എ പി ഭവിത
എ പി ഭവിത
Gender Equity
സെക്രട്ടറിയേറ്റിലെ സ്ത്രീ പ്രാതിനിധ്യം നേതൃത്വം താലത്തില്‍വെച്ചുതന്നതല്ല, പ്രവര്‍ത്തിച്ചു നേടിയത്- വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് സംസാരിക്കുന്നു
എ പി ഭവിത
Monday 12th February 2018 8:17pm

മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ ഇടംപിടിച്ചു. നീണ്ട കാലത്തെ വിമര്‍ശനത്തിന് കൂടിയാണ് അറുതി വരുന്നത്. സ്ത്രീകളുടെ കടന്ന് വരവിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ നൂര്‍ബിന റഷീദ് സംസാരിക്കുന്നു.

മുസ്‌ലിം ലീഗിന്റെ തീരുമാനമെടുക്കുന്ന പദവികളില്‍, കമ്മിറ്റികളില്‍ സ്ത്രീകളില്ല എന്നത് എപ്പോഴും വലിയ വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്. ആ വിമര്‍ശനങ്ങളാണോ ലീഗ് നേതൃത്വത്തിനെ കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത്?

വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മുസ്‌ലിം ലീഗ് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്കകത്ത് ഞങ്ങള്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചിരുന്നു. വനിതാ ലീഗിനെ ഗൗരവത്തോടെയാണ് പാര്‍ട്ടി നേതൃത്വം കണ്ടിരുന്നത്. പ്രധാന തീരുമാനം എടുക്കുമ്പോള്‍ ഞങ്ങളെ അതില്‍ ഭാഗഭാക്കാക്കിയിരുന്നു. എന്നാല്‍ പൊതു സമൂഹം എല്ലാ കാലത്തും വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഉന്നത ബോഡികളില്‍ സ്ത്രീകളില്ല എന്ന വിമര്‍ശനത്തെ തിരുത്തി എഴുതുകയാണ് ലീഗ്. ചരിത്രപരമായ തീരുമാനമാണിത്. സെക്രട്ടറിയേറ്റ് മെമ്പര്‍മാരായി മൂന്ന് വനിതകളെ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ എഴുതപ്പെടുന്ന സംഭവമാണ്.

വനിത പ്രതിനിധ്യം ഇല്ലാത്തത് പൊതു ഇടത്തിലും സോഷ്യല്‍മീഡിയയിലും ചര്‍ച്ച വിഷയമായിട്ടുണ്ട്. ട്രോളുകളും കുറേയേറെ ഉണ്ടായി?

ഇത്തരം ട്രോളുകള്‍ ഞങ്ങളുടെ ശ്രദ്ധയിലും പെട്ടിരുന്നു. ഏതെങ്കിലും ബൂത്ത് ലെവല്‍ പരിപാടികളിലായിരിക്കും ആ സംഭവം നടന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം താഴെ തട്ട് വരെ ശക്തമായ സംഘടനാ സംവിധാനം ഉണ്ട്. മിക്ക ജില്ലകളിലും മണ്ഡലം കമ്മിറ്റികളും ജില്ലകമ്മിറ്റികളും ഉണ്ട്. മലപ്പുറം ജില്ലയിലാണെങ്കില്‍ ബൂത്ത് ലെവല്‍ കമ്മിറ്റിയും ഉണ്ട്.

പഴയ കാലത്ത് നിന്ന് വ്യത്യസ്തമായി ശക്തമായ മെമ്പര്‍ഷിപ്പുണ്ട് വനിതാ ലീഗിന്. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത തെക്കന്‍ ജില്ലകളില്‍ വനിതാ ലീഗിനും താഴേത്തട്ടില്‍ കമ്മറ്റികള്‍ കുറവാണ്. എന്നാല്‍ 14 ജില്ലാ കമ്മിറ്റികളും വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നവയാണ്. വേദികളില്‍ എങ്ങനെ പുരുഷന്‍മാര്‍ കൂടുതലായി വരുന്നു എന്നത് എനിക്ക് പറയാന്‍ കഴിയില്ല. പ്രദേശികമായ പരിപാടികളില്‍ ആ പ്രദേശത്തെ പ്രധാന നേതാക്കളെ വിളിക്കുക എന്നത് ഞങ്ങളുടെ കീഴ്‌വഴക്കമാണ്. അങ്ങനെ വരുമ്പോള്‍ മുന്നിലിരിക്കുന്ന സ്ത്രീകള്‍ പിറകിലേക്ക് മാറി ഇരുന്നു കൊടുക്കും. ഇനി അങ്ങോട്ട് ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിക്കും.

മുന്നിലിരിക്കുന്ന സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് അവിടെ ഇരിക്കേണ്ടവരാണ് തങ്ങളെന്ന് തോന്നാത്തത്?

ആ സ്ത്രീകള്‍ക്ക് ആ ബോധ്യം ഉണ്ടാവണം. അവരവരുടെ സ്ഥാനത്തെക്കുറിച്ചുള്ള വില അവര്‍ക്ക് തന്നെ ഉണ്ടാവണം. ഇനി ഉണ്ടാക്കാന്‍ ശ്രമിക്കും. പൊതുവെ മുസ്‌ലിം സ്ത്രീകള്‍ അങ്ങനെ ആണ്. ഞാന്‍ ഉള്‍പ്പെടെ ഉള്ള സ്ത്രീകള്‍ വലിയ നേതാവാണ് പുരുഷന്‍മാരെ കീഴടക്കണമെന്ന് ചിന്തിക്കുന്നവരല്ല. വീട്ടില്‍ നല്ല ഭാര്യായായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കീഴടക്കലും കീഴടപ്പെടുത്തലുമല്ല വേണ്ടത്. പരസ്പരം തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ വേണ്ടത്.

പരസ്പരം ബഹുമാനിക്കുക. അവരവരുടെ സ്ഥാനം അംഗീകരിച്ചു കൊടുക്കുക. ഇതാണ് വേണ്ടത്. ഞങ്ങള്‍ ഒരു പരിപാടി നടത്തുമ്പോള്‍ നേതാക്കള്‍ കടന്നു വന്നാല്‍ എഴുന്നേറ്റ് കൊടുക്കണമെന്ന് സ്വമേധയാ തോന്നുന്നതാണ്. അല്ലാതെ ലീഡര്‍ പുറകിലിരുന്നോളൂ , ഞാനാണ് ഇവിടുത്തെ ലീഡര്‍ എന്ന് ഞങ്ങള്‍ക്ക് തോന്നില്ല. ആ മനോഭാവം വനിതാ ലീഗിനില്ല. അതാണ് ഇത്തരം ട്രോളുകള്‍ക്ക് കാരണമാകുന്നത്.

 

നേരത്തെ വേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുതിര്‍ന്ന വനിത നേതാവിനെ സംസ്ഥാന സെക്രട്ടറിയായ മായിന്‍ഹാജി തടഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ലീഗിന്റെ സ്ത്രീ വിരുദ്ധതയുടെ തെളിവായി അത് ചൂണ്ടിക്കാണിക്കപ്പെടുകയും ഉണ്ടായി?

എത്രത്തോളം ശരിയാണെന്ന് എനിക്ക് അറിയില്ല. യൂത്ത് ലീഗിന്റെ പരിപാടിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഇരിക്കുമ്പോള്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. ആ പരിപാടിയുടെ സമയം അതിക്രമിച്ചത് കൊണ്ടായിരിക്കാം സംസാരിക്കേണ്ടതെന്ന് പറഞ്ഞത്. രാത്രി പത്ത് മണി കഴിഞ്ഞത് കൊണ്ട് സ്ത്രീയും പുരുഷനുമൊന്നും സംസാരിക്കേണ്ട എന്ന് പറഞ്ഞതാവാം എന്നാണ് എന്റെ അനുമാനം. എനിക്ക് ഇത്തരം പരിപാടികളില്‍ സംസാരിക്കാന്‍ അവസരം പാര്‍ട്ടി നേതൃത്വം തരാറുണ്ട്.

സ്ത്രീകളുടെ കടന്നു വരവ് മുസ്‌ലിം ലീഗില്‍ എന്ത് മാറ്റം ഉണ്ടാക്കും?

തെരഞ്ഞെടുപ്പിലൂടെ വനിതാ ലീഗിനെ ശക്തിപ്പെടുത്തുക. അതുപോലെ നയരൂപീകരണ ബോഡികളുടെ ഭാഗമാവുക. ഇതെല്ലാമാണ് പ്രധാനമായ കടമകള്‍. തീരുമാനമെടുക്കുന്ന ബോഡിയില്‍ സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കി. സ്ത്രീകളെ സംബന്ധിക്കുന്ന എന്ത് വിഷയം വന്നാലും ഞങ്ങള്‍ക്ക് സംസാരിക്കാമല്ലോ.

