യു.എസിനെതിരെ കൈകോര്‍ത്ത് ഇന്ത്യയും ചൈനയും
World News
യു.എസിനെതിരെ കൈകോര്‍ത്ത് ഇന്ത്യയും ചൈനയും
ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 11:56 pm

ദല്‍ഹി: ഉപരോധവും വ്യാപാരചുങ്കം ചുമത്തലും ശീലമാക്കുന്ന യു.എസിനെതിരെ കൈകോര്‍ക്കാന്‍ അയല്‍രാജ്യമായ ഇന്ത്യയും ചൈനയും. രണ്ടു രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് നീക്കം.

“രണ്ട് വലിയ വികസ്വര രാജ്യങ്ങളും, വിപണിയുമാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക പരിഷ്‌കരണം, സമ്പദ്വ്യവസ്ഥ എന്നിവയില്‍ നിര്‍ണ്ണായക ശക്തികളായ രണ്ട് രാജ്യങ്ങള്‍ക്കും സ്ഥിരതയാര്‍ന്ന ചുറ്റുപാട് ഇപ്പോള്‍ ആവശ്യമാണ്.” ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് കൗണ്‍സിലര്‍ ജി റോങ് പറഞ്ഞു.

ചൈനയും യു.എസും തമ്മിലുള്ള വ്യാപാരബന്ധത്തിലെ ഉരസലിനെപ്പറ്റിയുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: റാഫേലില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നു; കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം

കഴിഞ്ഞമാസം 200 ബില്യന്‍ ഡോളര്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് യു.എസ് തീരുവ ചുമത്തിയിരുന്നു. 60 ബില്യണ്‍ ഡോളര്‍ ഇറക്കുമതിതീരുവ ചുമത്തി യു.എസ് അതിനെതിരെ തിരിച്ചടിച്ചു.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് വന്‍ ഇറക്കുമതിചുങ്കം ചുമത്തുന്നത് പരാമര്‍ശിച്ച് ഇന്ത്യയെ “ചുങ്കരാജാവ്” എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇന്ത്യ തീരുവ കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍ തോതില്‍ ഇറക്കുമതിചുങ്കം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാരം നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് ചൈന നിലപാടെടുത്തത്. രണ്ട് രാജ്യങ്ങളുടേയും ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടുന്നതിനേയും ചൈന വിമര്‍ശിച്ചു.

പ്രശ്നങ്ങളും സമ്മര്‍ദ്ദവും ഉണ്ടാക്കുന്ന നിലപാടുകളില്‍ നിന്നും യു.എസ് പിന്മാറണമെന്നും ചൈന പറഞ്ഞു. നേരത്തെ റഷ്യന്‍ കമ്പനികളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ചൈനയെ യു.എസ് എതിര്‍ത്തിരുന്നു.

WATCH THIS VIDEO: