എഡിറ്റര്‍
എഡിറ്റര്‍
ഇ-ലോകത്തില്‍ ഒരു മിനുട്ട്
എഡിറ്റര്‍
Thursday 21st March 2013 12:04pm

ഇന്റര്‍നെറ്റ് ഒരു നിമിഷമെങ്കിലും പ്രവര്‍ത്തനരഹിതമാകുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? വെറുതെ ഇരിക്കുമ്പോള്‍ പോലും ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലോ യുട്യൂബിലോ സമയം കളയാനാണ് നാം ഇഷ്ടപ്പെടുന്നത്.

Ads By Google

മുഴുവന്‍ സമയവും തിരക്കുപിടിച്ച ഇടമായി മാറിയിരിക്കുന്നു ഇ-ലോകം. കമ്പ്യൂട്ടറില്‍ മാത്രം ലഭ്യമായിരുന്ന ഈ ഇന്റര്‍നെറ്റ് സൗകര്യം നമ്മുടെ കൈവെള്ളയിലൊതുങ്ങുന്ന മൊബൈല്‍ ഫോണിലൂടെ ലഭ്യമാകാന്‍ തുടങ്ങിയതോടെ കൊച്ചു കുട്ടി മുതല്‍ വൃദ്ധര്‍ വരെ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായി മാറി.

പൂച്ച കരയുന്നതും പിഞ്ചു കുട്ടികള്‍ ചിരിക്കുന്നതും നാട്ടിലുണ്ടാകുന്ന ആക്‌സിഡന്റുമെല്ലാം വീഡിയോയിലാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും.

തികച്ചും വിനോദത്തിന് മാത്രമല്ല അറബ് വസന്തം വരെ തളിരിട്ടതും പൂത്തതും കായ്ച്ചതുമെല്ലാം സോഷ്യല്‍ മീഡിയകളിലൂടെയാണ്. പറഞ്ഞതു വരുന്നത് എന്താണന്നല്ലേ? നമ്മുടെ ഈ ഇന്റര്‍നെറ്റ് ലോകത്തില്‍ കണ്ണടച്ചു തുറക്കുന്ന ഒരു മിനുട്ടില്‍ കൊണ്ടു സംഭവിക്കുന്നതെന്തൊക്കെയാണെന്ന് അറിയണ്ടേ?

ഈ കൗതുകമാണ് ഇക്കാര്യത്തില്‍ ഒരു സര്‍വെ നടത്താന്‍   ഇന്റലിനെ പ്രേരിപ്പിച്ചത്. ഒരു മിനുട്ടില്‍ ഇന്റര്‍നെറ്റില്‍ 639,800 ജിഗാബൈറ്റ് വരുന്ന വിവര കൈമാറ്റങ്ങളാണ് നടക്കുന്നത്.

ഇതില്‍ 20 ലക്ഷം ഗൂഗിള്‍ വഴിയുള്ള സെര്‍ച്ചുകളും, ടെര്‍മിനലില്‍ തെളിയുന്നത് 60 ലക്ഷം ഫേസ്ബുക്ക് പേജുകളുമാണ്. കൂടാതെ പുതിയതായി ലോഗ് ചെയ്യുന്നത് 277,000 ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ടു കോടി ഫോട്ടോകളും ഒരു മിനുട്ടിനുള്ളില്‍ ബ്രൗസ് ചെയ്യുന്നുണ്ടെന്നും , ഒരു മിനുട്ടില്‍ ലോകത്തിലെ പ്രമുഖ വ്യക്തികളുടേതുള്‍പ്പെടെ ഒരു ലക്ഷം ട്വീറ്റുകളും കുറിക്കപ്പെടുന്നു.320 പുതിയ ടിറ്റ്വര്‍ അക്കൗണ്ടുകളാണ് ഉണ്ടാകുന്നതെന്നും സര്‍വെ ഫലം വെളിപ്പെടുത്തുന്നു.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ എണ്ണം നോക്കുമ്പോള്‍ മുമ്പുണ്ടായതിനെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കോടികളുടെ വ്യാപാരമാണ് ഇന്‍ര്‍നെറ്റ് വഴി നടക്കുന്നത്.

ചില്ലറവ്യാപാരികളായ ആമസോണ്‍ ഡോട്ട് കോമില്‍ മാത്രം ഈ കുറഞ്ഞ സമയത്തിനുള്ളില്‍ നടക്കുന്നത് 45 ലക്ഷത്തിന്റെ  ഓണ്‍ലൈന്‍ കച്ചവടമാണ്. പതിമൂന്ന് ലക്ഷത്തിലധികം പേര്‍ യൂ ട്യൂബില്‍ വീഡിയോ കാണുന്നുണ്ട്.

അതേസമയം തന്നെ മുപ്പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ യൂ ട്യൂബില്‍ ഉപയോക്താക്കള്‍ ചേര്‍ക്കുന്നുണ്ട്. 61,000 പേരാണത്രെ ഇന്റര്‍നെറ്റിലൂടെ സംഗീതമാസ്വദിക്കുന്നത്. വിക്കിപീഡിയ മാത്രം ഒരോ മിനുട്ടിലും ആറ് ആര്‍ട്ടിക്കിളുകള്‍ പോസ്റ്റ് ചെയ്യുന്നുന്നുണ്ടെന്നാണ് ഇന്റല്‍ സര്‍വെ പറയുന്നത്.

ഇന്റര്‍നെറ്റ് സൗകര്യം വിവിധ ഉപകരണങ്ങളിലൂടെ ലഭ്യമാകാന്‍ തുടങ്ങിയതാണ് ഇ-ലോകത്തില്‍ തിരക്കു വര്‍ധിക്കാന്‍ കാരണമെന്നും ഇന്റല്‍ അഭിപ്രായപ്പെടുന്നു.മൊബൈല്‍ ഫോണ്‍ ഇതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.

2015 ആകുമ്പോഴേക്കും നെറ്റ്വര്‍ക്ക് ഉപരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ ലോക ജനസംഖ്യ  ഇരട്ടിയാകുമെന്നും ഏത് സമയത്തും ജനങ്ങളുടെ കൈയ്യും കണ്ണും ഇ-ലോകത്തിലാണെന്നും ഇന്റല്‍ സര്‍വെ പറയുന്നു.

ഇന്റര്‍നെറ്റ് ആളുകളുടെ അഭിനിവേശമായി മാറികൊണ്ടിരിക്കുകയാണെന്നാണ് സര്‍വെ പറയുന്നത്. കാഴ്ചയ്ക്കപ്പുറമുള്ള സൗഹൃദവലയങ്ങള്‍ ആഗ്രഹിക്കുന്നവരും, പ്രചരണത്തിന്റേയും പ്രതിഷേധങ്ങളുടെയും ഇടങ്ങള്‍ കാലത്തിനനുസൃതമായി ഇ-ലോകത്തിലേക്ക് പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ് ലോകജനത.

ഇതാണ് ഈ സര്‍വെ ഫലം തെളിയിക്കുന്നത്.

Advertisement