പാക് പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ കളിക്കാരെ പിന്തിരിപ്പിച്ചത് ഇന്ത്യയല്ല: ശ്രീലങ്കന്‍ കായികമന്ത്രി
Cricket
പാക് പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ കളിക്കാരെ പിന്തിരിപ്പിച്ചത് ഇന്ത്യയല്ല: ശ്രീലങ്കന്‍ കായികമന്ത്രി
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 7:09 pm

കൊളംബൊ: പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ പിന്‍മാറാന്‍ കാരണം ഇന്ത്യയുടെ സമ്മര്‍ദ്ദമാണെന്ന പാക് മന്ത്രി ഫവാദ് ചൗധരിയുടെ ആരോപണത്തെ തള്ളി ശ്രീലങ്കന്‍ കായികമന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ.

ടൂര്‍ണമെന്റില്‍ നിന്ന് പത്ത് താരങ്ങള്‍ വിട്ടു നില്‍ക്കാന്‍ കാരണം 2009ലെ ഭീകരാക്രമണം തന്നെയാണെന്ന് ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. കളിക്കാരുടെ തീരുമാനത്തെ ബഹുമാനിച്ച് കൊണ്ട് തന്നെ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറായ കളിക്കാരെ ഉള്‍പ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ശക്തമായ ടീമിനെയാണ് പാകിസ്ഥാനിലേക്ക് അയക്കുന്നതെന്നും ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു.

2009ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്ത് ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ആറ് ലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ശ്രീലങ്ക പാകിസ്താനില്‍ പര്യടനത്തിന് പോയിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിരോഷന്‍ ഡിക്വെല്ല, കുസാല്‍ പെരേര, ജനിത് പെരേര, ധനഞ്ജയ് ഡി സില്‍വ, തിസാര പെരേര, അഖില ധനഞ്ജയ, ലസിത് മലിംഗ, ആഞ്ചലോ മാത്യൂസ്, സുരങ്ക ലക്മല്‍, ദിനേഷ് ചണ്ഠിമാല്‍, ദിമുത് കരുണരത്നെ എന്നിവരാണ് പാക് പര്യടനത്തില്‍ നിന്നും പിന്‍മാറിയ ശ്രീലങ്കന്‍ താരങ്ങള്‍. ശ്രീലങ്കയുടെ മുന്‍നിര താരങ്ങള്‍ എത്തിയില്ലെങ്കില്‍ പാകിസ്ഥാന് വലിയ തിരിച്ചടിയാണ് സംഭവിക്കുക.

പാക് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷ സംബന്ധിച്ച ആശങ്ക വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും ശ്രീലങ്കന്‍ താരങ്ങള്‍ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാക് പര്യടനത്തില്‍ പങ്കെടുത്താല്‍ ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ നിന്നും തഴയുമെന്ന് ഇന്ത്യ ശ്രീലങ്കന്‍ താരങ്ങളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഫവാദ് ചൗധരിയുടെ ആരോപണം.