Administrator
Administrator
വരൂ, തിരുനെല്ലിയിലേക്ക് പോകാം
Administrator
Friday 26th November 2010 1:47pm

കാട്ടാനകള്‍ ട്രക്കിങ്ങിന് പോകുന്ന സ്ഥലം എന്ന് തിരുനെല്ലി കാടിനെ വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടാവില്ല. ആനത്താരയും ആനച്ചൂരും ആനപ്പിണ്ഡവും കടന്നുവേണം തിരുനെല്ലിയിലെത്താന്‍. വളഞ്ഞും പുളഞ്ഞുമുള്ള റോഡ്. റോഡിനിരുവശവും കൂറ്റന്‍ മുളങ്കാടുകള്‍. ട്രക്ക് ട്രക്ക് ട് ട് ട്…

വീശിയടിക്കുന്ന കാറ്റില്‍ മുളങ്കാട് ഉരഞ്ഞുണ്ടാകുന്ന ശബ്ദമാണോ മുളങ്കാടിനപ്പുറത്ത് മുളങ്കൂമ്പ് തിന്നു തിമിര്‍ക്കുന്ന ആനക്കൂട്ടമാണോ. അതൊരാനക്കൂട്ടമാണെന്ന് മനസ്സിലാക്കാന്‍ വൈകിയവരെ  ചവിട്ടിയരച്ച് പപ്പടമാക്കിയ ചരിത്രമുണ്ട് ഈ കാടിന്.

മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളതെത്തി റോഡ് വലത്തോട്ട് തിരിഞ്ഞാല്‍ പിന്നെ കുറേ ദൂരം കാപ്പിതോട്ടങ്ങളാണ്. അതും കഴിഞ്ഞ് മുന്നോട്ട് വന്നാല്‍ തിരുനെല്ലിക്കാടായി. വയനാട് വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണ് തിരുനെല്ലിക്കാടുകള്‍. കൊടും കാടിന്റെ നടുവില്‍ വച്ച് റോഡ് വീണ്ടും രണ്ടായി പിരിഞ്ഞു.

തെറ്റ് റോഡ് എന്നാണ് ഈ സ്ഥലത്തിന്‍റെ പേര്. ഒന്ന് തിരുനെല്ലിക്കും മറ്റേത് കര്‍ണ്ണാടകയിലേക്കും. അതുവഴിപോയാല്‍ തോല്‍പ്പട്ടി വന്യജീവി സങ്കേതം കാ​ണാമെന്ന് അറിയിപ്പ് ബോര്‍ഡും ഇവിടുണ്ട്.  ഈ തെറ്റുറോഡില്‍ കൊടും കാടിന്‍റെ നടുവില്‍ ആനപ്പേടിയില്ലാതെ കഴിഞ്ഞ മുപ്പത് വര്‍ഷമായി തിരുനെല്ലിയിലേക്ക് പോകുന്നവര്‍ക്ക് ചായയും ഉണ്ണിയപ്പവും വിറ്റുകൊണ്ടിരിക്കുന്ന കുട്ടേട്ടന്റെ ജഗില്‍ വ്യൂ ടീഷാപ്പുണ്ട് ( കുട്ടേട്ടന്‍സ് ജംഗിള്‍ ഉണ്ണിയപ്പം വായിക്കാം )

വഴികള്‍ വളഞ്ഞും പുളഞ്ഞും ഏറെ പോയാല്‍ ആനത്താരയിലെത്തും. കര്‍ണ്ണാടകത്തിലെ ആനകള്‍ വേനല്‍ക്കാലത്ത് വെള്ളം തേടി കേരളത്തിലേക്ക് വരുന്ന ഹൈവേയാണ് ആനത്താര. മുന്‍പില്‍ ആനക്കൂട്ടത്തെ കണ്ടാല്‍ വണ്ടികള്‍ നിറുത്തിയിടുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

അങ്ങനെ മണിക്കൂറുകളോളം ആന നടുറോട്ടിലെ റാമ്പില്‍ ഫാഷന്‍ഷോ നടത്തി വണ്ടിക്കാരെ അതിശയിപ്പിച്ച് നിറുത്തിയ നിരവധി സംഭവങ്ങള്‍ ഇവിടുണ്ടായിട്ടുണ്ട്.

