ഓക്‌സ്‌ഫോര്‍ഡ്  കൊവിഡ് വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടങ്ങളില്‍; ഇനി ആവശ്യം ഡാറ്റ
Covid Vaccine
ഓക്‌സ്‌ഫോര്‍ഡ്  കൊവിഡ് വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടങ്ങളില്‍; ഇനി ആവശ്യം ഡാറ്റ
ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 8:14 am

ന്യൂദല്‍ഹി: ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക കൊവിഡ് -19 വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് രാജ്യത്തെ അഞ്ച് സൈറ്റുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍.

ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി) സെക്രട്ടറി രേണു സ്വരൂപാണ് വാക്‌സിന്‍ ഇന്ത്യയില്‍ അഞ്ചിടങ്ങളില്‍ അവസാന ഘട്ട പരീക്ഷണം നടത്തുമെന്ന വിവരം വ്യക്തമാക്കിയത്.

പ്രധാനപ്പെട്ട നടപടിയാണ് ഇതെന്നും വാക്‌സിന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നതിന് മുന്‍പ് രാജ്യത്തിനകത്തു നിന്ന് വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും രേണു സ്വരൂപ് പറഞ്ഞു.

വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍ അത് നിര്‍മ്മിക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ്, ഓക്‌സ്‌ഫോര്‍ഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെക്കയും തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള പരീക്ഷണ ഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

‘ബയോടെക്‌നോളജി വകുപ്പ് ഇപ്പോള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ സൈറ്റുകള്‍ തയ്യാറാക്കുകയാണ്. ഞങ്ങള്‍ ഇതിനകം തന്നെ അവയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്, അഞ്ച് സൈറ്റുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് ലഭ്യമാകാന്‍ തയ്യാറാണ്,” രേണു സ്വരൂപ് ഒരു ടെലിഫോണിക് അഭിമുഖത്തില്‍ പറഞ്ഞു.

അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് സ്ഥാപനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാല്‍ അത് ഗണ്യമായ അളവില്‍ തയ്യാറാക്കാനാകും എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

‘ഡി.ബി.ടി എല്ലാ നിര്‍മ്മാതാക്കളുമായും വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു, സെറം (ഇന്‍സ്റ്റിറ്റ്യൂട്ട്) ന്റെ മൂന്നാം ഘട്ട ട്രയല്‍ പ്രധാനമാണ്, കാരണം വാക്‌സിന്‍ വിജയകരമാവുകയും അത് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുകയും ചെയ്യണമെങ്കില്‍ രാജ്യത്തിനകത്തെ ഡാറ്റ ആവശ്യമാണ്,” രേണു സ്വരൂപ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക