കുല്‍ദീപ് യാദവിന് 6 വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 269 റണ്‍സ് വിജയ ലക്ഷ്യം
Cricket
കുല്‍ദീപ് യാദവിന് 6 വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 269 റണ്‍സ് വിജയ ലക്ഷ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th July 2018, 8:48 pm

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 269 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍സ്റ്റോവും ജേസണ്‍ റോയും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ടില്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും കുല്‍ദീപ് യാദവിന്റെ ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. ഒമ്പത് റണ്‍സിനിടയില്‍ ഇംഗ്ലണ്ടിന് മൂന്നു വിലപ്പെട്ട വിക്കറ്റുകളാണ് നഷ്ടമായത്.

51 പന്തില്‍ 53 റണ്‍സ് എടുത്ത ജോസ് ബട്‌ലറും 103 പന്തില്‍ 50 റണ്‍സെടുത്ത ബെന്‍സ്റ്റോക്‌സുമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

റോയിയുടെ സമ്പാദ്യം 38 റണ്‍സായിരുന്നു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ റൂട്ടിന് അധികം ആയുസുണ്ടായില്ല. മൂന്നു റണ്‍സെടുത്ത റൂട്ടിന് കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ബെയര്‍സ്റ്റോവും ക്രീസ് വിട്ടു. 35 പന്തില്‍ 38 റണ്‍സായിരുന്നു ബെയര്‍സ്റ്റോവിന്റെ സമ്പാദ്യം.

തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച ക്യാപ്റ്റന്‍ ഇവോയി മോര്‍ഗനും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ സ്‌കോര്‍ 100 കടത്തിയെങ്കിലും തൊട്ടുപിന്നാലെ ചാഹല്‍ വക പ്രഹരം. 20 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത മോര്‍ഗനെ ചാഹല്‍ സുരേഷ് റെയ്‌നയുടെ കൈകളിലെത്തിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 6 വിക്കറ്റും ഉമേഷ് യാദവിന് രണ്ടും ചാഹലിന് ഓരു വിക്കറ്റും  നേടി.

മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടിട്വന്റി പരമ്പര 2-1നായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യ ടിട്വന്റിയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടി ട്വിന്റി ഇംഗ്ലണ്ട് നേടി. മൂന്നാം ടിട്വന്റി രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയിലൂടെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.