ഇന്ത്യക്കാര്‍ പെഗാസസ് ലിസ്റ്റില്‍ വന്നത് മോദിയുടെ സന്ദര്‍ശനത്തിന് ശേഷം, ഒരു ആയുധ ഇടപാടാണത്; ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍
pega
ഇന്ത്യക്കാര്‍ പെഗാസസ് ലിസ്റ്റില്‍ വന്നത് മോദിയുടെ സന്ദര്‍ശനത്തിന് ശേഷം, ഒരു ആയുധ ഇടപാടാണത്; ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd August 2021, 1:53 pm

ന്യൂദല്‍ഹി: ഇസ്രാഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസിന്റെ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പേരുകള്‍ വന്നത് മോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തിന് ശേഷമാണെന്ന് ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകന്‍. ഇസ്രാഈലി പത്രം ഹാരെറ്റ്‌സിന്റെ ടെക് എഡിറ്റര്‍ ഒമര്‍ ബെഞ്ചകോബാണ് ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശവും പെഗാസസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചത്.

‘ഇന്ത്യക്കാര്‍ പെഗാസസ് ടാര്‍ഗറ്റ് പട്ടികയില്‍ വരുന്ന സമയം നോക്കുകയാണെങ്കില്‍, അത് മോദി 2017ല്‍ ഇസ്രാഈല്‍ സന്ദര്‍ശിച്ച അതേ മാസത്തിലാണെന്ന് കാണാനാകും.  ഹംഗറിയില്‍ നിന്നുള്ളവരുടെ കാര്യം നോക്കൂ, ഇസ്രാഈല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 2018 ജൂലൈയില്‍ ഹംഗറിയില്‍ സന്ദര്‍ശനം നടത്തിയതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് അവിടെയുള്ളവര്‍ പെഗാസസ് ടാര്‍ഗറ്റുകളാകുന്നത്,’ ബെഞ്ചകോബ് പറഞ്ഞു.

എന്‍.എസ്.ഒയുടെ (പെഗാസസ് നിര്‍മാതാക്കളായ കമ്പനി) സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നുവെന്നും ഇത്തരം സന്ദര്‍ശനങ്ങളും പെഗാസസും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെഗാസസ് ഒരു സാങ്കേതികവിദ്യാ പ്രശ്‌നമല്ലെന്നും ഇതൊരു ആയുധ കച്ചവട ഇടപാടാണെന്നും ബെഞ്ചകോബ് പറഞ്ഞു. മറ്റേതൊരു അന്താരാഷ്ട്ര ആയുധ ഇടപാടുകള്‍ പോലെ തന്നെയാണ് പെഗാസസെന്നും എന്‍.എസ്.ഒ ഒരു സ്വകാര്യ കമ്പനിയായതുകൊണ്ട് ഇത് ആയുധക്കച്ചവടം അല്ലാതെയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോയിംഗ് ഒരു സ്വകാര്യ കമ്പനിയല്ലേയെന്നും ബെഞ്ചകോബ് ചോദിച്ചു.

ഇന്ത്യന്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് പെഗാസസ് ഇടപാട് നടന്നിരിക്കുകയെന്നും സര്‍ക്കാര്‍ തന്നെ പെഗാസസിന്റെ ഉപയോക്താക്കളാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രാഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത്.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് പുറത്തുവന്നത്.

അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായാണ് വിവരം. വിവിധ രാജ്യങ്ങള്‍ പെഗാസസില്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കുന്നുണ്ടെങ്കിലും പെഗാസസ് കാര്യമാക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Indian targets showed up on Pegasus list after Modi’s 2017 Israel visit: Israel news paper Haaretz tech editor