സ്ത്രീ വിഷയങ്ങള്‍ മാത്രമാണോ അവിടെ നിങ്ങള്‍ സംസാരിക്കേണ്ടത്. പൊതുവിഷയങ്ങള്‍ വേണ്ടേ?

പൊതുവിഷയങ്ങളും ഉന്നയിക്കും. ഒരു സമൂഹത്തില്‍ സ്ത്രീയും പുരുഷനും ഉണ്ട്. പരസ്പര പൂരകമായി പ്രവര്‍ത്തിക്കേണ്ടവരാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ത്രീസംഘടന ഇല്ലേ. സിനിമ മേഖലയില്‍ പോലും ഇപ്പോള്‍ സ്ത്രീകള്‍ക്കായി സംഘടന ഉണ്ടായില്ലേ. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഘടന അവിടെ ഉണ്ടായത്. രാഷ്ട്രീയ മേഖലയിലായാലും തൊഴിലിടത്തിലായാലും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്നു കൊണ്ട് അവരെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്ത്രീസംഘടന. അല്ലാതെ പുരുഷനോട് യുദ്ധം ചെയ്യാനോ അവരില്‍ നിന്ന് മാറി നിക്കാനോ അല്ലാ സംഘടനകള്‍.

ദേശീയതലത്തില്‍ വരെ നീണ്ടു കിടക്കുന്ന വനിതാ ലീഗ് അതിനായി ശ്രമിക്കും. ആയിരം കാതം നടന്നു നീങ്ങാന്‍ ആദ്യം ഒരു ചുവടുവെച്ചേ മതിയാകൂ. ആ ചുവടുവെപ്പാണിത്.

പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കില്ലേ. പുതിയ ഊര്‍ജ്ജം നല്‍കില്ലേ?

നേരത്തെ ചോദിച്ച ചോദ്യമില്ലേ. അത്തരം ചോദ്യങ്ങളെ തിരുത്തിക്കുറിക്കും. വനിതകളുടെ പരിപാടിയില്‍ ഇനി സ്ത്രീകള്‍ തന്നെ ഇരിക്കുന്ന രീതിയിലേക്ക് മാറും. എല്ലാ മേഖലകളിലും മാറ്റം വരും. അതിനര്‍ത്ഥം പുരുഷന്‍മാര്‍ അന്യരാണെന്നല്ല. പുരുഷന്‍ വരേണ്ടതില്ല എന്ന് ഞങ്ങള്‍ പറയില്ല. സ്ത്രിയും പുരുഷനും വേണം. അവരൊരുമിച്ച് മുന്നേറിയാലേ സമൂഹത്തിന് പുരോഗതിയുണ്ടാവൂ.

സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമെന്ന് പറയുന്ന കുടുംബത്തില്‍ സ്ത്രി ഒറ്റയ്ക്കല്ല. അതൊരു കൂട്ടായ്മയാണ്. സ്ത്രീകളുണ്ട് നമുക്ക് ഇപ്പോഴും. അവര് മുന്നോട്ട് വരണം. സ്ത്രീകള്‍ക്ക് ഇരട്ടി ചുമതലയാണ് ഉള്ളത്. ഏത് തൊഴില്‍ മേഖലയിലായാലും ഇരട്ട ഭാരമാണ് സ്ത്രീക്കുള്ളത്. ഔദ്യോഗികമായ കാര്യങ്ങള്‍ക്കൊപ്പം വീട്ടിലെ കാര്യവും നോക്കണം. അതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്.

അതിനെ അവഗണിച്ചുള്ള പൊതുപ്രവര്‍ത്തനമല്ല ഞങ്ങളുടേത്. അവിടെ മിടുക്ക് കാണിച്ച് നല്ലൊരു തലമുറയെ ദിശാബോധത്തോടെ വളര്‍ത്തുക. അതോടൊപ്പം പൊതുരംഗത്തേക്ക് സ്ത്രീയും ഉയരുക. അവളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവുക. ഇടം ഉറപ്പിക്കുക.

