എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഇന്നസെന്റ്
Movie Day
എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഇന്നസെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th January 2022, 9:47 pm

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനെന്ത് പറയാനാണെന്ന് ഇന്നസെന്റ്. തനിക്കറിയാന്‍പാടില്ലാത്ത കാര്യത്തില്‍ എന്തു പറയാനാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ഇന്നസെന്റ് പറഞ്ഞു.

‘അയാള്‍ തെറ്റ് ചെയ്‌തോ എന്ന് പറയുന്നതിനപ്പുറം അതിന് പൊലീസുണ്ട്. ഉദ്യഗസ്ഥര്‍, വക്കീലന്മാര്‍, ജഡിജ് അവരല്ലേ തീരുമാനിക്കേണ്ടത്. അത് ശരിയാണോ അല്ലെയോന്ന് ചോദിക്കാം. ചില പാവങ്ങള്‍ തല വെച്ച് തരും. എന്തേലും പറയും. എന്നിട്ട് നിങ്ങളെല്ലാവരും കൂടി അയാളുടെ പണി അവസാനിപ്പിക്കും. അങ്ങനെ എന്റെ പണി അവസാനിപ്പിക്കണോ. വേണ്ടല്ലോ.

ഇത് എല്ലാവര്‍ക്കും ഉണ്ടാവുന്ന കാര്യങ്ങളല്ലേ, എല്ലാവര്‍ക്കുമല്ല, പല ആള്‍ക്കാര്‍ക്കും പല കേസുകളും കാര്യങ്ങളുമുണ്ട്. അതിന് കോടതിയുണ്ട്. അതിന്റപ്പുറത്ത് ഈ എട്ടാം ക്ലാസുകാരന് എന്ത് പറയാനുണ്ട്. കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ ഞാനെന്ത് പറയാനാണ്,’ ഇന്നസെന്റ് ചോദിച്ചു.

‘സിനിമ മേഖലക്ക് പുറത്തുള്ളവരുടെ പേരിലും ശരിയും തെറ്റുമൊക്കെ വരാറില്ലേ. നമ്മുടെ സഹപ്രവര്‍ത്തകനാണ്, നമ്മുടെ നാട്ടുകാരനാണെന്ന് പറഞ്ഞ് എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണം. അതാണെനിക്ക് പറയാനുള്ളത്,’ ഇന്നസെന്റ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.

ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

നേരത്തെ തിങ്കളാഴ്ച പരിഗണിച്ച ഹരജി ദിലീപിന്റെ അഭിഭാഷകന് കൊവിഡ് മൂലം എത്താനാവാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസുണ്ടായത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ എന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹരജിയില്‍ ദിലീപ് ആരോപിച്ചിരുന്നു.

കേസിലെ മറ്റ് പ്രതികളും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: innocent about dileep case