Administrator
Administrator
ഹോളിവുഡ് ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ നര്‍ത്തകികള്‍
Administrator
Monday 6th June 2011 3:29pm

ന്യൂദല്‍ഹി: മോഹിനിയാട്ടം നര്‍ത്തകരായ  ഭാരതിശിവജിയെയും മകള്‍ വിജയലക്ഷ്മിയെയും കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം ലോസ് ആഞ്ജലിസില്‍ അടുത്താഴ്ച നടക്കും. ബിയോണ്‍ഡ് ഗ്രെയ്‌സ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. യു.എസ് ചലച്ചിത്ര പ്രവര്‍ത്തകരായ സാറ, ഉര്‍സ് ബൗര്‍ എന്നിവരാണ് ഈ ചിത്രം തയ്യാറാക്കിയത്.

78മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി ഹോളിവുഡിലെ റാലി തിയ്യേറ്ററില്‍ ജൂണ്‍ ഒമ്പതിനാണ് പ്രദര്‍ശിപ്പിക്കുക.

മോഹിനിയാട്ടം എന്ന കലയെ പരിപോഷിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും വ്യക്തികളെയും അമ്മയും മകളും ഈ ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി തിരയുകയാണ്. മോഹിനിയാട്ടത്തെ അതിന്റെ അഴകോടും ആഴത്തിലുള്ള ഭാവങ്ങളോടും കണ്ടെത്തുന്നതിന് രണ്ട് നര്‍ത്തികള്‍ നടത്തുന്ന അന്വേഷണമാണ് ഈ ചിത്രം.

നൃത്തത്തെ പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന നാല് തലമുറകളുടെ കഥയാണ് ബിയോണ്‍ഡ് ഗ്രെയ്‌സ്. ഭാരതിശിവജി, കര്‍ണാടക സംഗീതജ്ഞയായ അവരുടെ അമ്മ ശങ്കരി, മകളും ശിഷ്യയുമായ വിജയലക്ഷ്മി, വിജയലക്ഷ്മിയുടെ മകള്‍ നയന്‍താര എന്നിവരാണ് ആ നാല് തലമുറയുടെ പ്രതിനിധികള്‍.

കേരളത്തിലും ചെന്നൈയിലും ദല്‍ഹിയിലും അമേരിക്കയിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചത്. സിനിമ ഭാരതിശിവജിയുടെയും മകള്‍ വിജയലക്ഷ്മിയുടെയും തിരശ്ശീലയ്ക്ക് പിന്നിലും പുറത്തുമുള്ള ജീവിതം വരച്ചുകാട്ടുന്നു.

Advertisement