ഇന്ത്യ ചൈന അതിര്‍ത്തിതര്‍ക്കം, പ്രശ്നപരിഹാരത്തിനായി നിര്‍ദേശിക്കപ്പെടുന്ന പഞ്ചശീല്‍ കരാര്‍ എന്താണ്?
രോഷ്‌നി രാജന്‍.എ

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം മുറുകുന്ന സാഹചര്യത്തില്‍ നേരത്തേ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സമാധാന ഉടമ്പടിയായ പഞ്ചശീല്‍ കരാര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അവസാനിക്കണമെങ്കില്‍ മുറുകെപ്പിടിക്കേണ്ടത് പഞ്ചശീല്‍ കരാര്‍ ആണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ പ്രസ്ഥാവന നടത്തുകയും ചെയ്തിരുന്നു. എന്താണ് പഞ്ചശീല്‍ കരാര്‍? ഈ ഘട്ടത്തില്‍ പഞ്ചശീല്‍ കരാറിന്റെ പ്രാധാന്യമെന്താണ്? ഡൂള്‍ എക്സ്പ്ലൈനര്‍ പരിശോധിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതോടെ 1954ല്‍ ഇരുരാജ്യങ്ങളും സമാധാനമെന്ന ഉദ്ദേശത്തോടെ ഒപ്പു വെച്ച ഉടമ്പടിയാണ് പഞ്ചശീല്‍. ചേരിചേരാരാജ്യങ്ങളുടെ സൗഹൃദം ഉറപ്പിക്കുകയെന്ന പ്രഥമ ലക്ഷ്യത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചഔ എന്‍ ലായിയും ചേര്‍ന്ന് രൂപം നല്‍കിയതാണ് പഞ്ചശീല്‍ കരാര്‍. 1954 ഏപ്രില്‍ 28ന് ബെയ്ജിങ്ങില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ എന്‍. രാഘവനും ചെനീസ് വിദേശകാര്യ മന്ത്രി ചാങ്ങ് ഹാന്‍ ഫുവും ചേര്‍ന്ന് കരാറില്‍ ഒപ്പുവെക്കുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ബന്ധങ്ങള്‍ക്ക് മേലുള്ള ആദ്യ ഔദ്യോഗിക കരാറായി മാറുകയായിരുന്നു പഞ്ചശീല്‍ കരാര്‍.

വിപ്ലവം വിജയിച്ചു വന്ന ചൈനയോട് അടുത്ത സൗഹൃദം പുലര്‍ത്താനുള്ള സോഷ്യലിസ്റ്റ് ചായ്വുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ശ്രമമായും പഞ്ചശീല്‍ കരാര്‍ അറിയപ്പെട്ടു. അഞ്ച് നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് പഞ്ചശീല്‍ കരാര്‍ രൂപീകരിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ളതും സ്വതന്ത്രവുമായ ബന്ധം രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കണമെന്നുള്ളതായിരുന്നു അതില്‍ ആദ്യത്തെ നിയമം.

രാജ്യങ്ങള്‍ തമ്മില്‍ ആക്രമണ സ്വഭാവം വച്ചു പുലര്‍ത്താതിരിക്കുക, രാജ്യത്തെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം തലയിടാതിരിക്കുക, പരസ്പരം ഉപയോഗപ്രദമാവുന്ന രീതിയില്‍ തുല്യത നിലനിര്‍ത്തിക്കൊണ്ടുള്ള ബന്ധം സൂക്ഷിക്കുക, സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തുക തുടങ്ങിയവയായിരുന്നു മറ്റ് നിയമങ്ങള്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധവുമായും സുരക്ഷാ ക്രമീകരണങ്ങളുമായും ബന്ധപ്പെട്ട വലിയ പ്രതീക്ഷകള്‍ പഞ്ചശീല്‍ കരാര്‍ മുന്നോട്ട് വച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥകളെയും യുദ്ധത്തെയും ചെറുത്തുനിര്‍ത്താന്‍ ഈ ഉടമ്പടികൊണ്ട് സാധിക്കുമെന്നാണ് പഞ്ചശീല്‍ കരാറിന് രൂപം നല്‍കിയ നെഹ്റു പറഞ്ഞത്.

