എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കണ്ണടച്ചിരുട്ടാക്കാന്‍ സാധ്യമല്ല : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍
എഡിറ്റര്‍
Tuesday 21st March 2017 2:13pm

കുവൈത്ത് : സ്ത്രീയുടെ ശരീരവും സൗന്ദര്യവും ആഘോഷവും ഉല്‍സവപുരമാക്കി ആഭാസകരമായ കാഴ്ചകള്‍ക്ക് വിരുന്നൊരുക്കുന്നവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ആത്മരോഷം കൊള്ളുന്നത് കൗതുകമുണര്‍ത്തുന്നുവെന്നും ലൈംഗികാതി പ്രസരത്തിനെതിരെ ധാര്‍മിക പ്രതിരോധം തീര്‍ക്കുന്നവരെ സദാചാര പോലീസെന്ന അപനാമ നിര്‍മിതിയിലൂടെ അവഹേളിക്കാന്‍ തിടക്കം കൂട്ടുന്നവര്‍ അനുഭവത്തിലൂടെ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ പോകുന്നില്ലെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (കെ.എന്‍.എം) സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഓരോ മിനുറ്റിലും സംഭവിക്കുന്നുവെന്നും ഔദ്യോഗിക കണക്കുകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്.

ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക്‌പോലും തടവറകളില്‍ സുഭിക്ഷമായി കഴിയാവുന്ന നിയമ പരിസരം രാജ്യത്ത് നിലനില്‍ക്കുന്നു. പരിഷ്‌കൃതിയുടേയും ആധുനികതയുടേയും പൊങ്ങച്ചങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളെ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്ന സാമൂഹിക മനസ്സും കാന്‍സറുലോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

സെക്‌സും വയവന്‍സും സിനിമയിലും ജീവിതത്തിലും അലങ്കാരമാക്കിയവര്‍ നടത്തുന്ന ധാര്‍മിക അത്മരോഷങ്ങള്‍ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കാലാണെന്നും യോഗം വിശദീകരിച്ചു.

ലൈംഗികാതിക്രമങ്ങളുടെ പേരില്‍ പുരുഷമാനസികാവസ്ഥയെ ചങ്ങലക്കിടാന്‍ വാചോടാപങ്ങളുമായി ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ് സ്ത്രീയും പുരുഷനുമിടയിലുള്ള പ്രകൃതി നിയമങ്ങളിലെ സവിശേഷതകളെ തിരിച്ചറിയാന്‍ സഹായകമാകുന്ന ശാസ്ത്രീയ പഠനങ്ങളെയെങ്കിലും വായിക്കാന്‍ തയ്യാറാകണം.

സ്വതന്ത്ര ലൈംഗികത അനുഭവിക്കപ്പെട്ട പാശ്ചാത്യ സമൂഹങ്ങളില്‍ പോലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ അതിഭീതിതമായി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ തൊലിപ്പുറത്ത് നടത്തുന്ന ചികിത്സകള്‍ക്കപ്പുറത്ത് സാമൂഹ്യ ബോധനങ്ങളിലെ നന്മകളെ സ്വീകരിക്കുവാനും ശക്തമായ ശിക്ഷാ രീതികളിലൂടെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുത്തുവാനും രാജ്യത്തെ രാഷ്ട്രീയ നിയമ സംവിധാനങ്ങള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

ഫഹാഹീല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ഉപാധ്യക്ഷനും യുവ പ്രാസംഗികനുമായ സാബിക് പുല്ലൂര്‍ ഉദ്‌ബോധന പ്രസംഗം നടത്തി.

ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ്, സിദ്ധീഖ് മദനി, അബ്ദുറഹിമാന്‍ അടക്കാനി, സ്വാലിഹ് വടകര, വി.എ മൊയ്തുണ്ണി, ജസീര്‍ പുത്തൂര്‍ പള്ളിക്കല്‍, എന്‍ജി. അന്‍വര്‍ സാദത്ത്, പി.വി അബ്ദുല്‍ വഹാബ്, എന്‍ജി. അഷ്‌റഫ്, യൂനുസ് സലീം, അബ്ദുല്‍ അസീസ് സലഫി, അബ്ദുല്ല കാരക്കുന്ന്, സയ്യിദ് അബ്ദുറഹിമാന്‍, മുഹമ്മദ് അലി വേങ്ങര എന്നിവര്‍ സംസാരിച്ചു.

Advertisement