ഒമ്പത് മാറ്റങ്ങള്‍ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കൊറിയയോട് ദയനീയമായി പരാജയപ്പെട്ടു
Football
ഒമ്പത് മാറ്റങ്ങള്‍ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കൊറിയയോട് ദയനീയമായി പരാജയപ്പെട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th July 2019, 11:27 pm

അഹമ്മദാബാദ്: ഫൈനലിലേക്കുള്ള വഴികള്‍ ദുഷ്‌കരമാക്കി ആതിഥേയരായ ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ രണ്ടാം പരാജയം ഏറ്റുവാങ്ങി. അഹമ്മദാബാദിലെ ഇ.കെ.എ അരീനയില്‍ നടന്ന മത്സരത്തില്‍ ഉത്തരകൊറിയയോട് 5-2-നായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഫൈനലിലേക്കുള്ള പ്രവേശനത്തിന് ഇരുടീമുകള്‍ക്കും വിജയം അത്യാവശ്യമായിരുന്ന മത്സരത്തില്‍ ഒമ്പതു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്.

എന്നാല്‍ എട്ടാം മിനിറ്റില്‍ത്തന്നെ ആദ്യ ഗോള്‍ വഴങ്ങാനായിരുന്നു ടീമിന്റെ വിധി. ജോങ് ഗ്വാന്റെ ഗോളിലൂടെ മുന്നിലെത്തിയ ടീം ഉടന്‍തന്നെ സിം ഹ്യോന്‍ ജിന്നിന്റെ രണ്ടാം ഗോളില്‍ ലീഡുറപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധത്തില്‍ വന്ന വിള്ളല്‍ മുതലെടുത്തായിരുന്നു ഈ ഗോള്‍.

29-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ പിറന്നു. ഗ്വാന്‍ നേടിയ രണ്ടാം ഗോളിലൂടെ ബഹുദൂരം മുന്നിലെത്തിയ കൊറിയയുടെ പ്രതിരോധത്തെ മറികടക്കാന്‍ ഇന്ത്യന്‍ ടീം കിണഞ്ഞുശ്രമിച്ചു.

അവസാനം രണ്ടാംപകുതിയില്‍ 50-ാം ഗോളിലായിരുന്നു ആ ഗോള്‍ വന്നത്. ലാലിയന്‍സുവാല ഛാങ്‌തെയാണ് ഇന്ത്യക്കുവേണ്ടി ഈ ഗോള്‍ നേടിയത്.

എന്നാല്‍ ഇതിനുശേഷം 63-ാം മിനിറ്റില്‍ ടീമിന്റെ നാലാം ഗോള്‍ നേടി റി ഉന്‍ ചോല്‍ ഇന്ത്യയുടെ വഴികള്‍ അടച്ചു. 71-ാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഗോളിലൂടെ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നെങ്കിലും പിന്നീട് കൊറിയന്‍ പ്രതിരോധത്തെ ഭേദിക്കാന്‍ സാധിച്ചില്ല.

ഒടുവില്‍ ഇന്ത്യയുടെ തോല്‍വിയില്‍ അവസാന ആണിയും അടിച്ച് എക്‌സ്ട്രാടൈമില്‍ (91) ജിന്‍ അഞ്ചാം ഗോള്‍ നേടി.

15-ന് താജിക്കിസ്ഥാനെയാണ് കൊറിയക്കു നേരിടേണ്ടതെങ്കില്‍ ഇന്ത്യക്ക് എതിരാളികള്‍ സിറിയയാണ്.