കൊവിഡിനെ നേരിടാന്‍ ആപ്പുമായി ഇന്ത്യ
ന്യൂസ് ഡെസ്‌ക്

 

കൊറോണ വൈറസ് ബാധ രാജ്യത്തെ വലിയ രീതിയില്‍ തകിടംമറിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ കൊവിഡിനെ നേരിടാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊബൈല്‍ ആപ്പ് പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. കൊവിഡ് 19 ബാധിതരെ കണ്ടെത്തുന്നതിനും രോഗബാധയുള്ളവരുമായി മറ്റുള്ളവരുടെ സമ്പര്‍ക്കം കുറക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ആപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ലൊക്കേഷന്‍ സംബന്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുന്ന ആളുകളെ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കൊവിഡിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന സാങ്കേതിക പ്രതിരോധ മാര്‍ഗം.

രോഗബാധിതരായ എല്ലാവരുടെയും വിവരങ്ങള്‍ അടങ്ങിയിട്ടുള്ള മൊബൈല്‍ ആപ്പ് രോഗികളില്‍ നിന്നും അകലം പാലിക്കാനുള്ള നിര്‍ദേശം നല്‍കുന്നതുമാണ് . മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി പുറത്തിറക്കിയ കൊറോണ കവാച്ച് ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷനായിരുന്നു. എന്നാല്‍ കൊറോണ കവാച്ചിനേക്കാള്‍ ഉപകാരപ്രദമായ കൊവിന്‍-20 യെന്ന ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് നീതി ആയോഗ് ആണ്.

ക്വാറന്റൈന്‍ തെറ്റിച്ച് ആളുകള്‍ പുറത്തിറങ്ങിയാല്‍ വിവരം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കഴിയുന്ന അണ്‍മെയ്‌സ് എന്ന പേരിലുള്ള ആപ്ലിക്കേഷനുകളും ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രയോഗിക്കാനൊരുങ്ങുകയാണ്. ദല്‍ഹി ഇന്നെഫ്യൂ ലാബുകളില്‍ ആണ് അണ്‍മെയ്‌സ് നിര്‍മിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥവൃത്തങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപകരാപ്രദമാവുമെന്നാണ് ഇന്നെഫ്യൂ ലാബുകളുടെ സ്ഥാപകനായ തരുണ്‍ വിഗ് പറയുന്നത്.

സാങ്കേതിക പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൊവിഡിനെതിരെ പൊരുതാനിറങ്ങിയ ഇന്ത്യ ഒരേയൊരു കാഴ്ചയല്ല.

കയ്യൂക്കും വേഗതയും സാങ്കേതിക വിദ്യയും ഒരു പോലെ ഉപയോഗിച്ച് ചൈന നടത്തിയ ഹൈടെക് നീക്കങ്ങളില്‍ കൊവിഡ് തോറ്റുമടങ്ങിയ ഉദാഹരങ്ങള്‍ പുതിയ ആപ്പ് പരീക്ഷിക്കാനൊരുങ്ങുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രവര്‍ത്തനോര്‍ജ്ജമാണ്. കൊവിഡ് 19 എന്ന ആപ്പിലൂടെ ചൈന സാധിച്ചെടുത്തത് അത്തരത്തിലൊരു വിജയമായിരുന്നു. സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ കൊവിഡിനെതിരെ പൊരുതുന്ന രാജ്യങ്ങളാണ്. സാങ്കേതികതയുടെ സഹായത്തില്‍ ചൈന കൊവിഡിനെ തോല്‍പ്പിച്ച രീതി നാം അറിയേണ്ടതുതന്നെയാണ്.

ചൈന മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം ആപ്പ് എല്ലാവരോടും ഡൗണ്‍ലോഡ് ചെയ്യാന്‍ പറയുക എന്നതായിരുന്നു. അണുബാധ ഏറ്റ എല്ലാവരുടെയും കോണ്‍ടാക്റ്റ് അതിലുണ്ടായിരുന്നു. അവരുടെ മാത്രമല്ല, അവര്‍ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രയ്നുകളില്‍ കയറി, ബസ്സുകളില്‍ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകള്‍ സോഷ്യല്‍ മീഡിയയും ടെലഫോണ്‍ റെക്കാര്‍ഡുകളും മറ്റു ജനങ്ങള്‍ ഉപയോഗിക്കുന്ന ആപുകളും ചോര്‍ത്തിയെടുത്ത് ഉണ്ടാക്കിയവയായിരുന്നു. ഇത് തുറന്നാല്‍ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേര്‍ന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാല്‍ ഉടനെ അലാറം മുഴങ്ങും.

വുഹാനിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരന് കോറോണ ബാധിച്ചപ്പോള്‍ ആ ഷോപ്പ് സന്ദര്‍ശിച്ച 3,000 പേരെ മൊബൈല്‍ വിവരങ്ങള്‍ വഴി ഒറ്റയടിക്ക് കണ്ടെത്തി ചൈന ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. ബെയ്ജിംഗിലെ ഒരു കമ്പനി വികസിപ്പിച്ച ഫെയ്സ് പ്ലസ് ആപ്പ് ചൈന പരീക്ഷിച്ച മറ്റൊരുപകരണമായിരുന്നു.

വലിയ ജനക്കൂട്ടത്തിനുള്ളില്‍ നിന്ന് ആയിരക്കണക്കിന് പേരുടെ ഊഷ്മാവ് ഒറ്റയടിക്ക് പരിശോധിച്ച് ഉയര്‍ന്ന താപനിലയുള്ളവരെ ഈ ആപ്പ് വേര്‍തിരിച്ചു തന്നു. ബെയ്ജിംഗിലെ ഗവണ്‍മെന്റ് ഓഫീസുകളിലും പുറത്തെ തിരക്കുള്ള സ്ഥലങ്ങളിലും ഈ ആപ്പ് വഴി ആളുകളുടെ ചൂട് പരിശോധിച്ചപ്പോള്‍ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാനും സാധിച്ചു. ബെയ്ദു, സൈന്‍സ് ടൈം എന്നീ ആപ്പുകള്‍ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു. ബിഗ് ഡാറ്റ തന്നെയായിരുന്നു ഇതിനും സഹായകമായത്. ഗ്രാമങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവരെ റാഞ്ചാന്‍ സദാസമയവും ഡ്രോണുകള്‍ ആകാശത്തുണ്ടായിരുന്നു. പല തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കി. ഒപ്പം ഭീഷണിയുമുണ്ടായിരുന്നു.

ഇകോമേഴ്സ് ഭീമന്‍ ആലിബാബ നിര്‍മിച്ച അലിപേ ആപ്പിലെ ക്യു.ആര്‍ കോഡ് വഴി വുഹാനിലെയും സമീപത്തെയും പ്രവിശ്യകളിലെ 20 കോടി ചൈനക്കാര്‍ക്ക് കളര്‍ കോഡുകള്‍ നല്‍കി. പൗരന്മാര്‍ ഉപയോഗിക്കുന്ന ഫോണ്‍, ഇന്റര്‍നെറ്റ് ഡാറ്റകള്‍ ബിഗ് ഡാറ്റ വഴി ക്രോഡീകരിച്ചായിരുന്നു ഈ പരീക്ഷണം. ഇതിനെതിരെ ചൈന വന്‍ വിമര്‍ശനം നേരിട്ടെങ്കിലും ആരോഗ്യ അടിയന്തിരാവസ്ഥ കൈകാര്യം ചെയ്യാന്‍ ഭരണകൂടം ഇതിന് പിന്തുണ നല്‍കി.

ഇതു പ്രകാരം ഗ്രീന്‍ കോഡ് ലഭിച്ചവര്‍ക്ക് യാത്ര ചെയ്യാം, മഞ്ഞ ക്കാര്‍ഡുകാര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍, റെഡ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍, ഇങ്ങനെ നിരവധി കോഡുകള്‍. ഇതുപ്രകാരം ലക്ഷക്കണക്കിന് പേര്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കാനായില്ല. ബസ്സിലോ ട്രയ്നിലോ കയറുമ്പോഴേക്കും അലാറം അടിച്ചുതുടങ്ങുമായിരുന്നു. മറ്റുള്ളവരെ വൈറസ് ബാധിക്കാതെ രക്ഷപ്പെടുത്താന്‍ ഇത് വലിയ രീതിയില്‍ ഗുണം ചെയ്തു.

ഇത്രയും വലിയ സാങ്കേതിക തികവിലായിരുന്നു ചൈന ഓരോ ഘട്ടങ്ങളിലും കൊവിഡിനെതിരെ പൊരുതിയത്. പൌരന്മാരുടെ സ്വകാര്യ വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൌണ്ടിലെ വിവരങ്ങളുമൊക്കെ ചോര്‍ത്തുന്നത് ധാര്‍മികമാണോ എന്ന ചോദ്യം ചൈന നേരിട്ടതാണ്. സ്വാതന്ത്ര്യത്തിനും സ്വകാര്യത എന്ന അവകാശത്തിനും ചൈനയില്‍ ഇക്കാലയളവില്‍ ഒരു പ്രാധാന്യവുമുണ്ടായില്ല എന്നത് സത്യം തന്നെ. പക്ഷേ ആ ഡാറ്റ ഉപയോഗിച്ച് കൃത്യമായ പ്രതിരോധം തീര്‍ക്കാന്‍ ചൈനക്കായി.

ചികിത്സക്കായും ഡാറ്റകള്‍ വലിയ തോതില്‍ ഉപയോഗിക്കാന്‍ ചൈനക്കായി.

സുരക്ഷാ വസ്ത്രങ്ങള്‍, മാസ്‌ക്കുകള്‍, ഗോഗിളുകള്‍, സര്‍ജിക്കല്‍ ഗൗണുകള്‍, ഷൂ കവറുകള്‍ എന്നിവ ഉള്‍പ്പെടെ ആശുപത്രികളിലേക്ക് വേണ്ട 30 മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റും ബിഗ് ഡേറ്റാ നെറ്റ്വര്‍ക്ക് വഴി അപ്‌ഡേറ്റ് ചെയ്തു. ആവശ്യം വരുന്ന ഇടങ്ങള്‍ ഈ ഡാറ്റാ നെറ്റ് വര്‍ക്ക് വഴി ലഭിച്ചു.

ഡാറ്റകള്‍ക്കപ്പുറം സാങ്കേതിക വിദ്യയെ അസാധാരണമാം വിധം ചൈന ഉപയോഗിച്ചു എന്നു വേണം പറയാന്‍. ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഉപകരണം സോഷ്യല്‍മീഡിയയിലൂടെ എല്ലാവരും കണ്ടതാകും. ഭക്ഷണശാല മുതല്‍ ആശുപത്രിവാതിലും കടന്ന് ഓരോ രോഗിയുടെയും ബെഡിനരികിലേക്ക് കൃത്യമായി ഭക്ഷണവും മരുന്നുമൊക്കെ എത്തിക്കുന്ന സാങ്കേതിക വിദ്യ. കൊറോണ വൈറസ് ബാധ പരിശോധിക്കുന്ന റൊബോട്ടുകളുമുണ്ടായിരുന്നു ചൈനയില്‍ വൈറസ് പടരാതിരിക്കാന്‍.

പ്രത്യേക അകലത്തില്‍ നിന്ന് മൂടിവെക്കാന്‍ യന്ത്രങ്ങള്‍ പോലും ഉണ്ടാക്കി ചൈനക്കാര്‍. അത്രക്കൊന്നും ഇന്ത്യക്കായില്ലെങ്കിലും കൊവിഡിനെ തോല്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ ഇന്ത്യക്ക് ഇത്രയും സമയമെടുത്തെങ്കിലും പുതിയ സാങ്കേതിക വിദ്യകൊണ്ടുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ വലിയ പ്രതീക്ഷയാണ് രാജ്യം മുന്നോട്ട് വെക്കുന്നത്.