യു.എ.ഇയുടെ ചരിത്രം പറയുന്നു, ഈ ഏഷ്യാ കപ്പ് നമുക്ക് തന്നെ; രണ്ടാം ഹാട്രിക് ലക്ഷ്യമിട്ട് ഇന്ത്യ
Sports News
യു.എ.ഇയുടെ ചരിത്രം പറയുന്നു, ഈ ഏഷ്യാ കപ്പ് നമുക്ക് തന്നെ; രണ്ടാം ഹാട്രിക് ലക്ഷ്യമിട്ട് ഇന്ത്യ
ആദര്‍ശ് എം.കെ.
Wednesday, 10th August 2022, 4:01 pm

ഏഷ്യന്‍ ക്രിക്കറ്റിന്റെ മാമാങ്കത്തിന് കൊടിയേറാന്‍ ഇനി ഏതാനും ദിനരാത്രങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ടി-20 ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ഏഷ്യാ കപ്പിനെ നോക്കിക്കാണുന്ന ആരാധകരും കുറവല്ല.

ടി-20 ലോകകപ്പ് വരുന്നതിനാല്‍ തന്നെ ടി-20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതും ഒരു പ്രത്യേകതയാണ്. 2016ലാണ് ഇതിന് മുമ്പ് ടി-20 ഫോര്‍മാറ്റില്‍ മത്സരം നടന്നിട്ടുള്ളത്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു എന്നതും, ഇതിന് മുമ്പ് ടി-20 ഫോര്‍മാറ്റില്‍ കളിച്ചപ്പോള്‍ ചാമ്പ്യന്‍മാരായതിന്റെ ചരിത്രവും ഏഷ്യാ കപ്പിന് വേണ്ടി കാത്തിരിക്കാന്‍ ആരാധകരെ നിര്‍ബന്ധിതരാക്കുന്നു.

വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ടീമിലേക്ക് മടങ്ങിയെത്തിയതും ആരാധകര്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ഇതുവരെ നടന്ന 14 സീസണില്‍ ഏഴിലും വിജയിച്ചത് ഇന്ത്യയാണെന്നതും നിലവില്‍ മാരക ഫോം തുടരുന്നതിനാലും നിലനിര്‍ത്താന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ എല്ലാത്തിനേക്കാളും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രധാന വസ്തുതയെന്തെന്നാല്‍ യു.എ.ഇയില്‍ വെച്ചാണ് മത്സരം നടക്കുന്നത് എന്നതുതന്നെയാണ്.

ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍, യു.എ.ഇയില്‍ വെച്ച് ടൂര്‍ണമെന്റ് നടന്നപ്പോഴെല്ലാം കപ്പുയര്‍ത്തിയത് ഇന്ത്യ തന്നെയായിരുന്നു. ഇതിന് മുമ്പ് മൂന്ന് തവണ യു.എ.ഇ ആതിഥേയരായപ്പോഴൊക്കെ ചാമ്പ്യന്‍മാര്‍ ഇന്ത്യ തന്നെയായിരുന്നു.

ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷന്റെ ആതിഥേയര്‍ യു.എ.ഇ ആയിരുന്നു. 1984ല്‍ നടന്ന ആദ്യ സീസണില്‍ ശ്രീലങ്കയെ തോല്‍പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ചാമ്പ്യന്‍മാരായത്.

ഇതിന് ശേഷം 1995ലാണ് ഏഷ്യാ കപ്പ് യു.എ.ഇയിലേക്ക് മടങ്ങിയെത്തിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചായിരുന്നു ഇന്ത്യ ഒരിക്കല്‍ക്കൂടി ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. അന്നും ശ്രീലങ്ക തന്നെയായിരുന്നു ഇന്ത്യയുടെ തേരോട്ടത്തില്‍ അടിപതറി വീണത്.

ആ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ ഹാട്രിക് കിരീടനേട്ടത്തിനായിരുന്നു 1995ല്‍ യു.എ.ഇ സാക്ഷ്യം വഹിച്ചത്. ഇതിന് മുമ്പ് 1988ല്‍ ബംഗ്ലാദേശില്‍ വെച്ച് നടന്ന സീസണിലും 1990/91ല്‍ ഇന്ത്യ ആതിഥേയരായപ്പോഴും അവസാന ചിരി ഇന്ത്യയുടേത് തന്നെയായിരുന്നു.

നീണ്ട 23 വര്‍ഷത്തിന് ശേഷമാണ് 2018ല്‍ ഏഷ്യാ കപ്പ് വീണ്ടും യു.എ.ഇയിലേക്കെത്തിയത്. അവസാന പന്തുവരെ ആവേശം അലതല്ലിയ മത്സരത്തില്‍ ബംഗ്ലാദേശിനെ ഒറ്റ റണ്ണിന് തോല്‍പിച്ചായിരുന്നു ഇന്ത്യ തങ്ങളുടെ ഏഴാമത് കിരീടം ഏറ്റുവാങ്ങിയത്.

ഇതിന് മുമ്പ് 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2010ല്‍ ശ്രീലങ്കയെ തകര്‍ത്ത് തങ്ങളുടെ അഞ്ചാം കിരീടവും 2016ല്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ആറാം കിരീടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ആഭ്യന്തര കലഹങ്ങള്‍ കാരണം ശ്രീലങ്കയില്‍ നിന്നും ടൂര്‍ണമെന്റ് യു.എ.ഇയിലേക്കെത്തുകയായിരുന്നു. ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ എഡിഷനില്‍ വിജയിച്ച് തങ്ങളുടെ രണ്ടാം ഹാട്രിക് നേട്ടമാണ് ഇന്ത്യന്‍ പട ലക്ഷ്യമിടുന്നത്.

നിലവിലെ ഫോം അനുസരിച്ച് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാവില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഉള്‍പ്പടെ എല്ലാ ഡിപ്പാര്‍ട്‌മെന്റിലും പരിചയസമ്പത്തുള്ള വെറ്ററന്‍ താരങ്ങള്‍ക്കൊപ്പം ഒരു പറ്റം യുവതുര്‍ക്കികളുമായിട്ടാണ് ഇന്ത്യ ഏഷ്യ പിടിച്ചടക്കാന്‍ ഇറങ്ങുന്നത്.

 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

 

Content Highlight: India have become champions in every edition of the Asia Cup held in the UAE

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.