Administrator
Administrator
സെക്‌സ്‌ബോംബാകാനല്ല എന്റെ ശ്രമം-ജാക്വിലീന്‍
Administrator
Thursday 9th June 2011 5:03pm

ജാക്വിലീന്‍ ഫെര്‍ണാണ്ടസ് തിരിച്ചുവരികയാണ്. അലാദിന്‍, ജെയ്ന്‍ ഖാന്‍ സീ ആയി ഹെ തുടങ്ങിയ ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം മര്‍ഡര്‍ 2 എന്ന ചിത്രത്തിലൂടെ ഈ ശ്രീലങ്കന്‍ താരം വീണ്ടും ബോളിവുഡില്‍ സജീവമാകുകയാണ്.

മര്‍ഡറിനു പുറമേ ഹൗസ്ഫുളിന്റെ രണ്ടാം ഭാഗത്തിലും, റാസ് 3 യിലും ജാക്വിലീന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മര്‍ഡറിലെ അനുഭവങ്ങളെക്കുറിച്ചും മല്ലികയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ ജാക്വിലീന്‍ പ്രതികരിക്കുന്നു.

ബോളിവുഡിലെ നിങ്ങളുടെ അനുഭവങ്ങള്‍

ഞാന്‍ ബോളിവുഡില്‍ ചെയ്ത ചിത്രങ്ങളെല്ലാം ഒന്നില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മറ്റൊന്ന്. ഹൗസ്ഫുളിലെ ഐറ്റം ഡാന്‍സ് ഉള്‍പ്പെടെ എല്ലാം ഞാനേറെ ആസ്വദിച്ച് ചെയ്ത വേഷങ്ങളാണ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്.

ഇപ്പോഴത്തെ മുന്‍നിര നായികമാരുടെയെല്ലാം കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തുന്നതില്‍ ഭട്ട് ഏറെ സഹായിച്ചിട്ടുണ്ട്. എന്ത് തോന്നുന്നു?

ഇത്രവലിയ ഒരു സിനിമാ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അവരൊടൊപ്പം ജോലി ചെയ്യുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എന്നെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അവര്‍ കണ്ടത്. സെറ്റില്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പറയാന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അവരൊടൊപ്പം ഒരുപാട് ചിത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ പ്രതീക്ഷിച്ചത് എനിക്ക് നല്‍കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.

അവര്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത് പൂര്‍ണമായി നല്‍കാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നുണ്ടോ?

ഞാന്‍ മര്‍ഡര്‍ 2 സൈന്‍ ചെയ്തപ്പോള്‍ ധാരാളം ഊഹാപോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ആദ്യമായി ഒരുപാട് ഹോം വര്‍ക്കുകള്‍ നടത്തി ഞാന്‍ ചെയ്ത ചിത്രമാണ് മര്‍ഡര്‍ 2. അതുകൊണ്ടുതന്നെ അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ചില സീനുകള്‍ വ്യത്യസ്തമാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അഭിനയത്തില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരിക എന്നത് ഏറെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് അഭിനയം എന്താണെന്ന് എനിക്ക് മനസിലായത്.

ചിത്രത്തില്‍ പ്രണയസീനുകളും, ആലിംഗന രംഗങ്ങളും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടാവും അല്ലേ?

മര്‍ഡറിന്റെ ഒന്നാം ഭാഗം വിജയിച്ചതിനാല്‍ പ്രേക്ഷകര്‍ പുതിയ ചിത്രത്തില്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ടാവാം. മര്‍ഡര്‍ നല്‍കിയ എല്ലാ ഓര്‍മ്മകളും അനുഭവങ്ങളും അതില്‍ കൂടുതലും ഈ ചിത്രത്തിന് നല്‍കാന്‍ കഴിയുമെന്നാണ് എനിക്ക് വിശ്വാസം.

മര്‍ഡറിന്റെ കഥ നിര്‍ബന്ധിക്കുന്നതിനാല്‍ ലൈംഗിക ചുവയുള്ള ഒരുപാട് രംഗങ്ങള്‍ അത്യാവശ്യമായിരുന്നു. എന്നാല്‍ ഈ ചിത്രം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ മോഡലിനെയാണ് നിങ്ങള്‍ അവതരിപ്പിക്കുന്നത്. ഇത്തരമൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എന്തെങ്കിലും വിലക്ക് അനുഭവപ്പെട്ടോ?

ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിമാര്‍ക്ക് യാതൊരു വിലക്കും നേരിടേണ്ടി വരില്ല. അതാണ് അഭിനയകലയിലെ ആദ്യ പാഠം. നമ്മള്‍ക്ക് ഒരുപാട് കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വരും. മേക്കപ്പ് ചെയ്ത് സ്‌ക്രീനിനു മുന്നിലെത്തിയാല്‍ നമ്മള്‍ മറ്റൊരു വ്യക്തിയായി മാറുകയാണ്. അവിടെ നമ്മളില്ല. കഥാപാത്രം മാത്രമേയുള്ളൂ. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ഏത് തരത്തിലുള്ള വേഷവും ചെയ്യേണ്ടിവരും.

തുറന്നുപറയട്ടെ സാധാരണ ചെയ്യുന്ന വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായതിനാല്‍ വൈകാരികമായ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്.

പക്ഷേ ഗ്ലാമറസ് റോളുകളും, ഇന്റിമേറ്റ് സീനുകളും ചെയ്യാന്‍ പല മുന്‍നിര നടിമാരും തയ്യാറാവാറില്ലല്ലോ?

