വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരിച്ചെത്തിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുന്നുന്നതായി അറിയിച്ചിട്ടുണ്ട്; മലയാളി വിദ്യാര്‍ത്ഥിനി ഡൂള്‍ന്യൂസിനോട്
Russia-Ukraine War
വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരിച്ചെത്തിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുന്നുന്നതായി അറിയിച്ചിട്ടുണ്ട്; മലയാളി വിദ്യാര്‍ത്ഥിനി ഡൂള്‍ന്യൂസിനോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th February 2022, 3:55 pm

ന്യൂദല്‍ഹി: ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ബദല്‍ സംവിധാനങ്ങളൊരുക്കാന്‍ ഇന്ത്യ. ആക്രമണത്തെ തുടര്‍ന്ന് ഉക്രൈന്‍ തങ്ങളുടെ വിമാനപാതയും വിമാനത്താവളങ്ങളും അടച്ചതോടെയാണ് ബദല്‍ സംവിധാമൊരുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

‘ഉക്രൈനിലെ ആകാശപാതയും വിമാനത്താവളങ്ങളും അടച്ചതിനാല്‍ ഇവാക്വേഷന് വേണ്ടിയുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി വരികയാണ്.

ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ എല്ലാവരേയും അറിയിക്കും, എന്നതിന് ശേഷം എല്ലാവര്‍ക്കും ഉക്രൈന്റെ പശ്ചിമ മേഖലയിലേക്ക് എത്താവുന്നതാണ്.

പാസ്‌പോര്‍ട്ടും മറ്റ് അവശ്യ രേഖകളും കയ്യില്‍ കരുതുക,’ കൈവിലെ ഇന്ത്യന്‍ എംബസി പുറത്തു വിട്ട മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് ഇപ്പോള്‍ ആക്രമണം നടക്കുന്നതെന്നും, ഉള്ളോട്ടുമാറിയുള്ള സ്ഥലങ്ങളിലുള്ളവര്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നും ഉക്രൈനില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മീനാക്ഷി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആദ്യമായാണ് ഇത്തരമൊരു അവസ്ഥയില്‍ നില്‍ക്കുന്നത്. എല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലം ഇപ്പോള്‍ സേഫ് സോണിലാണ്. അതിര്‍ത്തിയിലാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്.

നാട്ടില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരമായി മെസേജുകള്‍ അയക്കുന്നുണ്ട്. ഞങ്ങളിപ്പോള്‍ സേഫ് സോണിലാണ് എന്നതാണ് അവര്‍ക്ക് ആശ്വാസം.

ഞങ്ങളെ നാട്ടിലെത്തിക്കാനുള്ള ഓള്‍ട്ടര്‍നേറ്റീവ് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്,’ മീനാക്ഷി പറയുന്നു.

അതേസമയം, ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധസാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം നേരത്തേ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

അനിവാര്യമായി ഉക്രൈനില്‍ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിരിച്ചുപോകാനുള്ള എംബസിയുടെ നിര്‍ദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

Content Highlight: Indian Embassy arranges alternative measures to take us back, Malayali Student says to DoolNews