാവുന്നത്. ആ ഓഡിയന്‍സിന് അത് കണക്ട് ആകണമെങ്കില്‍ ഭാഷ അവര്‍ക്ക് മനസിലാകണം. ഞാന്‍ തമിഴ് എഴുതുകയും വായിക്കുകയും ചെയ്യും.

പാന്‍ ഇന്ത്യന്‍ ആക്ടര്‍ ആകണമെന്നതാണ് എന്റെ ലക്ഷ്യം. ഇപ്പോള്‍ ഭാഷാ വ്യത്യാസമോ ഇന്‍ഡസ്ട്രി വ്യത്യാസമോ ഒന്നും ഇല്ല. എല്ലാ ഭാഷയിലുമുള്ള സിനിമകളും എല്ലാ ഭാഷിലുമുള്ള ആളുകള്‍ കാണുന്നു. പ്രത്യേകിച്ച് പാന്‍ഡമിക്കിന് ശേഷം ഒ.ടി.ടിയുടെ കടന്നുവരവോട് കൂടി എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ ഇപ്പോള്‍ നമ്മളിലെത്തി.

ഇന്‍ഡസ്ട്രിയില്‍ വന്ന വലിയ മാറ്റമാണ് അത്. ഓഡിയന്‍സ് വൈഡ് ആകുന്തോറും നമ്മളിലും ആ മാറ്റം വരണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. ഒരു ആര്‍ടിസ്റ്റ് എന്നതിനേക്കാള്‍ എല്ലാം സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ അല്‍പ്പം എഴുത്തൊക്കെയുണ്ട്. ഭാഷ പഠിക്കുന്നത് അതിനൊക്കെ സഹായകരമാകും.

എന്താണ് എനിക്ക് സിനിമയില്‍ വേണ്ടത്, അല്ലെങ്കില്‍ ഞാന്‍ എങ്ങനെയുള്ള ഒരു ആര്‍ടിസ്റ്റ് ആകണം എന്നതിലേക്കുള്ള വഴിയായിട്ടാണ് ജയിലര്‍ വരെയുള്ള സിനിമകളെ കാണുന്നത്. ആത്യന്തികമായ ലക്ഷ്യം എന്ന് പറയുന്നത് എനിക്ക് വേണ്ടിയിട്ടുള്ള ഒരു ഓഡിയന്‍സ്, അല്ലെങ്കില്‍ എനിക്ക് വേണ്ടിയിട്ടുള്ള ഒരു സോളോ ബിസിനസ് ഉണ്ടാകണമെന്ന് കരുതുന്ന ആളാണ് ഞാന്‍. അതിന് മള്‍ട്ടിപ്പിള്‍ ലാംഗ്വേജില്‍ നിന്ന് ഓഡിയന്‍സ് വേണം. അങ്ങനെയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു പാന്‍ ഇന്ത്യന്‍ ആക്ടര്‍ ആകാന്‍ കഴിയുള്ളൂ. അതിനുള്ള ഒരു പടിയായിട്ടാണ് ഓരോ സിനിമയേയും കാണുന്നത്.

മലയാളത്തില്‍ അടുത്തെങ്ങാന്‍ സിനിമ ചെയ്യാന്‍ പ്ലാനുണ്ടോ, ഏതെങ്കിലും പ്രൊജക്ട് അത്തരത്തില്‍ വന്നിട്ടുണ്ടോ?

തീര്‍ച്ചയായും ഈ വര്‍ഷം തന്നെ അങ്ങനെ ഒരു സിനിമ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അങ്ങനെ ഒരു സിനിമ സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുകയാണ്. മലയാളത്തില്‍ ഇപ്പോള്‍ ഏതാണ്ട് രണ്ട് വര്‍ഷത്തെ ഗ്യാപ്പായി. മറ്റു ഭാഷകളില്‍ ആറ് സിനികമളോളം ചെയ്തു. അഞ്ച് സിനിമകളോളം റിലീസായി. ഒരു സിനിമ തമിഴില്‍ നടന്നുകഴിഞ്ഞു. പിന്നെ മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്നുള്ളത് പേഴ്സണല്‍ ആഗ്രഹം കൂടിയാണ്.

 

 

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.