ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ലൈംഗികാരോപണം; ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയെന്ന് സൂചന; അറസ്റ്റ് ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 10:38am

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്.

രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കണമെന്നാണ് അന്വേഷണ കമ്മീഷന്‍ വ്യോമയാന മന്ത്രാലയത്തിനയച്ച കത്തില്‍ പറയുന്നത്.

ബിഷപ്പ് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും, ലൈംഗിക പീഡനം സാധൂകരിക്കുന്ന തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന.


ALSO READ: വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അഭിമന്യൂവിന്റെ ജൂലി ടീച്ചര്‍; പത്ത് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയെന്ന് അഭിമന്യൂവിന്റെ അച്ഛന്‍


അതേസമയം, ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം ഇല്ലാതായിരിക്കുകയാണ്. ജലന്ധര്‍ ബിഷപ്പ് 12 തവണ ബലാത്സംഗം ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയറിന് ഡിസംബറില്‍ കത്തയച്ചിരുന്നു. കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ റൂമില്‍ വെച്ചാണ് ബിഷപ്പ് പീഡിപ്പിച്ചത്. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്.

കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇത് കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Advertisement