കൊവിഡ് വ്യാപിക്കുമ്പോഴും ഇന്ത്യ കയറ്റി അയച്ചത് 9294 മെട്രിക് ടണ്‍ ഓക്‌സിജന്‍; ക്ഷാമത്തിലായപ്പോള്‍ നട്ടം തിരിഞ്ഞ് കേന്ദ്രസര്‍ക്കാര്‍
COVID-19
കൊവിഡ് വ്യാപിക്കുമ്പോഴും ഇന്ത്യ കയറ്റി അയച്ചത് 9294 മെട്രിക് ടണ്‍ ഓക്‌സിജന്‍; ക്ഷാമത്തിലായപ്പോള്‍ നട്ടം തിരിഞ്ഞ് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 5:28 pm

കൊവിഡ് വ്യാപിക്കുമ്പോഴും ഇന്ത്യ കയറ്റി അയച്ചത് 9294 മെട്രിക് ടണ്‍ ഓക്‌സിജന്‍; ക്ഷാമത്തിലായപ്പോള്‍ നട്ടം തിരിഞ്ഞ് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനിടയിലും കേന്ദ്രസര്‍ക്കാര്‍ കയറ്റിയയച്ചത് 9294 മെട്രിക് ടണ്‍ ഓക്‌സിജന്‍. 2020-21 വര്‍ഷത്തിലും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലുമായാണ് കേന്ദ്രസര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപകമായി ഓക്‌സിജന്‍ കയറ്റുമതി ചെയ്തത്.

2019-20 വര്‍ഷത്തേക്കാള്‍ ഇരട്ടിയധികമാണ് കഴിഞ്ഞ വര്‍ഷം മാത്രം കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്തത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് രാജ്യം.

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നതിനായി വിദേശമന്ത്രാലയത്തോട് ആരോഗ്യമന്ത്രാലയം സാധ്യത ആരാഞ്ഞിട്ടുണ്ട്. മാത്രമല്ല നാളെ മുതല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ ഉപയോഗത്തിന് വിലക്കും ഏര്‍പ്പെടുത്തി. 850 മെട്രിക് ടണ്‍ ഓക്സിജനായിരുന്നു കൊവിഡിന് മുമ്പ് ഇന്ത്യയുടെ പ്രതിദിന ഉപയോഗം. എന്നാല്‍ ഇപ്പോള്‍ ഇത് 4,300 മെട്രിക് ടണിലെത്തി.

2020-21 ല്‍ കയറ്റി അയച്ച ഓക്‌സിജനില്‍ കൂടുതലും ബംഗ്ലാദേശിലേക്കാണെന്ന് മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 8828 മെട്രിക് ടണ്‍ ഓക്‌സിജനാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്ന് വാങ്ങിയത്.

വാണിജ്യാവശ്യത്തിനാണ് ബംഗ്ലാദേശ് ഓക്‌സിജന്‍ വാങ്ങിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്ന ലിന്റെ ബംഗ്ലാദേശ് എന്ന കമ്പനി 90 ശതമാനം ഓക്‌സിജനും വിതരണം ചെയ്തത് മെഡിക്കല്‍ ആവശ്യത്തിനാണ്.

ഇന്ത്യയില്‍ നിന്ന് ദ്രവരൂപത്തിലുള്ള ഓക്സിജനാണ് ബംഗ്ലാദേശ് വാങ്ങുന്നത്. പിന്നീട് ഇവ വാണിജ്യാവശ്യത്തിനും മെഡിക്കല്‍ ആവശ്യത്തിനുമായി രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

അതേസമയം കൊവിഡ് വ്യാപന തീവ്രത കനത്തതോടെ ഓക്സിജന്‍ ക്ഷാമത്തില്‍ ഇപ്പോള്‍ ഇന്ത്യ നട്ടം തിരിയുകയാണ്. രാജ്യത്തെ ആശുപത്രികള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഓക്സിജന്റെ അപര്യാപ്തതയാണ്. ദല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Exported Nearly 9,300 Metric Tonnes of Oxygen in FY21 Despite Pandemic Rolling on