'മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചതല്ലേ നമ്മുടെ ഭാഗ്യം; നിങ്ങള്‍ അമേരിക്കയുടെ അവസ്ഥ നോക്ക്: രാജ്‌നാഥ് സിങ്
India
'മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചതല്ലേ നമ്മുടെ ഭാഗ്യം; നിങ്ങള്‍ അമേരിക്കയുടെ അവസ്ഥ നോക്ക്: രാജ്‌നാഥ് സിങ്
ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 11:17 am

ന്യൂദല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തെ ഭരണത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് 19 മഹാമാരിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ഭാഗ്യം മോദിയെപ്പോലൊരു പ്രധാനമന്ത്രിയെ ലഭിച്ചു എന്നതാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഈ വെല്ലുവിളിയെയൊക്കെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള ഒരു നേതാവ് നമുക്കുണ്ട്. മോദിയ്ക്ക് പകരം മറ്റൊരാളായിരുന്നെങ്കില്‍ നിര്‍ണായ സമയത്ത് നയപരമായ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ലെന്നും രാജ്‌നാഥ് സിങ് പറയുന്നു.

അത്തരത്തിലൊരു തീരുമാനം എടുത്തില്ലെങ്കില്‍ ഇന്ത്യയുടെ അവസ്ഥ ഇതിലും മോശമാകുമായിരുന്നു. യു.എസിലെ കൊവിഡിന്റെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ തന്നെ ഒന്ന് നോക്കൂവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കാഴ്ചകള്‍ കണ്ട് മോദി അങ്ങേയറ്റം ദു: ഖിതനായിരുന്നു. എല്ലാവര്‍ക്കും ആ കാഴ്ച കണ്ടിട്ട് വേദനയുണ്ട്. എന്നാല്‍ മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ അപകടകരമായ നിലയിലേക്ക് പോകുമായിരുന്നു, രാജ്‌നാഥ് സിങ് പറഞ്ഞു.

കര-വ്യോമ-നാവിക മേഖലകളെ ഒരുമിച്ച് കൊണ്ടുപോകാനായി പതിനഞ്ച് വര്‍ഷത്തോളമായി ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ജനറല്‍ ബിപിന്‍ റാവത്തിനെ ചീഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കാന്‍ സാധിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറും. അല്ലാതെ അവ ഇറക്കുമതി മാത്രം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അല്ല ഇന്ത്യ ഉണ്ടാവുകയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക