മനോരമയില്‍ വന്ന അഭിമുഖത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല; പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍
Kerala News
മനോരമയില്‍ വന്ന അഭിമുഖത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല; പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2021, 12:07 pm

എറണാകുളം: പിണറായി വിജയനെ ചവിട്ടിയെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ ചോദ്യം ലേഖകന്‍ എന്നോട് ചോദിച്ചതാണ്. എന്നാല്‍ ഇതിനെ കുറിച്ച് പറയാനോ എഴുതാനോ വിശദീകരിക്കാനോ താല്‍പ്പര്യമില്ലെന്നായിരുന്നു തന്റെ മറുപടി. അത് ഒഴിവാക്കാനും പറഞ്ഞിരുന്നു.

എന്നാല്‍ ഇത് പ്രസിദ്ധീകരിക്കില്ലെന്നും തനിക്ക് അറിയാന്‍ വേണ്ടിയാണെന്നും പറഞ്ഞ് വീണ്ടും ചോദിക്കുകയായിരുന്നെന്നും തുടര്‍ന്ന് ഓഫ് റെക്കോര്‍ഡ് എന്ന് പറഞ്ഞുകൊണ്ട് പേഴ്‌സണലായി വിശദീകരിച്ചെന്നും സുധാകരന്‍ പറഞ്ഞു.

ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരള ജനതയെ അറിയിക്കാനുള്ള താത്പര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അതുപോലെ മറുപടി പറയാന്‍ തനിക്ക് സാധിക്കില്ല. പി.ആര്‍. ഏജന്‍സിയില്‍ നിന്ന് പുറത്ത് വന്ന യഥാര്‍ത്ഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അതുപോലെ തിരിച്ച് മറുപടി പറയാന്‍ തനിക്കാവില്ല. തന്റെ വ്യക്തിത്വവും സംസ്‌കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയിരുന്നെന്ന തരത്തില്‍ കെ. സുധാകരന്റെ അഭിമുഖം പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ സ്വപ്നമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മനോരമ ആഴ്ചപ്പതിപ്പിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞതായിട്ടുമായിരുന്നു അഭിമുഖത്തില്‍ വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

did not say i trampled to Pinarayi in Manorama Interview says K Sudhakaran