എഡിറ്റര്‍
എഡിറ്റര്‍
പരിക്ക് ഭേദമായില്ല; നാലാം ടെസ്റ്റില്‍ കോഹ്‌ലി കളിക്കാന്‍ സാധ്യതയില്ല
എഡിറ്റര്‍
Thursday 23rd March 2017 9:14pm

 

ധര്‍മ്മശാല: ഓസീസിനെതിരായ നാലാം ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇറങ്ങിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനേറ്റ പരിക്കാണ് ഇന്ത്യന്‍ നായകന് തിരിച്ചടിയായിരിക്കുന്നത്.


Also read ‘കാലപ്പഴക്കം എന്നെയൊരു വിന്റേജ് കാറായി മാറ്റി’; അടുത്ത ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് ധോണിയുടെ മറുപടി


മത്സരത്തിനു മുന്നോടിയായി നടന്ന ബാറ്റിങ് പരിശീലനത്തില്‍ താരം ഇറങ്ങാത്തതാണ് പരിക്ക് ഭേദമായില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ നിര്‍ണ്ണായകമാണ് നാലാം ടെസ്റ്റ്. കോഹ്‌ലിയിറങ്ങിയില്ലെങ്കില്‍ രഹാനെയാകും ഇന്ത്യന്‍ ടീമിനെ അവസാന മത്സരത്തില്‍ നയിക്കുക.

ശനിയാഴ്ചയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ധര്‍മ്മശാലയില്‍ നടക്കുന്നത്. ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാകും ധര്‍മ്മശാലയിലേതെന്ന് ചീഫ് ക്യൂറേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ദിനങ്ങളില്‍ ഫാസ്റ്റ് ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കും പ്രതീക്ഷിക്കാന്‍ വകയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തിന്റെ അവസാന ദിനമാകുമ്പോള്‍ പിച്ച് സ്പിന്നിനെ അനുകൂലമായി മാറും. ഫാസ്റ്റ് ബൗളിങ്ങിനു പിന്തുണക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ ഷമിയെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം വിജയ് ഹസാരേ ട്രോഫി ഫൈനലില്‍ നാലു വിക്കറ്റെടുത്ത് ശാരീരിക ക്ഷമത തെളിയിച്ചതോടെയാണ് ഷമിയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

ആദ്യ മൂന്നു ടെസ്റ്റിലും കളിച്ച ഉമേഷ് യാദവിനും ഇഷാന്ത് ശര്‍മ്മയ്ക്കും പുറമേ ഷമി കൂടി ചേര്‍ന്നാല്‍ ഓസീസിനെതിരരായ ബൗളിങ് നിരയുടെ ആക്രമണം ശക്തമാക്കാന്‍ ടീമിനു കഴിഞ്ഞേക്കും

ഇന്ത്യന്‍ ടീം പരിശീലനത്തില്‍

 

Advertisement