മുറിവേല്‍പ്പിച്ചു, എന്നാല്‍ മുറിവില്‍ ഉപ്പ് പുരട്ടാനുള്ള ശ്രമം പാളി; വിജയത്തിലും കണ്ണീരുമായി ഇന്ത്യ
Sports News
മുറിവേല്‍പ്പിച്ചു, എന്നാല്‍ മുറിവില്‍ ഉപ്പ് പുരട്ടാനുള്ള ശ്രമം പാളി; വിജയത്തിലും കണ്ണീരുമായി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th October 2022, 8:07 am

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ഇന്ത്യ 49 റണ്‍സിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ എല്ലാ മത്സരവും വിജയിച്ച് സീരീസ് വൈറ്റ് വാഷ് ചെയ്യാമെന്ന ഇന്ത്യയുടെ മോഹത്തിനാണ് തിരിച്ചടിയായത്.

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയെ ടി-20 ഫോര്‍മാറ്റില്‍ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ചരിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പരമ്പരയിലെ എല്ലാ മത്സരവും വിജയിച്ച് 3-0ന് പരമ്പര ജയിക്കാമെന്ന ടീമിന്റെ ആഗ്രഹം വെള്ളത്തില്‍ വരച്ച വര പോലെ ആവുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ പ്രകടനം പുറത്തെടുത്ത് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനായിരുന്നു ഇന്ത്യയുടെ ഉദ്ദേശം. എന്നാല്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ അതിന് അനുവദിച്ചില്ല.

ഹോം മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് ഇത്രയും വലിയ മാര്‍ജിനില്‍ പരാജയപ്പെടുന്നതും ആദ്യമാണ്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ പ്രോട്ടീസിനെ തോല്‍പിച്ച് ആദ്യമായി പരമ്പര നേടിയെങ്കിലും ഇന്ത്യയെ സംബന്ധിച്ചും ഈ സീരീസ് അല്‍പം മോശം അനുഭവം തന്നെയായിരുന്നു.

ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെയായിരുന്നു പ്രോട്ടീസ് ബാറ്റര്‍മാര്‍ ക്രീസിലെത്തിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് കഴിഞ്ഞ മത്സരത്തിലെ തന്റെ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ പരമ്പരയിലെ മറ്റ് മത്സരത്തിലേതെന്ന പോലെ മോശം പ്രകടനം ക്യാപ്റ്റന്‍ ബാവുമയും ആവര്‍ത്തിച്ചു.

ടി-20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറിയുമായി റിലി റൂസോ കസറിയ മത്സരം കൂടിയായിരുന്നു അത്. 48 പന്തില്‍ നിന്നും 100 റണ്‍സുമായി റൂസോ പുറത്താവാതെ നിന്നു. പിന്നാലെയെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഡേവിഡ് മില്ലറും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ 227ന് മൂന്ന് എന്ന നിലയില്‍ അവസാനിച്ചു.

മിന്നുന്ന ഫോമില്‍ കളിക്കുന്ന വിരാട് കോഹ്‌ലിയെയും കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് കെ.എല്‍. രാഹുലിനെയും മാറ്റി നിര്‍ത്തിയതിന് ഇന്ത്യ അനുഭവിച്ചു.

 

ദിനേഷ് കാര്‍ത്തിക് ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും താളം കണ്ടെത്താനായിട്ടില്ല. റിഷബ് പന്തും ദീപ്ക് ചഹറും ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും അതൊന്നും പോരാതെ വരികയായിരുന്നു.

അനാവശ്യ ഷോട്ടിന് ശ്രമിക്കാതെ ദിനേഷ് കാര്‍ത്തിക് പിടിച്ചുനിന്നിരുന്നുവെങ്കില്‍ ഇന്ത്യക്ക് പ്രതീക്ഷയാകുമായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല.

ഒടുവില്‍ 18.3 ഓവറില്‍ 178 റണ്‍സിന് ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും നിലം പൊത്തുകയായിരുന്നു. 2-1ന് പരമ്പര ജയിക്കാന്‍ രോഹിത്തിനും സംഘത്തിനുമായപ്പോള്‍ ഇന്‍ഡോര്‍ ടി-20 രോഹിത് ശര്‍മക്ക് മറക്കാന്‍ സാധിക്കാത്ത ഒന്നായി മാറി.

ടി-20 പരമ്പരക്ക് പിന്നാലെ ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പര ഒക്ടോബര്‍ ആറിന് ആരംഭിക്കും. ടി-20 ലോകകപ്പ് വരുന്നതിനാല്‍ മുതര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്.

എകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ശ്രേയസ് അയ്യരാണ് ഡെപ്യൂട്ടി.

 

 

Content Highlight: India vs South Africa India’s bid to win every match in the series has been dashed