ധവാനില്‍ തുടങ്ങി ഭുവിയില്‍ അവസാനിച്ച ഓവലിലെ കാഴ്ച
Opinion
ധവാനില്‍ തുടങ്ങി ഭുവിയില്‍ അവസാനിച്ച ഓവലിലെ കാഴ്ച
ഗൗതം വിഷ്ണു. എന്‍
Monday, 10th June 2019, 11:56 am

 

വ്യക്തിഗത പ്രകടനങ്ങളിലൂടെ ഇന്ത്യ പല വട്ടം വിജയിച്ചിട്ടുണ്ട്. വ്യക്തിഗത പ്രകടനങ്ങള്‍ ഒരു കളിയില്‍ തന്നെ ഒരുപാടുണ്ടാകുമ്പോഴാണ് അതു കൂട്ടായ പ്രകടനമാകുന്നത്. ഇന്നലെ അങ്ങനൊരു ദിവസമായിരുന്നു. ബാറ്റ്സ്മാന്മാര്‍ തുടങ്ങി വച്ചത് ബൗളര്‍മാര്‍ അവസാനിപ്പിക്കുന്ന ചേതോഹരമായ കാഴ്ച.

രണ്ടു വട്ടം ലോക ചാമ്പ്യന്മാരായിരുന്നവര്‍ അഞ്ചു വട്ടം ചാമ്പ്യന്മാരായവര്‍ക്കെതിരെ എന്ന രീതിയില്‍ ഒരുപാട് പ്രസക്തിയും പ്രാധാന്യവും അര്‍ഹിച്ച മത്സരമായിരുന്നു ഇന്നലെ നടന്നത്. ഈ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന രണ്ടു ടീമുകളുടെ പോരാട്ടം.

2016 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റ് ഉടച്ചു വാര്‍ത്ത ഇന്ത്യ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയായിട്ടാണ് ഇംഗ്ലീഷ് മണ്ണില്‍ കാലു കുത്തിയത്. ബാറ്റിംഗ് എക്കാലത്തെയും പോലെ ശകതിദുര്‍ഗമാണ് താനും.
എന്നാല്‍ മറുവശത്തു 2015 ലെ ലോകകിരീട നേട്ടത്തിന് ശേഷം തകര്‍ച്ചയിലേക്ക് വീണ ഓസീസ് പന്ത് ചുരണ്ടല്‍ വിവാദം ഏല്‍പ്പിച്ച ആഘാതത്തെയെല്ലാം കഷ്ടപ്പെട്ട് മറികടന്നാണ് വരവ്. എന്നാല്‍ ലോകകപ്പിലേക്ക് സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ അവര്‍ പതിവു പോലെ ശക്തരായി മാറി.

പൊതുവെ ടോസ് നേടുന്നവര്‍ ബൗളിംഗ് എടുക്കുക എന്ന രീതി അവലംബിക്കുന്ന ഈ കാലത്ത് തെളിഞ്ഞ സൂര്യന്റെ ആനുകൂല്യവും പിച്ചിന്റെ പുതുമയും മുതലെടുക്കാനായി ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു.

അദ്ദേഹത്തിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. കുറേ കാലത്തിനു ശേഷം ആദ്യമായി ഓപ്പണര്‍മാര്‍ രണ്ടു പേരും മികച്ച തുടക്കം നല്‍കി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എത്ര മോശം ഫോമിലാണെങ്കിലും ഐ.സി.സി ടൂര്‍ണമെന്റുകള്‍ വന്നാല്‍ മികച്ച ഫോമിലേക്കുയരുന്ന സ്വഭാവം ധവാന്‍ ഇന്നലെയും പ്രകടമാക്കിയപ്പോള്‍ തന്റെ പതിവു ആക്രമണോല്‌സുകതയിലേക്ക് അദ്ദേഹം മടങ്ങി എത്തി. സിക്‌സുകളെക്കാള്‍ ഫോറുകള്‍ക്ക് പ്രാധാന്യമുള്ള ധവാന്റെ സ്‌ട്രോക്ക് മേക്കിങ്ങില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ, എന്നാല്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഒരു ശരീരം കീറിമുറിക്കുന്ന കൃത്യതയോടെ ഓഫ് സൈഡ് ഫീല്ഡിനെ കീറി മുറിച്ചു ധവാന്‍ തൊടുത്തുവിട്ട പന്തുകള്‍ ബൗണ്ടറിയെ നിരന്തരമായി ചുംബിക്കാന്‍ തുടങ്ങി.

കഴിഞ്ഞ കളിയില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നു തുടങ്ങുകയായിരുന്നു രോഹിത് ശര്‍മ ഇന്നലെ. ക്രീസില്‍ സെറ്റ് ആകാനെടുക്കുന്ന കുറച്ചു പന്തുകള്‍ക്ക് ശേഷം അനായാസതയോടെ ഹിറ്റ്മാനും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ കുതിച്ചു. അര്‍ധസെഞ്ചുറി തികച്ചയുടന്‍ മടങ്ങിയ രോഹിത്തിന് ശേഷം വന്ന കോഹ്ലി ധവാനെ പിന്തുണച്ച് വിക്കറ്റ് കളയാതെ നില്‍ക്കുക എന്ന ജോലി കൃത്യമായി നിര്‍വഹിച്ചു. അതിനിടയില്‍ കോഹ്ലിയുടെ ക്ലാസ്സ് മനസിലാക്കി തരുന്ന കവര്‍ ഡ്രൈവുകള്‍ കൂടെ പിറന്നു.

അധികം വൈകാതെ ശതകം പിന്നിട്ട ധവാന്‍ സ്‌കോറിങ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പുറത്തായി. എല്ലാവരെയും അദ്ഭുതപെടുത്തിക്കൊണ്ട് നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടി വന്ന പാണ്ട്യ ഷോ ആയിരുന്നു പിന്നീട്. ആദ്യ പന്തില്‍ തന്നെ പുറത്താക്കാന്‍ കിട്ടിയ അവസരം ക്യാരി പാഴാക്കിയതിനിടെ സന്തോഷം കങ്കാരുക്കളുടെ നെഞ്ചത്താണ് പാണ്ട്യ തീര്‍ത്തത്.

അര്‍ധശതകം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ പാണ്ട്യ പുറത്തായപ്പോള്‍ അതു വഴിയൊരുക്കിയത് ധോണിയുടെ വരവിനായിരുന്നു. സാധാരണ ഗതിയില്‍ കുറച്ചു പന്തുകള്‍ ക്രീസില്‍ സെറ്റാകാന്‍ എടുക്കുന്ന ധോണിക്ക് ഇന്നലെ അതിനു കഴിയുമായിരുന്നില്ല. ഓസ്ട്രേലിയയുടെ ബൗളിംഗ് കുന്തമുന സ്റ്റാര്‍ക്കിനെ ഒരു മയവുമില്ലാതെ പ്രഹരിച്ച ധോണി ശരവേഗത്തില്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. കൂടെ കോഹ്ലിയും ആക്രമണോല്‌സുകനായപ്പോള്‍ ഇന്ത്യ 352 എന്ന മികച്ച ടോട്ടലിലെത്തി.

ഓസ്ട്രേലിയ്ക്കുള്ള ബാറ്റിങ്ങിന്റെ ആഴം അത്രയേറെ ആയതുകൊണ്ട് ചെയ്സിങ്ങില്‍ എന്തും സംഭവിക്കാമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ തുടക്കത്തില്‍ ഭുവനേശ്വറും ബുമ്രയും അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ അവര്‍ റണ്‍ എടുക്കാന്‍ പാട് പെട്ടു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ അതിവേഗം സ്‌കോര്‍ ചലിപ്പിക്കാന്‍ പ്രാപ്തനായ വാര്‍ണറിനു പക്ഷേ ഇന്നലെ അദ്ദേഹത്തിന്റെ ദിനമല്ലായിരുന്നു.

ഫിഞ്ചിനെ റണ്‍ ഔട്ടാക്കുകയും ഇത്ര വലിയ ചെയ്സിങ്ങില്‍ പതിയെ സ്‌കോര്‍ ചെയ്യുകയും വഴി ഓസീസിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന പഴി കേള്‍ക്കേണ്ടി വന്നു അദ്ദേഹത്തിന്. സ്മിത്തിനും ഖവാജക്കുമെല്ലാം നല്ല തുടക്കങ്ങള്‍ ലഭിച്ചെങ്കിലും അതു വലിയൊരു ഇന്നിങ്സാക്കി മാറ്റി ടീമിനെ കരക്കടുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാക്സ്വെല്ലും വീണെങ്കിലും ക്യാരി തന്നെ കൊണ്ടാവുന്ന വിധം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.

എന്നാല്‍ മറുവശത്തു പിന്തുണ കൊടുക്കാന്‍ ആരുമില്ലാതെ പോയപ്പോള്‍ പരാജയത്തെ വരിക്കാനേ ഓസീസിന് പറ്റിയുള്ളൂ. ബുംറയടക്കം എല്ലാ ബൗളര്‍മാരും അടി വാങ്ങിയപ്പോഴും ഓസ്ട്രേലിയന്‍ സ്‌കോറിങ് നിരക്ക് പിടിച്ചു നിര്‍ത്താനും ഒരോവറില്‍ സ്മിത്തിനെയും സ്റ്റോയ്നിസിനെയും പുറത്താക്കി ഓസ്ട്രേലിയക്ക് സമ്മര്‍ദ്ദമേല്‍പ്പിക്കാനും കഴിഞ്ഞതോടെ ഷാമിയെക്കാള്‍ താന്‍ എന്തുകൊണ്ട് ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ യോഗ്യനാണെന്നു ഭുവനേശ്വര്‍ കുമാര്‍ തെളിയിച്ചു. വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ ഏറെ പ്രയാസമുള്ള രീതിയില്‍ കളിക്കുന്ന സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ എത്രത്തോളം മികവ് തനിക്കുണ്ടെന്ന് ഭുവി പറയാതെ പറഞ്ഞു.

പതിവു രീതിയില്‍ റണ്‍ ഒഴുക്ക് നിയന്ത്രിക്കാനായില്ലെങ്കിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബുമ്രയും കളം നിറഞ്ഞപ്പോള്‍ ചാഹല്‍ രണ്ടാം മത്സരത്തിലും കോഹ്ലിക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കാനുള്ള യന്ത്രമായി. കുല്‍ദീപും ജാദവും പാണ്ട്യയും പതിവ് മികവിലേക്കുയര്‍ന്നില്ലെങ്കിലും ഒത്തൊരുമയോടെ ജയിച്ചു കയറാന്‍ ഇന്ത്യക്കായി. ‘എല്ലാ ബോക്സും ഞങ്ങള്‍ ടിക്ക് ചെയ്തു’ എന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നേടിക്കൊണ്ട് ധവാന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഫോമിലല്ലാത്ത ഒരു വീക്ക് ലിങ്ക് പോലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല. അതു കൊണ്ടു തന്നെ 2015 ല്‍ കൈവിട്ടു പോയ കിരീടം തിരിച്ചു പിടിക്കാന്‍ ഇന്ത്യക്ക് സാധ്യതകളേറെയാണ്.

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം