എഡിറ്റര്‍
എഡിറ്റര്‍
റാം റഹീമിന്റെ സാമ്രാജ്യത്തില്‍ അനധികൃത ഗര്‍ഭഛിത്രങ്ങളും നടന്നിരുന്നതായി സംശയം; റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
എഡിറ്റര്‍
Monday 11th September 2017 6:11pm

ന്യൂദല്‍ഹി: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ചാ ആശ്രമത്തില്‍ നടന്നിരുന്ന ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വരുന്നത്. റാം റഹീമിന്റെ സാമ്രാജ്യത്തില്‍ അനധികൃത ഗര്‍ഭഛിത്രം നടന്നിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിര്‍സയിലെ ദേരാ സച്ചാ ആശുപത്രിയിലെ ഗര്‍ഭഛിത്രങ്ങളുടെ കണക്ക് ഹരിയാന സര്‍ക്കാര്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെട്ടിരിക്കുന്നത്.

ചട്ടങ്ങള്‍ മറികടന്നാണ് ഈ ആശുപത്രിയില്‍ ഗര്‍ഭഛിദ്രങ്ങള്‍ നടന്നിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭ്‌ജോത് സിങ് ചൂണ്ടിക്കാട്ടുന്നു. ഷാ സത്‌നം ജി ആശുപത്രിയില്‍ സൂക്ഷിച്ച രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ അനധികൃത ഗര്‍ഭഛിദ്രം നടത്തിയ ആറോളം കേസുകള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. റാം റഹീമിന്റെ സാമ്രാജ്യത്തില്‍ നടന്നു വരുന്ന റെയ്ഡിലാണ് അനധികൃത ഗര്‍ഭഛിത്രം നടന്നതായി സംശയിക്കത്തക്ക തെളിവുകള്‍ ലഭിച്ചത്.

നേരത്തെ, ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ആശ്രമത്തില്‍ നിന്ന് സന്യാസിനികളുടെ ഹോസ്റ്റലിലേയ്ക്ക് പോകുന്ന രഹസ്യപാത കണ്ടെത്തിയിരുന്നു. ദേരാ സച്ചാ സൗദാ ആശ്രമത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് രണ്ടു തുരങ്കങ്ങളും ആയുധങ്ങളും സ്ഫോടക വസ്തുനിര്‍മ്മാണ ശാലകളും കണ്ടെത്തിയത്.


Also Read:  മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ യു.ജി.സി അടിച്ചേല്‍പ്പിച്ച മോഡിയുടെ പ്രസംഗം കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു


ഇവിടെ നിന്ന് വന്‍ സഫോടകശേഖരം പൊലീസ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഫാക്ടറി പൂട്ടി സീല്‍ ചെയ്തു. ആശ്രമത്തിനുള്ളിലെ തുരങ്കങ്ങളില്‍ ഒന്ന് സന്യസിനിമാരുടെ മുറിയിലേയ്ക്കും മറ്റൊന്ന് റോഡിലേയ്ക്കുമുള്ളതാണ്.

കേന്ദ്ര സേനയടക്കമുള്ളവരെ ഉള്‍പ്പെടുത്തി വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ദേരാ സച്ഛാ സൗദയിലെ സിര്‍സയിലുള്ള ആസ്ഥാന മന്ദിരത്തില്‍ റെയ്ഡ് നടത്തുന്നത്. ഈഫല്‍ ഗോപുരത്തിന്റെയും താജ്മഹലിന്റെയും മാതൃകകളിലുള്ള ആഡംബര കെട്ടിടങ്ങളാണ് ആശ്രമത്തിനകത്തുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ ആശ്രമത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച പ്രത്യേക നാണയങ്ങളും വന്‍ ധനശേഖരവും കണ്ടെടുത്തിരുന്നു. പരിശോധനയുടെ ഭാഗമായി പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം താത്ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

Advertisement