കുറേക്കൂടെ മുന്നോട്ട് പോയപ്പോള്‍ ഒഴിഞ്ഞ ഒരിടത്ത് മാന്‍കൂട്ടത്തെ കണ്ടു. പിന്നെ ഒറ്റതിരിഞ്ഞ് അലഞ്ഞ് നടക്കുന്ന കേഴമാനിനേയും. വണ്ടി റോഡരികില്‍ നിറുത്തിയപ്പോള്‍ ഞങ്ങളെ നോക്കി പോസുചെയ്തു തന്നു. പിന്നെ പന്തിയല്ലെന്ന് തോന്നി കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു.

വീശിയടിക്കുന്ന കാറ്റില്‍ ആനപ്പിണ്ടത്തിന്‍റെ ചൂര് മൂക്കിലേക്കടിച്ചുകയറുന്നുണ്ട്. കാടിന്‍റെ ഒരനക്കം പോലും പേടിയാണ് ഉള്ളില്‍ കോരിയിട്ടത്. മുന്നിലൊരു ആനക്കൂട്ടത്തെ പ്രതീക്ഷിച്ച് മുന്നോട്ട് പോയി. പക്ഷേ ആ യാത്രയില്‍ ആനക്കൂട്ടത്തെ കാണാനായില്ല. വന്യമായ കാഴ്ച്ചകള്‍ കണ്ടും രസിച്ചും സ്വല്‍പ്പം ഭയന്നും തിരുനെല്ലിയിലെത്തുമ്പോള്‍ സമയം ഉച്ചകഴിഞ്ഞിരുന്നു.

വയനാടിന്‍റെ വടക്കേ മൂലയിലാണ് തിരുനെല്ലി‍. തിരുനെല്ലിയിലെത്തിയാല്‍ ലോകം ഇവിടെ അവസാനിക്കുകയാണോ എന്നു തോന്നിപ്പോകും.  ചുറ്റും വന്‍ മലനിരകളും നിത്യഹരിതവനങ്ങളും. മഴമേഘങ്ങളും കോടമഞ്ഞും ബ്രഹ്മഗിരി മലയിറങ്ങിവരുന്നുണ്ട്. ആ താഴ്വരയില്‍ കാടിന്‍റെ തലപ്പ് തൊട്ടുതൊട്ടു പറക്കുന്ന പക്ഷികള്‍… അമ്പലത്തിനടുത്തുള്ള കാസറ്റ് കടകളില്‍ നിന്ന് ഗായത്രീമന്ത്രം ഒഴുകി നിറയുന്നുണ്ട്. പിന്നെ വീശിയടിക്കുന്ന തണുത്ത കാറ്റും.

ഇവിടെ ക്ഷേത്രത്തിനപ്പുറം  കാണുന്ന ബ്രഹ്മഗിരിമലകള്‍ക്കപ്പുറം കര്‍ണ്ണാടകമാണ്. പ്രസിദ്ധമായ പക്ഷിപാതാളത്തിലേക്ക് എത്തണമെങ്കില്‍ ഈ കൂറ്റന്‍ മലകയറി അപ്പുറത്തെത്തണം. ( പാതാളത്തിലെ പക്ഷികള്‍ വായിക്കാം. )

എനിയ്ക്കു പിറകേ ആരൊക്കെയോ ആത്മാക്കളുടെ പുണ്യഭൂമി തേടി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചിതാഭസ്മവുമായി കുറേപ്പേര്‍ മരിച്ചുപോയവരെമാത്രം മനസ്സില്‍ ധ്യാനിച്ച്  അധികമൊന്നും സംസാരിക്കാതെ നിറഞ്ഞു തുളുമ്പാറായ കണ്ണുകളുമായി അവര്‍ പാപനാശിനി ലക്ഷ്യമാക്കി നടന്നുപോകുന്നു. അവര്‍ക്കു  പിന്നാലെ അമ്പലത്തിന്‍റെ അരികു ചേര്‍ന്നുളള  ഒറ്റയടിപ്പാതയിലൂടെ ഞാനും നടന്നു.

ആത്മാക്കള്‍ക്കു  നിത്യശാന്തി ലഭിക്കാനായി അസ്ഥിയും ചാരവുമായി  വാവുദിവസവും അല്ലാതെയും  നൂറുകണക്കിനാളുകളാണ് ഈ നിശബ്ദ താഴ്വരയിലേക്ക് ഒഴുകിയെത്തുന്നത്. അമ്പലത്തില്‍ നിന്ന് ഒരുപാടു പടികളിറങ്ങണം പാപനാശിനിയിലേയ്ക്കുളള വഴിയിലെത്താന്‍.

കരിങ്കല്‍ പടികളിലെ കരിങ്കല്‍ ഫലകങ്ങളില്‍ അമ്പലത്തിന് അത് നല്‍കിയവരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്. ഇത്രയും പടികള്‍ ഇറങ്ങാനും കയറാനും കുറച്ച് ആയാസപ്പെടണം. എന്നാല്‍ ഭക്തിയുടെ നിറവില്‍ എണ്‍പത്  പിന്നിട്ടവരും പടികളോരോന്നായി എണ്ണിക്കയറിയിറങ്ങുന്നത് കണ്ടു.

ഈ പടികളിറങ്ങിയാല്‍ ഒരു കുളം കാണാം, പഞ്ചതീര്‍ത്ഥക്കുളം. അതിന്‍റെ നടുവില്‍ വലിയ ഒരു പാറയുണ്ട്.  അതിലേക്ക് നടന്ന് പോകാനായി കരിങ്കല്ലുകൊണ്ട് തന്നെ തീര്‍ത്ത ഒരു കൊച്ചുപാലവും. പാറയുടെ നടുവില്‍  ശ്രീരാമന്റെ കാല്‍പ്പാടുകള്‍  പതിഞ്ഞിട്ടുണ്ടെന്നാണ്  വിശ്വസം.

ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനെന്നോണം കരിങ്കല്‍ പാറയില്‍ രണ്ട് കാല്‍പ്പാടുകള്‍ കാണാം. പൂവും പ്രസാദവും ശ്രീരാമന്‍റെ പാദങ്ങളില്‍ നിവേദിച്ച് പാപനാശിനി ലക്ഷ്യംവച്ച് നടന്നുപോകുന്നു ചിലര്‍‍. ഈ കാല്‍പാടുകള്‍ ശ്രീരാമന്‍റെ തന്നെയാണോ ? അറിയില്ല. എങ്കിലും ഇവിടെത്തുന്നവര്‍ അങ്ങനെ വിശ്വസിക്കുന്നു. കഥയില്‍ ചോദ്യങ്ങളില്ലെന്ന് പറയുന്നത് പോലെ വിശ്വാസങ്ങളിലും  ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തി.

നിശബ്ദതയുടെ ആ താഴ്വരയിലൂടെ നടക്കുമ്പോള്‍  ദൂരെ പാപനാശിനി പുഴയുടെ ശബ്ദം കേള്‍ക്കാം.  ബ്രഹ്മഗിരി മലയിലെ ഏതോ പേരറിയാ മരത്തിന്‍റെ വേരുകള്‍ക്കിടയില്‍ നിന്ന് ഒഴുകിവരുന്നതാവണം ഈ പാപനാശിനി. വലിയ മരപ്പടര്‍പ്പുകളില്‍ കുരങ്ങന്‍മാര്‍ ചാടിമറയുന്നുണ്ട്.

വഴികളില്‍ നിന്ന് ഇന്നലെ പെയ്ത മഴവെള്ളം മാഞ്ഞുപോയിട്ടില്ല. ഒരുപാട് വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കയറ്റം കയറിയപ്പോള്‍ പാപനാശിനിക്കരയിലെത്തി. അവിടെ നാലുപേര്‍ ബലിതര്‍പ്പണം നടത്തുന്നുണ്ട്. എള്ളും ചോറും ചന്ദനവും നിറഞ്ഞ ഇല ഇടത്തേ കൈയ്യിലും ദര്‍ബ മോതിരം വലത്തേ കൈയ്യ് വിരലിലുമണിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ഏറ്റുപറയുന്നുണ്ട്.

പഞ്ചദ്രവ്യങ്ങളടങ്ങിയ ഇല പിന്നോട്ടെറിഞ്ഞ്  ഈ കാട്ടരുവിയില്‍ മുങ്ങിനിവര്‍ന്നാല്‍ മരിച്ചവര്‍ക്ക് പാപമോക്ഷം ലഭിക്കുമെന്നാണ് സങ്കല്‍പ്പം. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയില്‍ ഒഴുക്കിയിട്ടുണ്ട്. ആ സംഭവത്തോടെയാണ് ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്ക് തിരുനെല്ലിപെരുമ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്.

പാപനാശിനിക്ക് ആ പേര് കിട്ടിയതിന് പിന്നിലെ ഐതീഹ്യങ്ങള്‍ പലതാണ്. രാമ-രാവണ യുദ്ധം കഴിഞ്ഞ് ലങ്കയില്‍ നിന്ന് യുദ്ധം ജയിച്ച് മടങ്ങുകയായിരുന്ന ശ്രീരാമന്‍  തിരുനെല്ലിയില്‍ അച്ഛന്‍ ദശരഥന് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തെന്നും അന്നുമുതലാണ് പാപനാശിനിയില്‍  ഭക്തജനങ്ങള്‍ മരണപ്പെട്ട പ്രീയപ്പെട്ടവര്‍ക്ക്  വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്തുപോരുന്നതെന്നുമാണ് ഒരു വിശ്വാസം.

ഇവിടെയും തീരുന്നില്ല ഹൈതീഹ്യങ്ങളിലെ പാപനാശിനി പെരുമ. അച്ഛന് വേണ്ടി സ്വന്തം അമ്മയെ കൊല്ലേണ്ടിവന്ന പരശുരാമന്‍ അമ്മയെ കൊന്ന പാപം തീര്‍ക്കാന്‍ പല പുണ്യനദികളിലും  കൈകഴുകിയെന്നും അതിലൊന്നും ഫലം കാണാതായപ്പോള്‍ പാപനാശിനിയില്‍ വന്ന് രക്തക്കറ കഴുകി പാപമുക്തനായി എന്നും വിശ്വാസമുണ്ട്.

വിശ്വാസങ്ങള്‍ എന്തായാലും ഇന്നും ആത്മാക്കളുടെ നിത്യശാന്തിക്കായി ഇവിടെയെത്തുന്നവരുടെ തിരക്കിന് കുറവില്ല. ഇവിടെ നിന്ന് പാപമുക്തി നേടുന്ന ആത്മാക്കള്‍ ബ്രഹ്മഗിരിക്കപ്പുറം പക്ഷിപാതാളത്തില്‍ പക്ഷികളുടെ രൂപത്തില്‍ പുനര്‍ജനിക്കുന്നുണ്ടെന്നുമാണ് വിശ്വാസികള്‍ പറയുന്നത്. ( പാതാളത്തിലെ പക്ഷികള്‍ വായിക്കാം )

പഞ്ചതീര്‍ഥത്തില്‍ നിന്ന് അല്പം ദൂരെ മാറി സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രത്തിന് തിരുനെല്ലി ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട്. ഇവിടെ ത്രിമൂര്‍ത്തികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. പിതൃകര്‍മം ചെയ്ത് മടങ്ങുന്നവര്‍ ഈ ഗുഹാ ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നത് കണ്ടു. ഗുഹാമുഖത്ത് നിന്ന് അകത്തോട്ട് നോക്കിയപ്പോള്‍ നല്ല ഇരുട്ട്.

ആ ഗുഹാക്ഷേത്രത്തിന്‍റെ മറ്റൊരു ഭാഗത്ത് ഒരു നിലവിളക്ക് കത്തുന്നുണ്ട്.  ഈ ഗുഹാക്ഷേത്രത്തിന്റെ പുരാവൃത്തം ബുദ്ധ-ജൈന മതങ്ങളോട് ബന്ധം പുലര്‍ത്തുന്നതായി പറയപ്പെടുന്നു.

ഗുഹാക്ഷേത്രത്തില്‍ നിന്നിറങ്ങി തിരുനെല്ലിപെരുമാളിനെ കാണാന്‍ അമ്പലത്തിലേക്ക് നടന്നു. ഇറങ്ങിവന്ന പടികളോരോന്നും കയറണം അമ്പലത്തിലെത്താന്‍. കയറിപോകുന്ന ഓരോ പടികളിലും  ഒരു വൃദ്ധ കുഞ്ഞുമകളുടെ സഹായത്തോടെ കൈക്കുമ്പിളിലെ ചന്ദനം തേച്ച് നേര്‍ച്ച നേരുന്നതുകണ്ടു.

വിശ്വാസത്തിന്‍റെ പാരമ്യത്തില്‍ അവര്‍ അവശതകളും വേദനകളും  മറക്കുന്നുണ്ടാവണം. അവര്‍ ശരണമന്ത്രങ്ങള്‍  ഉരുവിടുന്നുമുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും താല്‍ക്കാലികമായെങ്കിലും അവരുടെ വേദനകള്‍ ശപിപ്പിക്കുന്നുണ്ടാവണം.

പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്ന തിരുനെല്ലി ക്ഷേത്രം കണ്ടു. കേരളീയ വാസ്തുവിദ്യയുടെ  മാതൃകയിലാണ് തിരുനെല്ലി അമ്പലം നിര്‍മ്മിച്ചിരിക്കുന്നത്. അമ്പലത്തിനപ്പുറത്തായി നിവര്‍ന്നു  നില്‍ക്കുന്ന  ബ്രഹ്മഗിരി മലനിരകള്‍.  ഇവിടെയെത്തുന്ന സഞ്ചാരികളിലും ഭക്തരിലും അത്ഭുതം നിറക്കുന്ന കാഴ്ച്ചയാണ് ആ കൂറ്റന്‍ മലകള്‍. കുറച്ചുനേരമെങ്കിലും ആ ഭീമന്‍ മലയെ ഇവിടെത്തുന്നവര്‍ നോക്കിനിന്നുപോകും. ആ മലയുടെ മുകളിലെത്താന്‍ ആഗ്രഹിച്ചുപോകും.

