വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇടിവ്
Big Buy
വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇടിവ്
ന്യൂസ് ഡെസ്‌ക്
Wednesday, 12th October 2011, 6:44 pm

ന്യൂദല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പാദന വളര്‍ച്ചാനിരക്കില്‍ (ഐഐപി) ഇടിവ് രേഖപ്പെടുത്തി. ആഗസ്റ്റില്‍ അവസാനിച്ച കണക്കുകളനുസരിച്ച് നിരക്ക് 4.1 ശതമാനത്തിലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം വ്യാവസായിക വളര്‍ച്ച 4.5 ശതമാനത്തിലെത്തിയിരുന്നു. ഉത്പാദന മേഖലയിലെ മോശം പ്രകടനവും ഖനന മേഖലയിലെ തളര്‍ച്ചയുമാണ് ഇടിവിന് കാരണം.

കൂടാതെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യവും വ്യാവസായിക ഉത്പാദന വളര്‍ച്ചയിലെ ഇടിവിന് കാരണമായി. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി 2010 മാര്‍ച്ചിന് ശേഷം 12 തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചു മാസക്കാലയളവില്‍ വ്യാവസായിക വളര്‍ച്ച 5.6 ശതമാനമാണ്.

തൊട്ടു മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 8.7 ശതമാനമായിരുന്നു. ഖനന മേഖലയിലേതാകട്ടെ, 5.9 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി ഇടിഞ്ഞു. ഗൃഹോപകരണം, മൂലധന സാമഗ്രി എന്നിവയുടെ ഉത്പാദന വളര്‍ച്ചയിലും ഇടിവ് രേഖപ്പെടുത്തി. അതേസമയം, എഫ്എംസിജി, വൈദ്യുതി ഉത്പാദനം എന്നിവയില്‍ നേരിയ വളര്‍ച്ച ദൃശ്യമായി.