മുന്നൂറ് കടക്കാനായില്ല; കരീബിയന്‍ മണ്ണില്‍ പതറിയ തുടക്കവുമായി ഇന്ത്യ; നാണക്കേട് ഒഴിവാക്കിയത് ജഡ്ഡുവും വാലറ്റവും
Cricket
മുന്നൂറ് കടക്കാനായില്ല; കരീബിയന്‍ മണ്ണില്‍ പതറിയ തുടക്കവുമായി ഇന്ത്യ; നാണക്കേട് ഒഴിവാക്കിയത് ജഡ്ഡുവും വാലറ്റവും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd August 2019, 9:32 pm

ആന്റിഗ്വ: കരീബിയന്‍ മണ്ണിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മങ്ങിയ തുടക്കം. ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 297 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. രണ്ടാം ദിവസം ആദ്യ സെഷനില്‍ത്തന്നെ വിന്‍ഡീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ അടിയറവ് പറയുകയായിരുന്നു.

ആദ്യ ദിവസം അജിന്‍ക്യ രഹാനെയാണ് (81) ഇന്ത്യക്കു വേണ്ടി കളിക്കളത്തില്‍ പിടിച്ചുനിന്നതെങ്കില്‍ രണ്ടാം ദിവസം അത് രവീന്ദ്ര ജഡേജയായിരുന്നു (58).

എട്ടാം വിക്കറ്റില്‍ ജഡേജയും ഇഷാന്ത് ശര്‍മയും നേടിയ 60 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നു കരകയറ്റിയത്. 62 പന്ത് അതിജീവിച്ച ഇഷാന്ത് 19 റണ്‍സ് നേടി.

163 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെയാണ് രഹാനെ 81 റണ്‍സ് നേടിയത്. ജഡേജ 112 പന്തില്‍ ഒരു സിക്‌സറും ആറു ഫോറും അടക്കം അര്‍ധസെഞ്ചുറി നേടി. ഇന്നിങ്‌സിലെ ഏക സിക്‌സര്‍ നേടിയതും ജഡേജയാണ്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ആന്റിഗ്വയിലെ പേസ് ബൗളിങ് പിച്ച് കൃത്യമായി വിനിയോഗിക്കാനായി. മുന്നൂറ് റണ്‍സിനപ്പുറം ശരാശരിയില്ലാത്ത പിച്ചില്‍ കെമര്‍ റോച്ചും സംഘവും ആടിത്തിമിര്‍ത്തു.

66 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ റോച്ച്, 71 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാനോണ്‍ ഗബ്രിയേല്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ റോസ്റ്റണ്‍ ചേസ്, ഒരു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ കരീബിയന്‍ പടയ്ക്കായി തിളങ്ങി.

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയിരുന്നത്. അതില്‍ 94 റണ്‍സ് കൂടിയാണ് രണ്ടാം ദിനം കൂട്ടിച്ചേര്‍ക്കാനായത്.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (9) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പേ ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയപ്പോള്‍ 3ന് 25 എന്ന നിലയില്‍ ഇന്ത്യ വന്‍തകര്‍ച്ചയെ നേരിട്ടതാണ്. കെ.എല്‍. രാഹുലും അജിന്‍ക്യ രഹാനെയും ക്ഷമയോടെ നീങ്ങിയെങ്കിലും വ്യക്തിഗത സ്‌കോര്‍ 44-ല്‍ റോഷ്ടണ്‍ ചേസിന്റെ പന്തില്‍ രാഹുല്‍ വീണു.

പിന്നാലെ 81 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ ഗബ്രിയേലിന്റെ പന്ത് അജിന്‍ക്യ രഹാനെയെ ക്ലീന്‍ ബൗള്‍ഡ് ആക്കി. ഹനുമ വിഹാരി 32 റണ്‍സെടുത്തു.

വൃദ്ധിമാന്‍ സാഹയെ മറികടന്ന് ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 24 റണ്‍സാണെടുത്തത്.

രോഹിത് ശര്‍മയെ ഒഴിവാക്കി അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ആറാമനായി, ഓഫ് സ്പിന്നര്‍ കൂടിയായ ഹനുമ വിഹാരിയും ടീമിലെത്തി. സ്പിന്‍ ഓള്‍റൗണ്ടര്‍ ജഡേജയും കളിക്കുന്നതോടെ ആര്‍. അശ്വിന്‍, കുല്‍ദീപ് എന്നിവര്‍ക്കും ഇടമില്ല.