ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മൂന്ന് വട്ടം ഏറ്റുമുട്ടും? സാധ്യതകള്‍ ഇങ്ങനെ
Sports News
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മൂന്ന് വട്ടം ഏറ്റുമുട്ടും? സാധ്യതകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th July 2023, 8:45 pm

ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ ക്രിക്കറ്റ് ലോകത്ത് എന്നും ഒരുപാട് ആരാധകരുള്ള ഏറ്റുമുട്ടലാണ്. ക്രിക്കറ്റ് ആരാധകരെയും താരങ്ങളെയും ഒരുപോലെ ആവേശത്തിലാക്കാന്‍ ഈ മത്സരങ്ങള്‍ക്ക് സാധിക്കാറുണ്ട്. ബൈലാറ്ററല്‍ പരമ്പരകള്‍ കളിക്കാത്ത ഇരു ടീമുകളും ടൂര്‍ണമെന്റുകളിലാണ് എപ്പോഴും ഏറ്റുമുട്ടുക.

ഈ മത്സരങ്ങളൊക്കെ തന്നെ മികച്ച അന്തരീക്ഷമാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പിലെയും ഏഷ്യാ കപ്പിലെയും ഇന്ത്യ-പാക് പോരാട്ടം നൈല്‍ ബൈറ്റിങ് ത്രില്ലറുകളായിരുന്നു. ഏഷ്യാ കപ്പില്‍ രണ്ട് വട്ടവും ട്വന്റി-20 ലോകകപ്പില്‍ ഒരു വട്ടവും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ രണ്ടെണ്ണവും പാകിസ്ഥാന്‍ ഒന്നിലും വിജയിച്ചു. ലോകകപ്പിലെ വിരാടിന്റെ ഇന്നിങ്‌സ് ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്.

ഇത്തവണ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും അടുത്ത് വരാനിരിക്കെ ഇന്ത്യ-പാക് മത്സരത്തിനായി ഉറ്റുനോക്കുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. സെപ്റ്റംബര്‍ രണ്ടിനാണ് ഇരു ടീമും ആദ്യം ഏറ്റുമുട്ടുക. ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

ഇരു ടീമും ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച് സൂപ്പര്‍ ഫോറില്‍ കടന്നാല്‍ സെപ്റ്റംബര്‍ 10ന് വീണ്ടും ഏറ്റുമുട്ടിയേക്കും. ഇന്ത്യ, പാക് കൂടാതെ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍.

ഈ ടീമുകളില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഫൈനല്‍ കളിക്കാന്‍ ഫേവറേറ്റുകളെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇരുവരും വീണ്ടും ഫൈനല്‍ മത്സരത്തില്‍ കളിച്ചേക്കും. ഇതൊക്കെ സംഭവിക്കുകയാണെങ്കില്‍ വെറും 15 ദിവസത്തിനുള്ളില്‍ മൂന്ന് ഇന്ത്യ-പാക് മത്സരത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയാകും.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഇരുവരും തന്നെയായിരുന്നു ഫേവറേറ്റുകളായി എത്തിയതെങ്കിലും, ശ്രീലങ്ക വമ്പന്‍ പ്രകടനം കാഴ്ചവെക്കുകയും ഇരു ടീമിനെയും തോല്‍പിച്ച് ഫൈനല്‍ കളിക്കുകയുമായിരുന്നു. ഇന്ത്യ സൂപ്പര്‍ ഫോര്‍ സ്‌റ്റേജില്‍ പാകിസ്ഥാനെതിരെയും ലങ്കക്കെതിരെയും തോറ്റ് പുറത്തായപ്പോള്‍ പാക് ഫൈനലില്‍ ലങ്കക്കെതിരെ അടിയറവ് പറയുകയായിരുന്നു.

Content Highlight: India and Pakistan may play three games in Asia cup this year