'ജഗതി ശ്രീകുമാറിനെ ഏത് അല്‍ഗോരിതം വെച്ച് റീക്രിയേറ്റ് ചെയ്താലും അദ്ദേഹത്തിന്റെ മോഡുലേഷനോ ശ്വാസമോ മുഖത്തെ മസിലുകള്‍ ഒന്നു വിറക്കുന്നതോ ഒരിക്കലും കിട്ടില്ല. സര്‍ഗാത്മകത പ്രവചനാതീതമാണ്. ആകസ്മികതയിലാണ് കലയുള്ളത്. കണക്ക് കൂട്ടാന്‍ പറ്റാത്ത തരത്തിലുള്ള ഒരു മാജിക് എവിടെയോ കിടപ്പുണ്ട്. അതിനെ ഒരിക്കലും പുനസൃഷ്ടിക്കാനാവില്ല. അതാണ് എ.ഐക്കെതിരെ സമരം ചെയ്യുന്നവരുടെ പ്രതീക്ഷ,' തൊഴിലവകാശങ്ങള്‍ക്ക് വേണ്ടിയും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിനെതിരെയും നടക്കുന്ന ഹോളിവുഡ് സമരത്തെ കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറിയും തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനുമായി നടത്തിയ അഭിമുഖം
കഴിഞ്ഞ മെയ് ഒന്ന് മുതല്‍ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക എന്ന ലേബര്‍ യൂണിയനിലെ അംഗങ്ങള്‍ സമരത്തിലാണ്. വേതന കരാറുകള്‍ പരിഷ്‌കരിക്കുക, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയറുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. മലയാള സിനിമയിലെ ഒരു ലേബര്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കും സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലയ്ക്കും ഈ സമരത്തെ എങ്ങനെയാണ് നോക്കികാണുന്നത്?
ഇത് അനിവാര്യമായ ഒരു സമരമാണ്. ഇന്ത്യയിലും സമരം നടക്കാന്‍ അധികം സമയം ഒന്നും വേണ്ട. രണ്ടുമൂന്നു സംഗതികള്‍ ഇതിലുണ്ട്. ഒന്ന് ഇന്ത്യന്‍ സിനിമയിലേതുള്‍പ്പെടെ ലോകമെമ്പാടും പ്രൊഡക്ഷന്‍ മേഖലയില്‍ പൂര്‍ണമായും കോര്‍പറേറ്റ്‌വല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. മിക്കവാറും വലിയ സിനിമകള്‍ കോര്‍പ്പറേറ്റ് പങ്കാളിത്തത്തോടെയാണ് നിര്‍മിക്കപ്പെടുന്നത്.
എഴുത്തുകാരുടെ അടിസ്ഥാന അവകാശങ്ങളില്‍പ്പെടുന്ന ഇന്റ്വലക്ച്ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ് (Intellectual Property Rigth) പൂര്‍ണമായും എഴുതി വാങ്ങും. അതായത് ഒരു തിരക്കഥയെഴുതി എഴുതി സിനിമയോ കണ്ടന്റോ ആക്കി കഴിഞ്ഞാല്‍ അത് ഏത് വിധത്തിലും ഉപയോഗിക്കാം. വേറൊരു പ്ലാറ്റ്ഫോമില്‍ അപ്പ് ചെയ്യുകയോ വേറെ ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയോ ചെയ്യാം, സീക്വലോ പ്രീക്വലോ ഉണ്ടാക്കാം. ഇതിലൊന്നും എഴുത്തുകാരന് ഒരു അവകാശവുമില്ല.
ഈ രീതിയിലാണ് കോപ്പറേറ്റുകളുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ് എഗ്രിമെന്റുകള്‍ വരുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ശക്തമായ മുംബൈയിലെ റൈറ്റേഴ്‌സ് ഗില്‍ഡും എഴുത്തുകാരുടെ ട്രേഡ് യൂണിയനുകളെല്ലാം ഇതില്‍ ആകുലതകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
രണ്ടാമത്തെ പ്രശ്‌നം, കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെ ഭാഗമായി വന്ന സ്റ്റുഡിയോ കട്ടാണ്. ഒരു പ്രൊഡക്റ്റിന്റെ ഫൈനല്‍ എഡിറ്റ് ലോക്ക് ചെയ്യുന്നത് നിര്‍മാതാവ് ആയിരിക്കും. സംവിധായകന്‍ ഒരു കട്ട് കൊടുത്താലും അത് ചിലപ്പോള്‍ നിരസിക്കപ്പെട്ടേക്കാം. പുറത്തേക്ക് വരുന്ന പ്രൊഡക്റ്റ് എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. അതിന് ചിലപ്പോള്‍ സംവിധായകന്റെയോ എഴുത്തുകാരന്റെയോ വിഷ്വലൈസേഷനോ വിഷനോ ആയി ഒരു ബന്ധവും കാണില്ല. എല്ലാ മേഖലകളിലും സര്‍ഗാത്മകതയുടെ മേല്‍ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ പൂര്‍ണമായും ഉത്പ്പന്നം എന്നൊരു ആശയമാണ് കാണുന്നത്. ഈ പിടിമുറുക്കല്‍ കുറെ വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്.
ഉദാഹരണത്തിന് മുംബൈയില്‍ നിലനില്‍ക്കുന്ന കോണ്‍ട്രാക്റ്റുകള്‍. കോര്‍പറേറ്റുകളുടെ ഇത്തരത്തിലുള്ള കോണ്‍ട്രാക്റ്റുകള്‍ പ്രകാരം എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഒരു ഡി.ഒ.പിയെ മാറ്റാം. എപ്പോള്‍ വേണമെങ്കിലും സംവിധായകനെ മാറ്റാം.
ഇവിടെ ഞങ്ങള്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. യൂണിയനുകള്‍ അങ്ങനെയുള്ള ഒരു കരാറില്‍ ഒപ്പിടരുതെന്ന് അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. എങ്കില്‍പോലും നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ സൈന്‍ ചെയ്യുന്നുണ്ട്.
സംവിധായകനെ മാറ്റുന്നത് ഇപ്പോള്‍ വളരെ യാന്ത്രികവും നിസാരവുമായി മാറി. ഇവിടെയാണ് എ.ഐ. ഒരു ബാക്കപ്പ് ഫോഴ്‌സ് ആയി കടന്നുവരുന്നത്. ഒരു തീമോ സിറ്റുവേഷനോ സ്റ്റോറി ലൈനോ കൊടുത്താല്‍ അതിന്റെ അല്‍ഗോരിതം നിരവധി പെര്‍മ്യൂട്ടേഷന്‍സ് ആന്റ് കോമ്പിനേഷന്‍സില്‍ നിരവധി നരേറ്റീവുകള്‍ തരും. സീന്‍ ടു സീന്‍ ട്രാന്‍സിഷന്‍സ് തരും.
എ.ഐയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് ഹോളിവുഡ് സ്റ്റുഡിയോകള്‍ മാറിയിട്ടുണ്ട്. ക്രിയേറ്റിവിറ്റിയെ സാങ്കേതികവിദ്യ റീപ്ലേസ് ചെയ്യുകയാണ്. അത് എഴുത്തില്‍ മാത്രമല്ല പതിയെ പതിയെ സംവിധാനത്തിലും മറ്റ് മേഖലകളിലേക്കും കടന്നുവരും. സംവിധായകന്‍ ചെയ്യുന്ന ഒരു ഷോര്‍ട്ട് ഡിവിഷന്‍ വേണമെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വളരെ നിസാരമായി ചെയ്യാം. മാനുവല്‍ ആയി ഒരാള്‍ എക്‌സിക്യൂട്ടീവ് ചെയ്താല്‍ മതി.