 

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ ഉണ്ടാവാറില്ല. അതില്‍ മാറ്റം ഉണ്ടാവുമോ?

അതൊക്കെ കഴിഞ്ഞ കാലത്തല്ലേ. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെന്താണ് സ്ഥിതി. രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് നല്ല ഭൂരിപക്ഷമുണ്ട്. ലോക്സഭയില്‍ നിഷ്പ്രയാസം പാസ്സാക്കിയെടുക്കാവുന്ന ബില്ല് അവിടെ വെച്ച് ഉറങ്ങിക്കിടക്കുന്നത് എന്തുകൊണ്ടാണ്. ബില്ലിനെ കൊണ്ടു വരാത്തത് പുരുഷമേധാവിത്വം കൊണ്ടാണ്. അതൊക്കെ മാറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എത്രയോ വൈകിട്ടാണ് സ്ത്രീകള്‍ ലീഗിലേക്ക് എത്തിയത്.

സ്ത്രീകള്‍ മുസ്‌ലിം ലീഗിലേക്ക് വന്നത് കാലഘട്ടത്തിന്റെ സമ്മര്‍ദ്ദം കാരണമാണ്. അതേസമയം സ്വാതന്ത്ര്യസമര കാലം മുതല്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീ പ്രതിനിധ്യം എത്രയാണ്. ആനുപാതികമായ സ്ത്രീ പ്രതിനിധ്യം അവിടെ കാണേണ്ടേ. മുസ്‌ലിം ലീഗിനെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. വരും കാലങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലും സ്ത്രീകളെ പ്രതീക്ഷിക്കാം. പാര്‍ട്ടി ഒന്നിച്ചെടുക്കേണ്ട തീരുമാനത്തില്‍ ഞാന്‍ ഒറ്റയ്ക്ക് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

സമ്മര്‍ദ്ദം ചെലുത്തുക എന്നത് ഒരു തന്ത്രമല്ല. ഞെക്കി പഴുപ്പിക്കുന്ന പഴത്തിന് മധുരമുണ്ടാകില്ല. നാച്ചുറലി അതുണ്ടാകണം. ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. മാറ്റം ഉണ്ടാകും.

പുരുഷ മേധാവിത്വം കൂടുതലുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ് എന്നാണ് പുറമേ നിന്ന് നോക്കുമ്പോള്‍ തോന്നുക?

ഏത് പാര്‍ട്ടിയാണ് അങ്ങനെ അല്ലാത്തത്. പുരോഗമന രാജ്യം എന്ന് പറയുന്ന അമേരിക്കയില്‍ ഹിലാരി ക്ലിന്റന്‍ മത്സരിച്ചപ്പോള്‍ വിജയിപ്പിച്ചോ. ഇതാണ് ലോകം. അതിനെയൊന്നും മറികടക്കാനല്ല. നമ്മള്‍ ജോലി ചെയ്യുക. പതുക്കെ മുന്നോട്ട് പോയി വിജയത്തിലേക്കെത്തുക.

എം.എസ്.എഫ് പെണ്‍കുട്ടികള്‍ക്കായി ഹരിത രൂപീകരിച്ചു. അത് ആ സംഘടനയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തിയില്ലേ.?

മുസ്‌ലിം ലീഗിന്റെ തീരുമാനമാണ് എം.എസ്.എഫ് നടപ്പാക്കിയത്. അത് താനെ പൊട്ടിമുളച്ച സംഘടനയല്ല. പോഷക സംഘടനയാണ്. പാര്‍ട്ടിയിലെ നയമാണ് പോഷക സംഘടനകള്‍ നടപ്പാക്കുന്നത്. സ്ത്രീകളെ കൂടുതലായി കൊണ്ടു വരണമെന്ന ലീഗിന്റെ തീരുമാനമാണ് എം.എസ്.എഫില്‍ മാറ്റമുണ്ടാക്കിയത്. കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവസരം കിട്ടാന്‍ കാരണമായി.

താഴെത്തട്ടില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ച് വരുന്നത് അവരുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്തു പകരും. രാഷ്ട്രീയം ഓരോരുത്തരും അറിയണം. രാഷ്ട്രീയ ബോധത്തോടെ വളരണം. ആദ്യം ചെറിയ പ്രതിസന്ധി ഹരിതക്ക് ഉണ്ടായിരുന്നു. അത് മാറി വരുന്നുണ്ട്. പുനസംഘടന വരുമ്പോള്‍ എല്ലാ ഘടകങ്ങളിലും മാറ്റമുണ്ടാക്കും.

