ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Indian Railway
വൈകിയെത്തുന്ന സമയം പുതിയ സമയം: റെയില്‍വേ ബോര്‍ഡ് ഉത്തരവ് അട്ടിമറിച്ച് ദക്ഷിണ റെയില്‍വേ
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 6:06pm
തിരുവനന്തപുരം: ട്രേയിനുകളുടെ കൃത്യനിഷ്ഠത ഉറപ്പാക്കാനുള്ള റെയില്‍വേ ബോര്‍ഡ് നിര്‍ദേശത്തെ കടത്തിവെട്ടി ദക്ഷിണ റെയില്‍വേയുടെ പരിഷ്ക്കരണം. വൈകിയോടുന്ന ട്രെയിനുകളുടെ യഥാര്‍ത്ഥ സമയം മാറ്റി വൈകിയെത്തുന്ന സമയം പുതിയ സമയമായി പ്രഖ്യാപിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ നീക്കം.
ഇതുസംബന്ധിച്ച ഉത്തരവ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് ദക്ഷിണ റെയില്‍വേ കൈമാറി. ട്രെയിനുകള്‍ വൈകിയോടുന്നു എന്ന പരാതി നിരന്തരം യാത്രക്കാര്‍ ഉന്നയിക്കാറുണ്ട്. ട്രെയിനുകൾ വൈകിയാൽ ജനറൽ മാനേജർമാർക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ കര്‍ശന നിര്‍ദേശവുമുണ്ട്.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് ഷൊർണൂരിലെത്തേണ്ട സമയം ഉച്ചയ്ക്കു 12.55 ആണെങ്കിലും മിക്ക ദിവസവും 1.20, 1.30 എന്നിങ്ങനെയാണ് എത്തിച്ചേരുന്നത്. പുതിയ ഉത്തരവു പ്രകാരം വേണാടിന്‍റെ ഷൊർണൂർ സമയം 1.25 ആക്കി മാറ്റിയിട്ടുണ്ട്. ഫലത്തിൽ ട്രെയിനുകളുടെ റണ്ണിങ് സമയം കൂട്ടിയാണ് സമയകൃത്യത ഉറപ്പാക്കാൻ പോകുന്നത്. ഉത്തരവ് ഇറങ്ങിയതിനു തൊട്ടുപിന്നാലെ ബെംഗളൂരുവിലേക്കുള്ള ഐല‍ൻഡ് എക്സ്പ്രസിന്‍റെ ബെംഗളൂരു സമയം 7.20 എന്നത് 7.30 ആക്കി മാറ്റി.


നാഗർകോവിൽ-ബെംഗളൂരു ട്രെയിൻ 9.5നു പകരം 9.30നായിരിക്കും ബെംഗളൂരുവിൽ എത്തുക. ദക്ഷിണ റെയിൽവേയിൽ ഏറ്റവും മോശം കൃത്യനിഷ്ഠയുള്ള തിരുവനന്തപുരം, പാലക്കാട്, ചെന്നൈ ഡിവിഷനുകളിലെ 87 സർവീസുകൾക്കാണു പുതിയ ഉത്തരവു ബാധകം. കേരളത്തിലെ ഒട്ടുമിക്ക ട്രെയിനുകളും പുതിയ നിർദേശത്തിന്‍റെ പരിധിയിൽ പെടും.
2017ൽ നിലവിൽ വന്ന ടൈംടേബിളിൽ നേരത്തെ തന്നെ കേരളത്തിലോടുന്ന ട്രെയിനുകൾ വൈകിച്ചിരുന്നു. അറ്റകുറ്റപ്പണിക്കു സമയം നൽകാനെന്ന പേരിലാണു തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ട്രെയിനുകൾക്കു അധികം സമയം അനുവദിച്ചത്. ഇപ്പോഴിതാ പുതിയ പരിഷ്ക്കരണവും. പുതിയ നിര്‍ദേശത്തില്‍ അവസാന രണ്ടു സ്റ്റേഷനുകൾക്കിടയില്‍ ട്രെയിനുകൾക്കു അധിക സമയം നല്‍കിയിട്ടുണ്ട്.
നിലവിലുള്ള ബഫര്‍ ടൈമിനു പുറമെയാണിത്. അവസാന സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം ട്രെയിനില്‍ ഇരിക്കേണ്ടി വരും. ട്രെയിനുകളുടെ വേഗം കൂട്ടി ഓട്ടം മെച്ചപ്പെടുത്തി കൃത്യസമയം പാലിക്കണമെന്ന റെയില്‍വേ ബോര്‍ഡ് ഉത്തരവാണ് ട്രെയിനുകൾ വൈകിച്ച് കൃത്യനിഷ്ഠ ഉറപ്പാക്കാനുള്ള ഉത്തരവിലൂടെ സോണുകൾ അട്ടിമറിച്ചത്.

Advertisement