ബാക്ക്ഗ്രൗണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എ.ഐ. ഉപയോഗിച്ച് അവരെ ഡിജിറ്റലി ജനറേറ്റ് ചെയ്യാന്‍ പറ്റും. എത്രപേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇത് ഇന്ത്യയിലേക്കും കടന്നു വരാന്‍ സാധ്യതയുണ്ട്. ഇതില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് എഴുത്തുകാരും മ്യൂസിക് കമ്പോസേഴ്സും സംവിധായകരുമാണ്.
എഴുത്തുകാരുടെ സമരത്തിലേക്ക് അഭിനേതാക്കളും പങ്കുചേര്‍ന്നപ്പോഴാണ് സമരം ലോകശ്രദ്ധ ആകര്‍ഷിച്ചത്. അവതാര്‍, ഗ്ലാഡിയേറ്റര്‍ മുതലായ സിനിമകളെ സമരം ബാധിച്ചിട്ടുണ്ട്. ലണ്ടനില്‍ നടന്ന ഓപ്പണ്‍ഹെയ്മര്‍ ചിത്രത്തിന്റെ പ്രീമിയര്‍ വേദിയില്‍ നിന്നും കിലിയന്‍ മര്‍ഫി, മാറ്റ് ഡേമന്‍, എമിലി ബ്ലന്റ് എന്നീ പ്രധാന അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാസ്റ്റും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. എ.ഐ. ഉപയോഗിച്ച് 30 സെക്കന്റില്‍ ഒരു അഭിനേതാവിന്റെ എക്‌സപ്രഷന്‍സ് കിട്ടിയാല്‍ ഒരു സിനിമക്ക് മുഴുവനായി ഉപയോഗിക്കാനാവും. എ.ഐയുടെ ഉപയോഗം അഭിനേതാക്കള്‍ക്ക് എത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്?
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ആഞ്ഞുവീശിയടിക്കുന്ന ഒരു ഡിഹ്യൂമനൈസേഷന്‍ നടക്കുന്നുണ്ട്. വിയര്‍ക്കുകയും ശ്വസിക്കുകയും ചെയ്യുന്ന മനുഷ്യന്റെ അസാന്നിധ്യം എന്നൊരു രീതിയിലേക്ക് പോകുന്നു. ശരീരമാണ് ആപ്രത്യക്ഷമാവുന്നത്. ഒരു ബോഡി ആര്‍ട്ടിഫിഷ്യലായി ജനറേറ്റ് ചെയ്യാന്‍ സാധിക്കും എന്ന നിലയിലാണ് എ.ഐ. വികസിക്കുന്നത്. ആക്ടറിന്റെ ശാരീരികമായ ഘടകങ്ങള്‍ മാത്രം മതി ഇതിന്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനം നോക്കുമ്പോള്‍ അതിന്റെ ആരംഭ ദിശയില്‍ നില്‍ക്കുന്നസോഫ്റ്റ്‌വെയറാണ് ഡീപ് ഫേക്ക്. ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു വീഡിയോ നമ്മള്‍ എല്ലാവരും കണ്ടതാണ്. അവിടെ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഫഹദിന്റേയും ശാരീരികമായ രൂപങ്ങളുടെ ഇമേജ് വെച്ച് ജനറേറ്റ് ചെയ്യുകയാണ്. ഇതൊക്കെ കാണുമ്പോള്‍ അഭിനേതാക്കളെ റീപ്ലേസ് ചെയ്യുന്ന അവസ്ഥ വരുമോ എന്ന ആശങ്കയുണ്ടാകും.
സ്‌കോറിങ്ങിന്റെ കാര്യത്തിലും അതുണ്ട്. എത്രയോ പ്രതിഭാധനരായ സംഗീത സംവിധായകര്‍ ഉണ്ട്. പക്ഷേ എ.ഐക്ക് ഒരു സീന്‍ കൊടുത്താല്‍ എത്ര വിധത്തിലും എത്ര തരത്തിലും സ്‌കോര്‍ ചെയ്തു തരും. ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രിയേറ്റിവിറ്റിയെ സാങ്കേതികവിദ്യ കൊണ്ട് റിപ്ലേസ് ചെയ്യുന്നു, മനുഷ്യരെ ഇമേജുകള്‍ കൊണ്ട് റീപ്ലേസ് ചെയ്യുന്നു. ഇത് ഭയപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ് എ.ഐ. സാങ്കേതികവിദ്യ വലിയ ഭീഷണിയായി വളരാനുള്ള സാധ്യതയുണ്ടെന്ന് അത് ജനറേറ്റ് ചെയ്ത ആള്‍ തന്നെ ഉത്കണ്ഠ പ്രകടിപ്പിച്ചത്. വളരെ ഭീതി ജനിപ്പിക്കുന്ന ഒരു ഡിസ്റ്റോപ്യയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും, ഉട്ടോപ്യ വേഴ്‌സസ് ഡിസ്റ്റോപ്യ എന്നൊരു ദ്വന്ദം എന്നൊരു ദ്വന്ദം കൊണ്ട് ഈ സങ്കീര്‍ണതയെ നേരിടാന്‍ കഴിയുകയുമില്ല.
ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ കണ്ടില്ലെന്ന് നടിക്കാനോ നിഷേധിക്കാനോ പാടില്ല. സര്‍ഗാത്മകതക്ക് സപ്ലിമെന്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഫോഴ്‌സ് ആയി അതിനെ ഉപയോഗിക്കാന്‍ കഴിയണം. പക്ഷേ ഈ ബാലന്‍സിങ് ആക്ട് പലപ്പോഴും നടക്കില്ല, പ്രത്യേകിച്ച് ക്യാപിറ്റല്‍ ഇന്റന്‍സീവായ ഒരു മേഖലയില്‍. മൂലധനം എന്നത് ഒരു വലിയ ശക്തിയായി നില്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള ബാലന്‍സ് നടപ്പിലാക്കാനുള്ള സാധ്യത ഒരുപക്ഷേ വളരെ കുറവാണ്. അതിനെതിരെയാണ് ഈ സമരം. അത് വ്യാപിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഇന്ത്യയിലേക്കും അത് വരും. ലോകത്തിലെ പ്രധാനപ്പെട്ട വമ്പന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യയില്‍ പ്രസന്‍സ് ഉണ്ട്. നേരത്തെയാണെങ്കില്‍ ഒരു സ്‌ക്രിപ്റ്റ് പിച്ച് ചെയ്തുകഴിഞ്ഞാല്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ ചെയ്തുകൊണ്ടിരുന്നത് ഓര്‍മാക്‌സ് പോലുള്ള ഏജന്‍സിയെ വിളിച്ച് അവലോകനം ചെയ്യാന്‍ കൊടുക്കുകയായിരുന്നു. ഒരു 100 പേരെ കൊണ്ട് വായിപ്പിച്ച് അവരുടെ മൈക്രോ-മാക്രോ എക്‌സ്പ്രഷന്‍സ് മുഴുവന്‍ റെക്കോര്‍ഡ് ചെയ്യും. അതിന് ശേഷം ചോദ്യാവലി ഉണ്ടാക്കി അവരുടെ ഉത്തരങ്ങള്‍ക്കനുസരിച്ച് ഒരു ഗ്രാഫ് ഉണ്ടാക്കിയാണ് സ്‌ക്രിപ്റ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അത് മാറി ഇപ്പോള്‍ എ.ഐലേക്ക് സ്‌ക്രിപ്റ്റ് ഫീഡ് ചെയ്യുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് വേണ്ട മോഡിഫിക്കേഷന്‍ ചെയ്യുന്നത്, അല്ലെങ്കില്‍ ഇവാലുവേറ്റ് ചെയ്യുന്നത്. ഇതിനകം തന്നെ ഇന്ത്യയില്‍ പലരും അതിന് തുക്കമിട്ടിട്ടുണ്ട്. ഇന്ത്യയിലും ഇതുപോലൊരു സമരം അടുത്തുതന്നെ പ്രതീക്ഷിക്കാം.
തിലകന്‍, നെടുമുടി വേണു, കല്‍പന തുടങ്ങിയ മണ്‍മറഞ്ഞ കലാകാരന്മാരെ ഇനിയും സിനിമയില്‍ കാണാമെന്നുള്ളതാണ് എ.ഐയുടെ ഒരു ഗുണവശമായി പറയുന്നത്. അതിനെ എങ്ങനെയാണ് നോക്കികാണുന്നത്?
അത് എങ്ങനെയാണ് പുനരാവിഷ്‌കരിക്കുന്നത്? എന്തായിട്ടാണ് പുനരാവിഷ്‌കരിക്കുന്നത്? ഒരു സ്‌പെക്ട്രല്‍ പ്രസന്‍സ് ആയി, ഒരു പ്രേതാത്മകത ആയിട്ട് ആണ് അവര്‍ വരാന്‍ പോകുന്നത്. എ.ഐ. പോലെയുള്ള സാങ്കേതിക വിദ്യകള്‍ എല്ലായ്‌പ്പോഴും തികഞ്ഞ കൃത്യതയോടെ ‘ശരി’കളെ മാത്രം ഉത്പാദിപ്പിക്കുന്നു. തെറ്റാനും തെറ്റിക്കാനുമുള്ള സാധ്യതകളിലാണ് കല നിലനില്‍ക്കുന്നത്. പാരാമീറ്റേഴ്‌സ് തെറ്റിച്ചുകൊണ്ട്, ചിട്ടവട്ടങ്ങള്‍ തെറ്റിച്ചുകൊണ്ട് ഒരാള്‍ ജമ്പ് ചെയ്യുമ്പോള്‍, ആ കുതിച്ചു ചാട്ടത്തിലാണ് കലയുടെ മൊമെന്റ് ഉണ്ടാകുന്നത്.
ജഗതി ശ്രീകുമാറിനെ ഏത് അല്‍ഗോരിതം വെച്ച് റീക്രിയേറ്റ് ചെയ്താലും റിയല്‍ ടൈം പെര്‍ഫോമന്‍സിലെ അദ്ദേഹത്തിന്റെ മോഡുലേഷനോ ശ്വാസമോ മുഖത്തെ മസിലുകള്‍ ഒന്നു വിറക്കുന്നതോ ഒരിക്കലും കിട്ടില്ല. സര്‍ഗാത്മകത പ്രവചനാതീതമാണ്. അടുത്ത നിമിഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പ്രവചിക്കാന്‍ പറ്റില്ല. ഒരു ടേക്ക് കഴിഞ്ഞ് ഒന്നുകൂടി ചെയ്യാം എന്ന് ആക്ടറോട് പറഞ്ഞാല്‍ കഴിഞ്ഞ ടേക്ക് എനിക്ക് അറിയില്ല, അത് പെര്‍ഫോം ചെയ്തു കഴിഞ്ഞതാണ്, വേണമെങ്കില്‍ ഒന്നുകൂടി എടുക്കാം എന്നാണ് പറയുന്നത്. പെര്‍ഫോം ചെയ്യുന്ന മൊമെന്റ് ആക്ടര്‍ക്ക് പോലും പ്രവചിക്കാന്‍ പറ്റാത്ത ഒരു സംഗതിയാണ്. ആ ആകസ്മികതയിലാണ് കലയുള്ളത്. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല എഴുത്തിന്റെ കാര്യത്തിലും മുന്‍കൂട്ടി കാണാന്‍ പറ്റാത്ത ഒരു ലക്ഷ്യത്തിലേക്കുള്ള സഞ്ചാരമുണ്ട്. കണക്ക് കൂട്ടാന്‍ പറ്റാത്ത തരത്തിലുള്ള ഒരു മാജിക് എവിടെയോ കിടപ്പുണ്ട്. അതിനെ ഒരിക്കലും പുനസൃഷ്ടിക്കാനാവില്ല. അതാണ് എ.ഐക്കെതിരെ സമരം ചെയ്യുന്നവരുടെ പ്രതീക്ഷ.
നേരത്തെ താങ്കള്‍ പറഞ്ഞ എ.ഐ. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരെ ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത് ഗോഡ്ഫാദര്‍ സിനിമയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ഈ വീഡിയോ നിര്‍മിച്ച യുവാവ് തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റി പറഞ്ഞ് ഇനി ഇത്തരം വീഡിയോ ചെയ്യില്ല എന്നും പറഞ്ഞിരുന്നു. മലയാള സിനിമയിലേക്ക് എ.ഐ. ടെക്‌നോളജി ഉപയോഗം അത്ര പ്രകടമായി കടന്നുവന്നിട്ടില്ല. മലയാള സിനിമയിലേക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലേക്ക് എ.ഐ വന്നാല്‍ ഉണ്ടാകുന്ന ആശങ്കകളെ പറ്റിയും അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ പറ്റിയും ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ടോ?
അടുത്ത് തന്നെ തയ്യാറാക്കപ്പെടുന്ന ചില മലയാള സിനിമകളില്‍ എ.ഐയുടെ സാധ്യതകള്‍ ആലോചിക്കുന്നുണ്ട് എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. നേരത്തെ പറഞ്ഞ ലെവലിലേക്കൊന്നും പോകില്ലായിരിക്കാം.
എ.ഐക്ക് മുന്‍പേ റിയല്‍ എന്‍വയോണ്‍മെന്റില്‍ നിന്നും സിനിമ മാറിയിട്ടുണ്ട്. സ്റ്റുഡിയോയിലേക്ക് തന്നെ തിരികെ പോകുകയാണ് ഇപ്പോള്‍. ഓളവും തീരവുമാണ് മലയാള സിനിമയെ സ്റ്റുഡിയോയുടെ പുറത്തേക്ക് കൊണ്ടുവന്നത് എന്ന് എപ്പോഴും നാം പറയുമല്ലോ. ഇപ്പോള്‍ പരമാവധി വെളിയിലേക്ക് പോകാതെ, സ്റ്റുഡിയോയ്ക്കുള്ളില്‍ തന്നെ ക്രോമയുടേയോ, ബാക്ക് സ്‌ക്രീന്‍ പ്രൊജക്ഷന്റേയോ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയാണുള്ളത്. ഇങ്ങനെയുള്ള സാങ്കേതികവിദ്യയിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു.
ഇപ്പോള്‍ സിനിമയില്‍ കാണുന്ന പശ്ചാത്തലങ്ങളില്‍ പലതിലേക്കും നടനോ നടിയോ പോകുന്നില്ല. അത് ജനറേറ്റ് ചെയ്യപ്പെടുന്നതാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിന്റെ എക്സ്റ്റന്‍ഷന്‍ ആയി കാണാം. കേരളത്തില്‍ എ.ഐക്കുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. അടുത്ത് തന്നെ അത് കാണാന്‍ കഴിയും.
നല്ല രീതിയില്‍ എ.ഐയെ കുറിച്ച് പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്ന, സാങ്കേതികവിദ്യയുടെ മേഖലയില്‍ നന്നായി ഇടപെടുന്ന ഒരുപാട് ആളുകള്‍ നമുക്കിടയിലുണ്ട്. അതിന്റെ ഫിലോസഫിക്കലും ഐഡിയോളജിക്കലുമായുള്ള തലങ്ങളിലേക്ക് പോകുന്നവര്‍ വളരെ കുറച്ചേ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത്.
വ്യവസായവല്‍കരണവും കമ്പ്യൂട്ടറും വന്ന സമയത്ത് നടന്ന പ്രതിഷേധങ്ങള്‍, അത് തൊഴില്‍ സാധ്യതകളെ ബാധിക്കുമെന്നതായിരുന്നു. ക്രമേണ വ്യവസായവല്‍ക്കണം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. അതിന് സമാനമായി ഇപ്പോഴത്തെ പ്രതിഷേധത്തെ കാണാനാവുമോ?
പണ്ട് ട്രാക്ടര്‍ വന്നപ്പോഴും കമ്പ്യൂട്ടര്‍ വന്നപ്പോഴും ഉണ്ടായ സമരങ്ങളുടെ ആവര്‍ത്തനമാണിത്. ചരിത്രം ആവര്‍ത്തിക്കുമെന്ന് പറയുമല്ലോ. ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും എന്ന് പറയുന്ന തരത്തിലല്ല ഇത്. ഇത് അടിച്ചൊതുക്കപ്പെട്ടതിന്റെ ശക്തമായ തിരിച്ചുവരവാണ്. ഇത് പോസ്റ്റ് പാന്‍ഡമിക്കുമായി കൂടി കണക്ട് ചെയ്യണം. പാന്‍ഡമിക് സമയത്താണ് നമ്മള്‍ മറ്റുള്ളവരില്‍ നിന്ന് പരമാവധി അകന്നു നമ്മുടെ തന്നെ വളരെ സ്വകാര്യമായ ഇടങ്ങളിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയത്. സ്റ്റുഡിയോയിലേക്ക് സിനിമ മാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റ് പാന്‍ഡമിക്കിന്റെ തുടര്‍ച്ചയായാണ്.
ഒരു ട്രാന്‍സിഷന്‍ ഏജിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനെ അഡ്രസ്സ് ചെയ്യുക എന്നത് പ്രത്യേകിച്ചും ഒരു തൊഴിലാളി സംഘടനയുടെ ഭാഗത്തുനിന്നും അഡ്രസ് ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. സാമ്പ്രദായികമായിട്ടുള്ള ഒരു രീതി ശാസ്ത്രമോ നിലപാടുകള്‍ കൊണ്ടോ അതിനെ അഡ്രസ് ചെയ്യാന്‍ പറ്റില്ല. ഈ സാങ്കേതികവിദ്യയെ അതിന്റെ മുഴുവന്‍ സങ്കീര്‍ണതയിലും സൂക്ഷ്മതയിലും മനസിലാക്കിക്കൊണ്ട് മാത്രമേ അഡ്രസ്സ് ചെയ്യാന്‍ പറ്റൂ.
കമ്പ്യൂട്ടറും വ്യവസായവല്‍ക്കരണവും നിത്യജീവിതത്തിന്റെ ഭാഗമായതുപോലെ ഭാവിയില്‍ എ.ഐ. തൊഴിലിനെ കുറച്ചുകൂടി എളുപ്പമാക്കുകയും ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യാനുള്ള സാധ്യതയില്ലേ?
അതില്‍ യാതൊരു സംശയവുമില്ല. ഒ.ടി.ടി വരുമ്പോള്‍ തിയേറ്ററുകാര്‍ പറയാറില്ലേ അവര്‍ ശത്രുക്കളാണെന്ന്, അതില്‍ ഒരു കാര്യവുമില്ല. പരസ്പരം സഹകരിക്കുക. പാടുപെട്ട്, പണിപ്പെട്ട്, അധ്വാനിച്ച് സഹകരിച്ച് മുന്നോട്ട് പോവുക.
നിര്‍മാണ കമ്പനികള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍തുകക്ക് സിനിമ വില്‍ക്കുമ്പോള്‍ അതിന് ആനുപാതികമായി എഴുത്തുകാര്‍ക്ക് പ്രതിഫലം നല്‍കുന്നില്ല എന്നതും ഹോളിവുഡിലെ സമരത്തിന് കാരണമായിട്ടുണ്ട്. ബോളിവുഡിലും സമാനമായ പ്രശ്നമുണ്ടെന്ന് താങ്കള്‍ പറഞ്ഞല്ലോ. സമാനമായ പ്രശ്‌നം മലയാളത്തിലും ഉണ്ടോ?
ആ പ്രശ്നം മലയാളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ട്. സംഗീതജ്ഞര്‍ക്ക് ഇന്റ്വലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ഉള്ളതുപോലെ എഴുത്തുകാര്‍ക്കും ഐ.പിയില്‍ റോയല്‍റ്റി തരമാക്കുന്ന തരത്തില്‍ ഒരു സൊസൈറ്റിയെ പറ്റി ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. അതിന്റെ നിയമനിര്‍മാണത്തിന് വേണ്ടി വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് പേപ്പര്‍ വര്‍ക്കുകള്‍ നടന്നിട്ടുണ്ട്. പലപ്പോഴും അത് നടക്കുമെന്ന ഘട്ടം വന്നിട്ട് മാറിപ്പോയിട്ടുണ്ട്. കാരണം വളരെ പ്രബലരായ ലോബിയിസ്റ്റുകള്‍ ആണ് അതിനെതിരെ നില്‍ക്കുന്നത്. അല്ലെങ്കില്‍ ഓരോ പ്രാവശ്യം ടെലികാസ്റ്റ് ചെയ്യുമ്പോള്‍ എഴുത്തുകാരന് ആ റോയല്‍റ്റി കിട്ടേണ്ടതാണ്. അക്കാര്യത്തിലേക്ക് വരുമ്പോള്‍ ഇവര്‍ എല്ലാവരും ഒന്നാവുകയും അതിനെതിരെയും ലോബി ചെയ്യുകയും ചെയ്യും. ഇപ്പോഴും അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇറങ്ങുന്ന ഭൂരിപക്ഷ സിനിമകളും തിയേറ്ററുകളില്‍ പരാജയപ്പെടുന്നതിന് കാരണം ഒ.ടി.ടിയില്‍ വളരെ വേഗത്തില്‍ അത് ലഭ്യമാകുന്നത് മൂലമാണെന്നാണ് ഫിയോക് വാദിക്കുന്നത്. ഈ കാലപരിധി വര്‍ധിപ്പിക്കണമെന്നതാണ് അവര്‍ മുന്നോട്ട് വെക്കുന്ന പരിഹാരം. ഈ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാമെന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
ഒ.ടി.ടി റിലീസ് നീട്ടുന്നതുകൊണ്ടു കുഴപ്പമില്ല. അതിന് സമാനമായി തിയേറ്ററുകളില്‍ നിന്ന് വരുമാനം ഉണ്ടാവുകയും, അത് കൃത്യമായി നിര്‍മാതാക്കള്‍ക്ക് സമയബന്ധിതമായി കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും കൂടെ തിയേറ്ററുകാര്‍ക്ക് ഉണ്ട്. അതുപോലെ വലിയ മുതല്‍മുടക്കില്‍ വരുന്ന സിനിമയെ തിയേറ്ററുകള്‍ക്ക് എങ്ങനെ സപ്പോര്‍ട്ട് ചെയ്യാം എന്നും ആലോചിക്കാം. മുമ്പ് തിയേറ്ററുകാര്‍ സിനിമക്ക് നല്ലൊരു തുക അഡ്വാന്‍സ് കൊടുക്കുമായിരുന്നു. ഇപ്പോള്‍ അതെല്ലാം നിര്‍ത്തിയിരിക്കുകയാണ്. ഇത് ശത്രു/ മിത്രം എന്ന ബൈനറിയുടെ പ്രശ്‌നമാണ്. ശത്രുതയില്‍ നിന്നും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. രണ്ടു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് എങ്ങനെയാണ് ഇതിനിടക്കുള്ള സ്പേസിലേക്ക് എത്തിച്ചേരണ്ടത് എന്നാണ് ആലോചിക്കേണ്ടത്.
Content Highlight: interview with director B. Unnikrishnan on the Hollywood strike