നിയമസഭ സംഘര്‍ഷത്തിലെ പരിക്ക്; കെ.കെ. രമ എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍മാര്‍
Kerala News
നിയമസഭ സംഘര്‍ഷത്തിലെ പരിക്ക്; കെ.കെ. രമ എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 9:42 pm

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ.കെ. രമ എം.എല്‍.എയുടെ കൈയിലെ പരിക്കില്‍ എട്ട് ആഴ്ച പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍മാര്‍. രമയുടെ കയ്യിലെ ലിഗമെന്റില്‍ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്നും എം.ആര്‍.ഐ സ്‌കാനിലൂടെ അത് വ്യക്തമായിട്ടുണ്ടെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഘര്‍ഷത്തിലുണ്ടായ പരിക്കില്‍ ആദ്യം നിയമസഭാ ക്ലിനിക്കിലെ ഡോക്ടറായിരുന്നു രമയെ ചികിത്സിച്ചത്. എന്നാല്‍ ഈ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയുണ്ടായ നിയമസഭയിലെ സംഘര്‍ഷത്തിലാണ് രമയുടെ കൈക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് വ്യാജമാണെന്ന രീതിയിലുള്ള പ്രചരണം സച്ചിന്‍ദേവ് എം.എല്‍.എ അടക്കം നടത്തിയിരുന്നു.

‘ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ലാല്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍.

ഇതില്‍ ഇടത് കയ്യിലുണ്ടായിരുന്ന തിരുമുറിവ് വലത് കയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം….തോമസൂട്ടി വിട്ടോടാ..’,എന്നാണ് സച്ചിന്‍ ദേവ്, രമയുടെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ അന്ന് പങ്കുവെച്ച കുറിപ്പ്.

എന്നാല്‍ വീഡിയോ കണ്ടാല്‍ ആളുകള്‍ക്ക് അറിയാമെന്നും ഭരണപ്രതിപക്ഷ എം.എല്‍.എമാര്‍ ഉളളിടത്ത് ഒരു വ്യക്തിയെ മാത്രം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്നുമായിരുന്നു അന്ന് രമ പ്രതികരിച്ചത്. എം.എല്‍.എയെപ്പോലെയുള്ളയാള്‍ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നും രമ പറഞ്ഞു.

തുടര്‍ന്ന് സച്ചിന്‍ ദേവിനെതിരെ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും രമ പരാതി നല്‍കിയിരുന്നു. പല സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ചേര്‍ത്ത് വ്യാജ വാര്‍ത്ത നിര്‍മിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. എന്നാല്‍ ഇത് വരെ പരാതിയില്‍ നടപടിയുണ്ടായിട്ടില്ല

content highlight: Injury in assembly conflict; K.K. The doctors said that it should be plastered for eight weeks