സൈനികര്‍ കൊല്ലപ്പെട്ടതോ അതോ വീരമൃത്യുവരിച്ചതോ
ന്യൂസ് ഡെസ്‌ക്

ഇന്ത്യ ചൈന സംഘര്‍ഷം കടുക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ രണ്ട് വാക്കുകള്‍.
കൊല്ലപ്പെട്ടു, വീരമൃത്യു വരിച്ചു.
ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 20 പട്ടാളക്കാരെ നഷ്ടമായപ്പോള്‍ മാധ്യമങ്ങള്‍ ആദ്യം അതിനെ കൊല്ലപ്പെട്ടു എന്നു റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് സൈബര്‍ ആക്രമണം കടുത്തപ്പോള്‍ അത് വീരമൃത്യു എന്ന് പലരും തിരുത്തി. സൈനികര്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഡൂള്‍ ന്യൂസിന് നേരെയും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. തുടരെ തുടരെ ഫോണ്‍കോളുകളും ഞങ്ങള്‍ക്ക് വന്നുകൊണ്ടിരുന്നു. പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കേണ്ട വാക്ക് വീരമൃത്യുവോ അതോ കൊല്ലപ്പെടലോ. ഇനി കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ അത് തിരുത്തി വീരമൃത്യു എന്ന് മാറ്റിപറയേണ്ട സാഹചര്യമുണ്ടോ. ഡൂള്‍ ഏക്‌സ്പ്ലയിനര്‍ പരിശോധിക്കുന്നു.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ ജോലിക്കിടെ കൊല്ലപ്പെട്ട പട്ടാളക്കാരെ മാര്‍ട്ടയര്‍ അഥവാ രക്തസാക്ഷി എന്ന പദം ഉപയോഗിച്ച് സംബോധന ചെയ്തിട്ടില്ല. കില്ല്ഡ് അഥവാ കൊല്ലപ്പട്ടു എന്ന വാക്ക് തന്നെയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ജീവന്‍ നഷ്ടമായ പട്ടാളക്കാരെക്കുറിച്ച് വിശേഷിപ്പിച്ചത്. ശ്രദ്ധിക്കുക പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് കൊല്ലപ്പെട്ടു എന്ന വാക്ക് ഉപയോഗിച്ചത്.

കേന്ദ്ര സായുധനസേനയിലെ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുമ്പോള്‍ രക്തസാക്ഷി എന്ന പദം ഉപയോഗിക്കാറില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2016ല്‍ ലോക്‌സഭയെ അറിയിച്ചത് ഇന്ത്യന്‍ സായുധ സേനയുമായി ബന്ധപ്പെട്ട യുദ്ധങ്ങളിലോ സംഘര്‍ഷങ്ങളിലോ നടന്ന മരണങ്ങളില്‍ രക്തസാക്ഷി എന്ന പദം ഉപയോഗിക്കരുത് എന്ന് തന്നെയായിരുന്നു.

തീര്‍ന്നില്ല 2017 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷണനെ അറിയിച്ചത് ഇന്ത്യന്‍ സേനയും പൊലീസുമായി ബന്ധപ്പെട്ട് രക്തസാക്ഷി എന്നൊരു വാക്ക് ഉപയോഗിക്കാറില്ല എന്നാണ്. ഇതിനു പകരം യുദ്ധത്തിലോ ജോലിക്കിടയിലോ പൊലീസുദ്യോഗസ്ഥനോ സൈനികനോ മരിച്ചാല്‍ ആ മരണത്തെ ബാറ്റില്‍ കാഷ്വാലിറ്റി, അല്ലെങ്കില്‍ ഓപ്പറേഷന്‍ കാഷ്വാലിറ്റി എന്നാണ് പറയുന്നത്. അവിടെയും വീരമൃത്യു അല്ലെങ്കില്‍ രക്തസാക്ഷി എന്ന വാക്കിനെക്കുറിച്ച് പരാമര്‍ശമേ ഇല്ല.

കൂടുതല്‍ വ്യക്തതയ്ക്കായി ലഫ്റ്റനനെന്‍ഡ് ജനറല്‍ സഞ്ജയ് കുല്‍ക്കര്‍ണി സൈനികരുടെ മരണവുമായി ബന്ധപ്പെട്ട് വീരമൃത്യൂ അല്ലെങ്കില്‍ രക്തസാക്ഷി എന്ന പദം ഉപയോഗിക്കുന്നതിനെ എങ്ങിനെ കാണുന്നുവെന്ന് പരിശോധിക്കാം.

രക്തസാക്ഷി എന്ന പദം സാധാരണയായി ബന്ധപ്പെട്ടു കിടക്കുന്നത് മതപരമായ വിശ്വാസത്തെ പ്രതിരോധിച്ച് മരണമടഞ്ഞവരുമായി ബന്ധപ്പെട്ടാണ്. സൈനികര്‍ തങ്ങളുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനോ അല്ലെങ്കില്‍ ജോലിക്കിടിയില്‍ മരണപ്പെടുന്നതിനെയോ കൊല്ലപ്പെടുക എന്ന വാക്ക് തന്നെയാണ് സാധരണയായി ഉപയോഗിച്ച് വരുന്നത്.

എന്നിരുന്നാലും ഇപ്പോള്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെടുന്ന ഒരു സൈനികനെ രക്തസാക്ഷിയെന്നും വീരമൃത്യൂവരിച്ചവനെന്നും പറയുന്നത് സാധാരണയായി മാറിയിരിക്കുകയാണ്. മറിച്ചാണ് പറയുന്നതെങ്കില്‍ സൈനികനോട് അനാദരവ് കാട്ടുകയാണെന്നും അദ്ദേഹത്തിന്റെ ത്യാഗത്തെ അംഗീകരിക്കാതിരിക്കുകയാണെന്നുമുള്ള തരത്തിലാണ് ഇതിനെ സമീപിക്കുന്നതെന്നും ജനറല്‍ കുല്‍ക്കര്‍ണി പറയുന്നു.

സൈനികരുടെ മരണവുമായി ബന്ധപ്പെട്ട് വീരമൃത്യു എന്ന പദം ഉപയോഗിക്കുന്നത് പുതിയ രീതിയാണെന്നാണ് മേജര്‍ മൂവറ സി.നഞ്ജപ്പയും പറയുന്നത്.

ഇനി ഗാല്‍വാന്‍ ഫെയ്‌സ് ഓഫിനെ ദേശീയ മാധ്യമങ്ങള്‍ എങ്ങിനെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് നോക്കാം

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്


ദ ഇന്ത്യന്‍ എക്‌സപ്രസ്


ഹിന്ദുസ്ഥാന്‍ ടൈംസ്

കില്‍ഡ് അഥവാ കൊല്ലപ്പെട്ടു എന്ന വാക്ക് തന്നെയാണ് പ്രധാനപ്പെട്ട ദേശീയ മാധ്യമങ്ങള്‍ എല്ലാം തന്നെ ഉപയോഗിച്ചത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ.

ഇനി അന്താരാഷ്ട്ര മാധ്യമങ്ങളും ന്യൂസ് ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തത് എങ്ങിനെയെന്ന് കൂടി പരിശോധിക്കാംഇവിടെയും സംശയമില്ല കില്ല്ഡ്, മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ കൊല്ലപ്പെട്ടു എന്ന വാക്ക് തന്നെയാണ് അന്തരാഷ്ട്ര മാധ്യമങ്ങളും ഉപയോഗിച്ചിരിക്കുന്നത്.

മാധ്യമങ്ങള്‍ മാത്രമല്ല, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച വാക്കും എന്താണെന്ന് നോക്കാം. ഇവിടെയും ഫാളന്‍ സോള്‍ജ്യേഴ്‌സ് എന്ന വാക്കാണ് ഭൂരിഭാഗം പേരും ഉപയോഗച്ചത്.

 

 

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും, പ്രസിഡന്റും ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ജീവന്‍വെടിഞ്ഞ പട്ടാളക്കാരെ അഭിസംബോധന ചെയ്തത് എങ്ങിനെയെന്നതും ഇവിടെ പ്രസക്തമാണ്.

 

 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രക്തസാക്ഷി അല്ലെങ്കില്‍ വീരമൃത്യു എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ദ ലോസ് ഓഫ് സോള്‍ജ്യേഴ്‌സ് അഥവാ പട്ടാളക്കാരുടെ നഷ്ടം എന്നാണ് 20 ഇന്ത്യന്‍ പട്ടാളക്കാരുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം ഉപയോഗിച്ചത്. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉപയോഗിച്ചത് ദോസ് ഹൂ ലെയ്ഡ് ഓഫ് ദെയര്‍ ലൈവ്‌സ് എന്നാണ് മലയാളത്തില്‍ ജീവന്‍വെടിഞ്ഞവര്‍ എന്നും പറയും.

മുതിര്‍ന്ന സൈനിക ഉദ്യേഗസ്ഥര്‍, രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവര്‍, ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ തുടങ്ങിയവര്‍ കി്ല്ല്ഡ് അഥവാ കൊല്ലപ്പെട്ടു എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. വസ്തുതാപരമായി കൃത്യമായ വാക്ക് ഉപയോഗിച്ച് റിപ്പോര്‍ട്ടിങ്ങ് നടത്തിയതിന്റെ പേരിലാണ് തീവ്രദേശീയതയുടെ വാദങ്ങള്‍ ഉയര്‍ത്തി അകാരണമായി ചില മാധ്യമങ്ങള്‍ക്കെതിരെ അക്രമണം നടത്തുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