എഡിറ്റര്‍
എഡിറ്റര്‍
മൈതാന മധ്യത്തു നിന്നും ശരം പോലെ പാഞ്ഞ് ഉദാന്ത; മ്യാന്മര്‍ ഗോളിയെ കബളിപ്പിച്ച് ഛേത്രിയുടെ ക്രോസ്; കാണാം 64 വര്‍ഷത്തെ കണക്കു തീര്‍ത്ത ഗോള്‍
എഡിറ്റര്‍
Wednesday 29th March 2017 10:01am

യാങ്കണ്‍: ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ കുറിച്ചത് ചരിത്ര വിജയം. 90 ആം മിനുറ്റിലെ ഗോളിനു മുന്നില്‍ തകര്‍ന്നു വീണത് 64 വര്‍ഷത്തെ പഴക്കമുള്ള ചരിത്രമായിരുന്നു. എക്‌സ്ട്രാ ടൈമില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യ നേടിയത് മ്യാന്മറിനെതിരെ 64 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിജയമായിരുന്നു.

അവസാന നിമിഷം ഇന്ത്യയുടെ സൂപ്പര്‍ താരം ഛേത്രിയും ഉദാന്തയും ചേര്‍ന്നു നടത്തിയ മുന്നേറ്റമാണ് ഇന്ത്യയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട ഗോളായി മാറിയത്. മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും പന്തുമായി കൊള്ളിയാന്‍ പോലെ അതിവേഗം പാഞ്ഞ ഉദാന്ത ആരാലും മാര്‍ക്കു ചെയ്യപ്പെടാതെ നിന്നിരുന്ന ഛേത്രിയ്ക്ക് പന്ത് ക്രോസ് ചെയ്തു കൊടുക്കുകയായിരുന്നു.

ഉദാന്തയുടെ പാസ് വലം കാലുകൊണ്ട് ക്രോസ് ചെയ്ത് പന്ത് ഛേത്രി ഗോളിയേയും കബളിപ്പിച്ച് വലയിലെത്തിച്ചു. മത്സരത്തിലുടനീളം സൃഷ്ടിക്കുകയും കഷ്ടിച്ച് നഷ്ടമാവുകയും ചെയ്ത ഗോളവസരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു അവസാന നിമിഷത്തെ ആ ഗോള്‍. നിരവധി തവണ മ്യാന്മര്‍ വല ചലിപ്പിക്കാന്‍ നീലപ്പട ശ്രമിച്ചെങ്കിലും ഗോള്‍ അകന്നു തന്നെ നില്‍ക്കുകയായിരുന്നു.


Also Read: ‘ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? ‘ ധോണിയുടെ ആധാര്‍വിവരങ്ങള്‍ പരസ്യമാക്കിയ യു.ഐ.ഡി.എ.ഐയ്‌ക്കെതിരെ ഭാര്യ


റോബിന്‍ സിംഗിന് പകരക്കാരനായി ഇറങ്ങിയ ഉദാന്തയാണ് ഇന്ത്യന്‍ ടീമിന്റെ രക്ഷകനായത്. ജയത്തോടെ ഇന്ത്യയ്ക്ക് മൂന്ന് പോയന്റ് ലഭിച്ചു. 2019 ലാണ് എ.എഫ്.സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്.

Advertisement