മലയെ അള്ളിപ്പിടിച്ചു നില്ക്കുന്ന ചോലവനങ്ങളും അങ്ങു ദൂരെ മലയുടെ ഉച്ചിയില്‍ സ്ഥാപിച്ച വാച്ച് ടവറും അമ്പലനടയില്‍ നിന്നും കാണാം.  ഈ കാടുകളില്‍ ഒളിത്താവളങ്ങള്‍ തീര്‍ത്തായിരുന്നു വസന്തത്തിന്‍റെ ഇടിമുഴക്കം കേള്‍പ്പിക്കാനായി നക്സലേറ്റുകളായ അജിതയും വര്‍ഗ്ഗീസും മന്ദാകിനിയും ഫിലിപ്പ് എം പ്രസാദുമൊക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തോക്കെടുത്ത് ജന്‍മിമാരെയും  പോലീസിനേയും വിറപ്പിച്ചത്.

അമ്പലത്തിന് നേരെ പിറകിലെത്തിയപ്പോള്‍ തിരുനെല്ലി പെരുമാളിനെ എഴുന്നള്ളിച്ചുകൊണ്ടുള്ള വരവുകണ്ടു. പെളുമാളിന്‍റെ വിഗ്രഹത്തിന് മുന്നിലായി രണ്ട് ചെണ്ടക്കാരുമുണ്ട്. അമ്പലത്തിന്‍റെ ചുറ്റും വലിയ കരിങ്കല്‍ പാളികള്‍ പാകിയിറ്റുണ്ട്. ഈ വഴികളിലൂടെ വലംവച്ചാല്‍ തിരുനെല്ലി ക്ഷേത്രത്തിന്‍റെ പഴക്കം മനസ്സിലാവും. നിര്‍മ്മാണം പാതിയില്‍ നിറുത്തിയതുപോലെ തോനിപ്പിക്കുന്ന കുറേ കരിങ്കല്‍ തൂണുകള്‍ കാണാം അമ്പലത്തിന് ചുറ്റും.

വസന്തത്തിന്‍റെ ഇടിമുഴക്കം കേള്‍പ്പിക്കാനായി നക്സലേറ്റുകളായ അജിതയും വര്‍ഗ്ഗീസും  ഫിലിപ്പ് എം പ്രസാദുമൊക്കെ  ആയുധമെടുത്ത് ജന്‍മിമാരെയും  പോലീസിനേയും വിറപ്പിച്ചത് ഇവിടെവച്ചായിരുന്നു

അതിലേറെ രസകരവും കൗതുകവും നിറഞ്ഞ കാഴ്ച്ച ബ്രഹ്മഗിരി മലകളില്‍ നിന്ന് കല്ലുകൊണ്ടുള്ള പാത്തിവഴി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്ന വെള്ളമാണ്.  ബ്രഹ്മഗിരിയിലെ ഏതോ നീരുറവയുടെ ചുവട്ടില്‍ നിന്നാണ് ഈ കല്‍പാത്തി തുടങ്ങുന്നത്. ക്ഷേത്രത്തിലെ പൂജയ്ക്ക് വെള്ളമെത്തിക്കാനാണത്രേ  ഈ കല്‍പാത്തി നിര്‍മ്മിച്ചത്. കുറച്ച് വെള്ളമെടുത്ത് കുടിച്ചുനോക്കി. നല്ല തണുപ്പ്. ഈ ജലത്തിന് ബ്രഹ്മഗിരിയിലെ ഔഷധ സാനിന്ധ്യമുണ്ടെന്ന് ക്ഷേത്രത്തിലെ  ഒരു നമ്പൂതിരി പറഞ്ഞു. ഈ കല്‍പാത്തിയുടെ നിര്‍മ്മാണം വളരെ രസകരമാണ്. ഇതിന് പിന്നിലും പറഞ്ഞുകേള്‍ക്കുന്നൊരു ഐതീഹ്യമുണ്ട്.