എനിക്ക് മനസിലാക്കാനാവാത്ത കാര്യമാണിത്. സെക്‌സി സീനുകള്‍ വളരെ സൗന്ദര്യബോധത്തോടെ ചെയ്യേണ്ടതുണ്ട്. ഒരു അഭിനേതാവിന് അഭിനയത്തിന്റെ അതിര്‍ത്തികള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം. അതുപോലെ സംവിധായകരിലും, കൂടെ അഭിനയിക്കുന്നവരിലും വിശ്വാസം വേണം. ആത്യന്തികമായി പറയുകയാണെങ്കില്‍ ഇത് വെറും അഭിനയമാണ് എന്ന് മനസിലുണ്ടാവണം.

കഥാപാത്രത്തിനുവേണ്ടി എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തിയത്?

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഏറെ വെല്ലുവിളി നേരിടേണ്ടിവരുന്ന കഥാപാത്രമാണ് എനിക്ക് എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ നന്നായി ഹോം വര്‍ക്ക് നടത്തിയിരുന്നു. ചിത്രീകരണം തുടങ്ങിയപ്പോള്‍ എനിക്ക് ഞാന്‍ ഹിന്ദി ചിത്രമാണ് ചെയ്യുന്നതെന്ന് തോന്നിയതേയില്ല. എന്റെ കഥാപാത്രത്തെ കഠിനമായി ഞാന്‍ കണ്ടതേയില്ല. എല്ലാം ലാഘവത്തോടെ ചെയ്യുകയായിരുന്നു.

മല്ലികയെയും നിങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധ്യതയില്ലേ. അതിനെ ഭയപ്പെടുന്നുണ്ടോ?

എന്റെ റോള്‍ അവരുടേതുമായി താരതമ്യം ചെയ്യുമ്പോഴാണ് എനിക്ക് പ്രശ്‌നമാകുക. രണ്ട് ചിത്രങ്ങളുടേയും കഥ ഒന്നല്ല. അതുകൊണ്ടുതന്നെ താരതമ്യത്തിന്റെ ആവശ്യവുമില്ല.

എന്നെ മല്ലികയുമായി താരതമ്യം ചെയ്യുന്നതില്‍ വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ല. എന്നെ സംബന്ധിച്ച് മല്ലിക നല്ല കഴിവുള്ളവരും യാതൊരുവിധ ഭയവുമില്ലാത്തവരുമാണ്. മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണവര്‍. മനസിലുള്ളതെല്ലാം തുറന്നുപറയാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. ഈ നിലയിലെത്താന്‍ കഴിഞ്ഞ മല്ലിക തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

മല്ലികയ്ക്ക് പകരം ബോളിവുഡിലെ സെക്‌സ് ബോംബാകാനാണോ ശ്രമിക്കുന്നത്?

മല്ലികയ്ക്ക് പകരമാവേണ്ട ആവശ്യം എനിക്കില്ല. ഇവിടുത്തെ സെക്‌സ് ബോംബാകാനല്ല ഞാന്‍ ശ്രമിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. അതെന്റെ സിനിമകളില്‍ കാണുകയും ചെയ്യാം.

ഇമ്രാന്‍ ഹാശ്മിയുമായുള്ള കെമിസ്ട്രിയെക്കുറിച്ച്

ഞാനും ഇമ്രാനുമായി നല്ല ചേര്‍ച്ചയാണ്. ആദ്യം കണ്ടപ്പോള്‍ ഇമ്രാന്‍ ശാന്തനായിരുന്നു. എന്നാല്‍ ഷൂട്ടിംങ് ആരംഭിച്ചതോടെ ആള് മാറി. ഇമ്രാന്‍ നല്ല തമാശക്കാരനാണ്. വളരെക്കുറച്ചാളുകള്‍ക്ക് മാത്രമേ ഇത് അറിയുകയുള്ളൂ.

രിതേഷ് ദേശ്മുഖവുമായുള്ള നിങ്ങളുടെ ബന്ധമെന്താണ്?

ഞാനെപ്പോഴും അദ്ദേഹവുമായി തമാശ പറഞ്ഞ് നടക്കാറുണ്ട്. എന്നാല്‍ മിക്കയാളുകളും ഞങ്ങളെ രണ്ടുപേരെയും ചേര്‍ത്ത് വാര്‍ത്തകളുണ്ടാക്കാറുണ്ട്. അദ്ദേഹം പ്രശസ്തനായ നടനായതുകൊണ്ടും വന്‍വിജയമായ പല കൊമേഷ്യല്‍ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളതും കൊണ്ടുമാവാം ഇത്.

നിങ്ങള്‍ ചെയ്ത റോളുകളില്‍ മിക്കതും അദ്ദേഹത്തിന്റെ സഹായത്താല്‍ ലഭിച്ചതാണോ?

ഒരിക്കലുമല്ല. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് നല്‍കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. സ്വന്തം കഴിവുകൊണ്ട് ഉയരങ്ങളിലെത്തുന്നവരോട് രിതേഷ് ആദരവുണ്ട്. ഇന്നുവരെ എനിക്ക് കിട്ടിയിട്ടുള്ള വേഷങ്ങളെല്ലാം എന്റെ പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്.

രിതേഷുമായി പലപ്പോഴും നിങ്ങളെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടല്ലോ?

കൂടെ അഭിനയിച്ച താരങ്ങളുടെ പേരുചേര്‍ത്ത് ഗോസിപ്പുണ്ടാക്കുന്നത് സാധാരണയാണ്. എന്റെ മാത്രമല്ല ജനീലിയയുടെ പേരും രിതേഷിനൊപ്പം ചേര്‍ത്തുവച്ചിട്ടുണ്ട്.

Advertisement