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ നെഹ്റു കല്‍ക്കത്തയില്‍ വെച്ചു നടന്ന പൊതുസമ്മേളനത്തില്‍ പഞ്ചശീല്‍ കരാറിനെക്കുറിച്ച് പറഞ്ഞത് ചൈനയിലെ ആളുകള്‍ യുദ്ധം ആവശ്യപ്പെടുന്നില്ല എന്നായിരുന്നു. ലോകത്തെ തന്നെ സ്വാധീനിക്കാന്‍ പോവുന്ന വലിയ തീരുമാനമെന്നാണ് കരാറിനെക്കുറിച്ച് നെഹ്റുവിന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍ സര്‍വേപള്ളി ഗോപാല്‍ പറഞ്ഞത്. ഇന്ത്യക്കും ചൈനക്കും പുറമെ മറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള ചേരിചേരായ്മയെ അവസാനിപ്പിക്കാനും കരാര്‍ ഉപകാരപ്രദമാവുമെന്ന് അക്കാലത്ത് രാഷ്ട്രീയ നേതാക്കള്‍ വിശ്വസിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ വലിയൊരു വിജയമായി പഞ്ചശീല്‍ കരാര്‍ മാറുകയും ചെയ്തു. പിന്നീട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തിന് മാറ്റമുണ്ടാകുന്നത് ടിബറ്റുമായുള്ള ചൈനയുടെ ബന്ധം ഉലയുന്നതോടെയാണ്. സ്വതന്ത്ര രാജ്യമായിരുന്ന ടിബറ്റിനെ കൂട്ടിച്ചേര്‍ക്കാന്‍ 1950 കളുടെ ആരംഭം മുതല്‍ ചൈന ശ്രമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ചൈന ടിബറ്റില്‍ നുഴഞ്ഞുകയറി അവിടുത്തെ പുരോഹിത ഭരണത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1959 ല്‍ ഇത്തരം ശ്രമങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തിയപ്പോള്‍ മറ്റ് വഴികളില്ലാതെ ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് ഒളിച്ചോടി. അഭയാര്‍ത്ഥികള്‍ എന്ന നിലക്ക് ദലൈലാമക്കും സംഘത്തിനും നെഹ്റുസര്‍ക്കാര്‍ അംഗീകാരവും സംരക്ഷണവും നല്‍കുകയും ചെയ്തു. ഇത് ഇന്ത്യ ചൈന ബന്ധത്തില്‍ വലിയ വിള്ളലുകളാണ് ഉണ്ടാക്കിയത്. പഞ്ചശീല്‍ കരാറിന്റെ നിയമങ്ങളെ അസ്ഥാനത്താക്കുന്ന രീതിയിലേക്കാണ് ഇന്ത്യ ചൈന ബന്ധം പിന്നീട് മുന്നോട്ട് പോയത്.

ഇന്ത്യ ടിബറ്റന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന ധാരണയോടുകൂടി ചൈന ഇന്ത്യയുമായി നിരന്തരം അതിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഈ സംഘര്‍ഷാന്തരീക്ഷത്തിന്റെ തുടര്‍ച്ച തന്നെയാണ് 1962 ലെ ഇന്ത്യ ചൈന യുദ്ധത്തിലേക്ക് നയിച്ചത്. 1962ല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നീണ്ടുനിന്ന യുദ്ധത്തില്‍ ചൈനീസ് ആക്രമണത്തെ നേരിടാന്‍ ഇന്ത്യക്ക് ആയില്ല. എന്നാല്‍ ലോകരാജ്യങ്ങള്‍ ചൈനയെ ആക്രമണകാരിയായി കണക്കാക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. പഞ്ചശീല്‍ കരാര്‍ വഴി ഉണ്ടാക്കിയെടുത്ത ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലക്കുന്ന രീതിയിലേക്ക് ആ യുദ്ധം മാറുകയും ചെയ്തു.

നിലവില്‍ ഇന്ത്യ ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിസംബന്ധമായ സംഘര്‍ഷങ്ങളില്‍പ്പെട്ടുകിടക്കുമ്പോള്‍ പഞ്ചശീല്‍ പദ്ധതി ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതകള്‍ വീണ്ടും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ചൈനയുമായുള്ള ബന്ധം സമാധാനപരമായി നില്‍നില്‍ക്കണമെന്നും പഞ്ചശീല്‍ ഉടമ്പടിയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് നിര്‍ദേശങ്ങളുയരുന്നത്. സമാധാനപരമായ ബന്ധം ഇരുരാജ്യങ്ങളും നിലനിര്‍നിര്‍ത്തേണ്ടതിന്റെ ആവശ്യകതകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളിലും പരിഹാരമെന്നോണം പഞ്ചശീല്‍ കരാര്‍ മുന്നിട്ടുനില്‍ക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.