90-ാം മിനിറ്റിലെ ഗോള്‍, ബഹ്‌റൈന്‍ നോക്കൗട്ടിലെക്ക്, ഇന്ത്യ നാട്ടിലേക്ക്
2019 AFC Asian Cup
90-ാം മിനിറ്റിലെ ഗോള്‍, ബഹ്‌റൈന്‍ നോക്കൗട്ടിലെക്ക്, ഇന്ത്യ നാട്ടിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th January 2019, 11:36 pm

ഷാര്‍ജ: ഷാര്‍ജയില്‍ ബഹ്‌റൈന്‍ ഒഴുക്കിയ വിയര്‍പ്പിന് 89-ാം മിനിറ്റില്‍ ഫലം. പെനല്‍റ്റി ബോക്‌സിനകത്ത് ഇന്ത്യന്‍ നായകന്‍ പ്രണോയിയുടെ ഫൗളിന് പെനല്‍റ്റി അനുവദിച്ചതോടെ ഇന്ത്യയുടെ നെഞ്ചടിപ്പ് കൂടി. ഒരു ഗോളിനപ്പുറം നോക്കൗട്ട് സ്വപ്‌നം കണ്ട ബഹ്‌റൈന്റെ പ്രതീക്ഷകള്‍ ജമാല്‍ റാഷിദിന്റെ കാലുകളിലായിരുന്നു.

കിക്കെടുക്കാനെത്തിയ ജമാലിന് പിഴച്ചില്ല. ഗൂര്‍പ്രീതിനെ മറികടന്ന് ഗോള്‍ വലയിലെത്തിയതോടെ ബഹ്‌റൈന്‍ നോക്കൗട്ട് പ്രവേശനം ഗംഭീരമാക്കി.

ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ബഹ്‌റൈന്‍ അവസാന പതിനാറിലെത്തിയത്. യു.എ.ഇയിാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍.

കളിയുടെ ഒഴുക്കിന് അനുകൂലമായ റിസള്‍ട്ടാണ് മത്സരത്തിനൊടുവിലുണ്ടായത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിര്‍ണായകമായ ഛേത്രി-ആഷിഖ് കൂട്ടുകെട്ട് ബഹ്‌റൈനെതിരെ ചിത്രത്തിലൊതുങ്ങി. ബഹ്‌റൈന്‍ പ്രതിരോധത്തെ പരീക്ഷിക്കുന്ന മികച്ചൊരു നീക്കവും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല.

മറുഭാഗത്ത് ബഹ്‌റൈന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ മികച്ച പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

പരുക്കേറ്റ് പ്രതിരോധതാരം അനസ് എടത്തൊടിക പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. തോറ്റെങ്കിലും അരനൂറ്റാണ്ടിന് ശേഷം ഏഷ്യാകപ്പ് ജയവുമായാണ് ടീം ഇന്ത്യ മടങ്ങുന്നത്.