മുസ്‌ലിം ലീഗിലെ പുതിയ തലമുറ സ്ത്രീകളുടെയും യുവാക്കളുടെയും പ്രതിനിധ്യത്തിന് വേണ്ടി സംസാരിക്കുന്നുണ്ട്. അത് ലീഗിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് കാരണമായിട്ടുണ്ട്?

അതൊക്കെ ഉള്‍പ്പാര്‍ട്ടി വിഷയങ്ങളല്ലേ. ഇവരൊക്കെ സ്ത്രീ പ്രതിനിധ്യത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് തന്നെ വനിതാ ലീഗ് അത് പറഞ്ഞിട്ടുണ്ട്. 16 വയസ്സ് കഴിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണമെന്നാണ് ഞങ്ങളുടെ ബൈലോയില്‍ പറയുന്നത്. പുരുഷന്‍മാരായ മുസ്‌ലിം ലീഗ് നേതൃത്വമാണ് ഞങ്ങള്‍ക്ക് അംഗത്വം നല്‍കിയിരിക്കുന്നത്. അങ്ങനെ തരുമ്പോഴാണ് അതിന് മധുരം കൂടുന്നത്. അവര്‍ അറിഞ്ഞ് തരികയാണ്. സമ്മര്‍ദ്ദം ചെലുത്തി വാങ്ങുന്നതിനേക്കാള്‍ മഹത്വമുണ്ട് അറിഞ്ഞ തരുന്നതിന്. അത് ഞങ്ങള്‍ ആ യോഗത്തില്‍ അനുഭവിച്ചു.

ഈ റിക്വസ്റ്റ് എത്രയോ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അത് വന്ന് കഴിഞ്ഞപ്പോഴുള്ള ആഹ്ലാദം വാക്കുകളില്‍ ഒതുങ്ങില്ല. എത്രയോ കാലമായി പ്രതീക്ഷിക്കുന്ന കാര്യമാണിത്. ചെടി നടുമ്പോള്‍ തന്നെ പൂവിനെ സ്വപ്നം കാണുന്നുണ്ട്. ചെടി വളരാനുള്ള വെള്ളവും വളവും നല്‍കി കാത്തിരിക്കില്ലേ. സുപ്രഭാതത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല. വനിതാ ലീഗിനെ ഉണ്ടാക്കി അതിനെ ദേശീയതലത്തില്‍വരെ വളര്‍ത്തിയെടുത്തു.അതൊന്നും എളുപ്പമായിരുന്നില്ല. നമ്മള്‍ കാത്തിരുന്നു.

 

കഠിനാധ്വാനം നേട്ടം തരും. പണിയെടുത്താലേ നേട്ടമുണ്ടാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര വനിതാ പ്രതിനിധികളുണ്ട് ഞങ്ങളുടെതായി. സംവരണത്തിലൂടെയാണ് വനിതാ ലീഗ് വന്നതെന്ന് പറയാന്‍ ഞങ്ങള്‍ക്ക് ഒരു മടിയും ഇല്ല. കാലഘട്ടത്തിന്റെ സമ്മര്‍ദ്ദം അനുസരിച്ചാണ് മുസ്‌ലിം ലീഗ് വനിതാ ലീഗിനെ ഉണ്ടാക്കിയതെന്ന് നേരത്തെ പറഞ്ഞത് അതുകൊണ്ടാണ്. പക്ഷേ സംവരണത്തിന് മുന്നേ തന്നെ വനിതാ ലീഗ് ഉണ്ട്. എണ്‍പതുകളില്‍ തന്നെ മത്സരിച്ചവരുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗിലെ സ്ത്രീകളുടെ എണ്ണം കൂട്ടാന്‍ സംവരണം കാരണമായി.

മുസ്‌ലിം വിഭാഗത്തില്‍ നിന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നു. ഉയര്‍ന്ന റാങ്കുകള്‍ വാങ്ങുന്നു. ഈ മാറ്റം എങ്ങനെ നോക്കിക്കാണുന്നു?

ആ മാറ്റത്തിന് കാരണം മുസ്‌ലിം ലീഗാണ്. സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി ഏറ്റവും മുന്നില്‍ നിന്നത് ലീഗാണ്. സി.എച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനം. പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി, കാലിക്കറ്റ് സര്‍വ്വകലാശാല , ഫറൂഖ് കോളേജ് ഇവയൊക്കെ കൊണ്ടു വന്നു. പാര്‍ട്ടിയുടെ നേട്ടമാണിത്. പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നു എന്നത് ലീഗ് തിരിച്ചറിയുന്നു. പ്രോ വൈസ് ചാന്‍സലറുണ്ടായില്ലേ.

കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ബില്ല് മുസ്‌ലിം വിരുദ്ധമാണ്. കുടുംബത്തെ ശിഥിലീകരിക്കുമെന്നാണ് താങ്കള്‍ അഭിപ്രായപ്പെട്ടത്. എത്രയോ പാവപ്പെട്ട സ്ത്രീകള്‍ തലാഖിലൂടെ വിഷമിക്കുന്നുണ്ട്. അതിനെ കാണാതെ പോകുകയല്ലേ.?

ആ ബില്ല് മുസ്‌ലിംങ്ങള്‍ക്കെതിരായി ഉപയോഗിക്കപ്പെടും എന്നതാണ് പ്രശ്നം. ആ ബില്ല് സ്ത്രീകള്‍ക്ക് ഗുണം ചെയ്യില്ല. മുസ്‌ലിം വ്യക്തി നിയമ പ്രകാരം പുരുഷന്‍മാര്‍ക്ക് തലാക്ക് ചൊല്ലാമെന്നാണ്. ഒന്നിച്ച് മൂന്ന് തലാഖ് ചെല്ലുന്നവര്‍ നിയമവിരുദ്ധമാണെന്നും മൂന്ന് വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും പിഴയൊടുക്കുകയും വേണമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാനാവില്ല. നല്ല രീതിയില്‍ തലാക്ക് ചെല്ലുന്നവര്‍ക്കെതിരെയും ഈ നിയമം പ്രയോഗിക്കാന്‍ പറ്റും. ജയിലില്‍ അടച്ചാല്‍ കുടുംബബന്ധങ്ങളെ കൂടുതല്‍ ശിഥിലീകരിക്കുകയേയുള്ളൂ.

പ്രവര്‍ത്തനങ്ങളില്‍ എന്ത് മാറ്റം പുതിയ സ്ഥാനലബ്ധിയിലൂടെ ഉണ്ടാവും?

പുതിയ ഊര്‍ജ്ജമുണ്ടാകും എന്ന് പറയുന്നതൊന്നും ശരിയല്ല. മൂന്ന് ദശാബ്ദമാണ് വനിതാ ലീഗിനെ ഞാന്‍ കൊണ്ടു നടന്നത്. ഇപ്പോഴത്തെ മാറ്റം എന്റെ പ്രവര്‍ത്തന കാലത്ത് തന്നെ ഉണ്ടായല്ലോ എന്നതാണ് സന്തോഷം. ആ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. അടുത്ത തലമുറയ്ക്ക് കൂടുതല്‍ എളുപ്പമാകും.

മുസ്‌ലിം ലീഗ് നാല്പത്തിയെട്ട് കാലഘട്ടത്തില്‍ ഉണ്ടായപ്പോള്‍ സ്ത്രീകളുണ്ടായിരുന്നു. പിന്നീട് അവര്‍ ഉള്‍വലിഞ്ഞു. ലീഗിന്റെ ഭരണഘടന ഉണ്ടാക്കുന്ന ഘട്ടത്തില്‍ സ്ത്രീകള്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ ഒന്നും ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കാന്‍ ഇറങ്ങി വരണം. ആരും ഒന്നും കൈക്കുമ്പിളില്‍ കൊണ്ടുത്തരില്ല. നമുക്ക് ഇത് പറ്റും എന്ന പ്രവര്‍ത്തിച്ച് കാണിച്ചു കൊടുക്കണം. വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാ താനെ വരും. ഡിമാന്‍ഡ്‌സ് മാത്രം മുന്നോട്ട് വെച്ചിരുന്നിട്ട് കാര്യമില്ല. ഞങ്ങള്‍ ഇത്രമാത്രം വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് പാര്‍ട്ടിക്ക് മനസിലായി. അംഗീകാരം കൊടുത്തേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞു. അതാണ് വിജയം.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.
Advertisement