പണ്ട്  കോലത്തു നാടിന്‍റെ ഉടയവര്‍ ഭാര്യയേയും കൂട്ടി തിരുനെല്ലി അമ്പലദര്‍ശനത്തിനെത്തിയത്രേ. തലേന്ന് പെയ്തമഴയില്‍ അമ്പല നടയില്‍  ചളിവെള്ളം നിറഞ്ഞിരുന്നതിനാല്‍ കെട്ടിലമ്മയുടെ കാലില്‍ നന്നായി  ചെളി പുരണ്ടു. കാല്‍ കഴുകി വൃത്തിയാക്കാന്‍ അവര്‍ ക്ഷേത്രം പരിചാരകരോട് ആവശ്യപ്പെട്ടു. അപ്പോള്‍ അവര്‍ ചെറിയ ഒരു കിണ്ടിയില്‍ വെള്ളം കൊണ്ടുവന്ന് നല്‍കി.

‘ക്ഷേത്രക്കിണറില്‍ വെള്ളമില്ലാതെ പോയോ’ എന്ന് ചോദിച്ചപ്പോള്‍ ക്ഷേത്രത്തില്‍  കിണറില്ലെന്നും അടുത്തുള്ള തീര്‍ത്ഥങ്ങള്‍ ജനങ്ങള്‍ കുളിക്കുന്നതുകൊണ്ട് ആ വെള്ളം ക്ഷേത്രാവശ്യത്തിനായി എടുക്കാറില്ലെന്നും പരിചാരകര്‍ മറുപടി പറഞ്ഞു. ക്ഷേത്ര ആവശ്യങ്ങള്‍ക്കായുള്ള വെള്ളം ദൂരെ ബ്രഹ്മഗിരിമലയിലെ ഒരു ഉറവയില്‍ നിന്നാണ് എടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷേത്രത്തിന്‍റെ ജലപ്രശ്നം തീര്‍ക്കാന്‍ മുന്‍കൈയെടുത്തെന്നും വാസ്തുവിദ്യാവിദഗ്ധനും തന്‍റെ സഹോദരനുമായ വായിക്കര വലിയ നമ്പ്യാതിരിയുടെ മേല്‍‌നോട്ടത്തില്‍ സമര്‍ത്ഥരായ കരിങ്കല്‍പ്പണിക്കാരെക്കൊണ്ട് പണികഴിപ്പിച്ചതാണത്രേ ഈ കരിങ്കല്‍ പാത്തി.

എന്തായാലും ഈ സംവിധാനം കൊള്ളാം. ഇന്നാണ് ഇത്തരമൊരു ജലശേചന പദ്ധതിയുണ്ടാക്കാന്‍ തുനിയുന്നതെങ്കില്‍ ആദ്യം നമ്മള്‍ വെട്ടിനശിപ്പിക്കുക തിരുനെല്ലികാടിന്‍റെ ഒരു ഭാഗം തന്നെമായിരിക്കും.  അതൊന്നുമില്ലാതെ സമര്‍ത്ഥമായാണ് ബ്രഹ്മഗിരിയിലെ ഉറവയില്‍ കല്‍പാത്തി അമ്പല നടയിലെത്തിച്ചിരിക്കുന്നത്. ആ ഇഞ്ചിനേറിങ് വൈഭവം കുറച്ചുനേരം നോക്കിനിന്ന് അവിടെ നിന്ന് ക്ഷേത്രത്തിന് മുന്‍ഭാഗത്തേക്ക് നടന്നു. ദൂരെ ബ്രഹ്മഗിരിമലമുകളില്‍ മഞ്ഞിറങ്ങിവരുന്നത് കണ്ടു.

വൈകുന്നേരമായെന്ന് വിളിച്ചറിയിച്ചുകൊണ്ട് ക്ഷേത്രത്തില്‍ നിന്ന് ഭക്തിഗാനം കേട്ടുതുടങ്ങി. ഈ ക്ഷേത്രത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഇതാരാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചതെന്ന് ചോദിച്ചുപോകും. ഇന്നും വലീയ മോടിപിടിപ്പിക്കലുകളൊന്നും കൂടാതെ ക്ഷേത്രം നിലനില്‍‌ക്കുന്നു എന്നതുതന്നെ കാരണം.

ബ്രഹ്മാവിന്‍റെ സാനിധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു പിറകിലുള്ള മലനിരകള്‍ക്ക് ബ്രഹ്മഗിരി എന്ന് പേരുവന്നതെന്നും കരുതപ്പെടുന്നു

ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെപറ്റി പറഞ്ഞുകേള്‍ക്കുന്ന ഐതീഹ്യങ്ങള്‍ നിരവധിയാണ് . അമ്പലങ്ങളുടെ പഴക്കം കൂടുന്തോറും ഐതീഹ്യങ്ങളുടെയും കഥകളുടേയും എണ്ണം കൂടുമെന്ന് എനിക്കുതോന്നി.  ബ്രഹ്മാവ്  തിരുനെല്ലിക്ഷേത്രം നിര്‍മ്മിച്ച് വിഷ്ണുവിനു സമര്‍പ്പിച്ചു എന്നാണ് ഒരു ഐതീഹ്യം.   ബ്രഹ്മാവിന്‍റെ സാനിന്ധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു പിറകിലുള്ള മലനിരകള്‍ക്ക് ബ്രഹ്മഗിരി എന്ന് പേരുവന്നതെന്നും കരുതപ്പെടുന്നു.

കുടകില്‍ നിന്നുള്ള ഒരു  രാജാവ്  തിരുനെല്ലി ക്ഷേതം ഉണ്ടാക്കിയതെന്നും, ക്ഷേത്രത്തിന്റെ പണികള്‍തീരുന്നതിന് മുന്‍പ് കുടകിന്റെ ഭാഗമായിരുന്ന തിരുനെല്ലി വയനാടിന്റെ ഭാഗമായെന്നുമുള്ള നാട്ടുവര്‍ത്തമാനങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഒരു കറുത്തവാവ് ദിവസം രാത്രിയാണ് അമ്പലം പണിതതെന്നും രാവിലെയായതോടെ പണി നിറുത്തിയെന്നും തിരുനെല്ലിയിലെ ആദിവാസികള്‍ പറയുന്നു. എന്തായാലും ഇത്തരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കൊന്നും ഇതുവരെ ചരിത്രപരമായ സ്ഥിതീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

എന്നാല്‍ ചരിത്രരേഖകള്‍ പറയുന്നത്  ഇങ്ങനെയാണ്. തിരുനെല്ലി ക്ഷേത്രത്തെപറ്റി ചേര രാജാക്കന്മാരാ‍യ ഭാസ്കര രവിവര്‍മ്മയുടെ  ചെമ്പ് ആലേഖനങ്ങളിലുണ്ട്.  ഇതിന് തെളിവായി തിരുനെല്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി  പുരാവസ്തു ഗവേഷകര്‍ ചെമ്പുതകിടുകള്‍ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. ഒന്‍പതാം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകള്‍ക്ക് പഴക്കമുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കാസര്‍ഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാ‍ജാക്കന്മാരും ആയും ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇതിനെല്ലാം പുറമേ കൂര്‍ഗ്ഗിലെ രാജാക്കന്മാരുമായും തിരുനെല്ലി ക്ഷേത്രത്തിന്  ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കല്‍ ‌പ്രതിമകളുടെ അവശിഷ്ടങ്ങള്‍ കൂര്‍ഗ്ഗ് രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണെന്ന് ചരിത്ര ഗവേഷകര്‍  കണ്ടെത്തിയിട്ടുണ്ട്.

നിഗൂഡവും വന്യവുമായ ഈ പ്രദേശം പോലെതന്നെയാണ് തിരുനെല്ലി അമ്പലത്തെ പറ്റിയുള്ള ഐതീഹ്യങ്ങളും. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള അപൂര്‍ണ്ണമായ കല്‍തൂണുകള്‍  ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടതാണെന്നും അല്ലെന്നുമുള്ള വാദങ്ങളും നിലനില്‍ക്കുന്നുണ്ട്.  എന്നാല്‍ അത്തരം വാദഗതികള്‍ പൂര്‍ണ്ണമായി തള്ളികളയാന്‍ ചരിത്രകാരന്മാര്‍ തയ്യാറായിട്ടില്ല. ഈ പ്രദേശങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ കാലത്ത് മൈസൂര്‍പ്പടയുമായി യുദ്ധമുണ്ടായിട്ടുണ്ടെന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്.

തിരുനെല്ലി എന്ന് പേര് വന്നതിന് പിന്നിലും പറഞ്ഞുകേള്‍ക്കുന്ന കഥകളുണ്ട്. പണ്ട് ഈ കൊടും കാട്ടിലൂടെ മൈസൂരിലേക്ക് തീര്‍ത്ഥയാത്ര പോയ മൂന്ന് മലയാളി നമ്പൂതിരിമാര്‍ക്ക് വഴിതെറ്റിയത്രേ. വിശന്ന് വലഞ്ഞ് അവസാനം അവര്‍ ഇവിടെയെത്തിച്ചേര്‍ന്നു.  വഴിയറിയാതെ വലഞ്ഞ അവര്‍ അവസാനം കാടുമൂടിക്കിടക്കുന്ന പുരാതനമായ ഒരു ക്ഷേത്രം കണ്ടെത്തി. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു വലീയ നെല്ലിമരം അവര്‍ കണ്ടെന്നും ആ നെല്ലിമരത്തില്‍ നിന്ന് വിശപ്പുമാറുവോളെ നെല്ലിക്കകഴിച്ച് ക്ഷീണമാറ്റിയെന്നും പറയപ്പെടുന്നു. അവരാണത്രേ നെല്ലിമരങ്ങള്‍ നിറഞ്ഞ ഈ താഴ്വരയെ തിരുനെല്ലി എന്ന് വിളിച്ചത്.

അമ്പലത്തിന് ചുറ്റുമുള്ള വനങ്ങളില്‍ ഇന്നും നല്ലിമരങ്ങള്‍ സമൃദ്ധമായി വളര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇവിടുത്തെ ഓരോ സ്ഥലനാമ വിശേഷണങ്ങള്‍ക്ക് പിറകിലും ഇതുപോലുള്ള നിരവധി കഥകളുണ്ട്. നിരവധി കഥകളും ഐതീഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നുതാണ് തിരുനെല്ലി പെരുമ.

ശാന്തമായ ഈ താഴ്വര വിട്ടുപോകുമ്പോള്‍ ഇനിയും ഇങ്ങോട്ട് വരണമെന്ന് മനസ്സ് മന്ത്രിച്ചു. എല്ലാ പിരിമുറുക്കങ്ങളും അഴിച്ചുവെയ്ക്കാന്‍ ഈ തിരുനെല്ലിക്കാടിനും ഇവിടുത്തെ അന്തരീക്ഷത്തിനുമാവുന്നു എന്നത് തന്നെ കാരണം. നഗര കോലാഹലങ്ങള്‍ അഴിച്ചുവച്ച് രണ്ട് ദിവസമെങ്കിലും  തിരുനെല്ലിക്കാട്ടില്‍ ജീവിക്കാനായി  കര്‍ണാടകത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും നിരവധിവണ്ടികള്‍ തിരുനെല്ലിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. കാഴ്ച്ചയുടെ ശാന്തതതേടിയാണ് അവരിവിടെയെത്തുന്നത്.

ശാന്തഗംഭീരമായ ഈ താഴ്വര വിട്ടുപോകുക അത്ര എളുപ്പമല്ല. ‘പുറപ്പെടാത്തയാത്രകളെ അകത്തുനിന്നാരോ തിരിച്ചുവിളിക്കുന്നു’ എന്ന കവിവചനം പോലെ ഈ താഴ്വരയിലെ കാഴ്ച്ചകണ്ട് തിരിച്ചിറങ്ങുമ്പോള്‍ തിരുനെല്ലി തിരിച്ചുവിളിക്കും.  ബലിതര്‍പ്പണം ചെയ്ത് തിരിച്ചിറങ്ങുന്നവര്‍ അത് തങ്ങളുടെ പ്രീയപ്പെട്ടവരായും ഭക്തര്‍ തിരുനെല്ലി പെളുമാളായും സഞ്ചാരികള്‍ ഇവിടുത്തെ പ്രകൃതിയുടേയും ആ വിളികേള്‍ക്കും.

(ലേഖകന്‍റെ ഇമെയില്‍ വിലാസം: evarunramesh@gmail.com, mob

+91 9447162636 )

where to stay in thirunelli:

* Tamarind Hotel- by KTDC   * Thirunelli temple gust house

Location:

Thiruneli is ideally located amidst the serene Brahmagiri Hills, at about 32 km from Mananthavady and 66 km from Kalpetta in Wayanad District, North Kerala.

Best Time to Visit:

Any time except during heavy monsoon

Nearest railway station:

Kozhikode, about 138 kms from thirunelli

Nearest airport:

Karipur International Airport, Kozhikode about 23 km from Kozhikode town

INSIDE WAYANAD മുന്‍ ലക്കങ്ങള്‍ വായിക്കാം :

പാതാളത്തിലെ പക്ഷികള്‍

ബാണാസുര സാഗരം

കുട്ടേട്ടന്‍സ് ജം­ഗിള്‍ ഉണ്ണിയപ്പം

ഒരു വയനാടന്‍ മഴയാത്ര

Inside wayanad സഞ്ചാര സാഹിത്യ പരമ്പര

Advertisement