വാഷിങ്ടണ്‍: സൗദിയില്‍ നിന്ന് മറ്റുരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസമിതിയുടെ അഭയാര്‍ത്ഥി സമിതിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2017 വരെ 2393 ആളുകള്‍ രാജ്യം ഉപേക്ഷിച്ചതായാണ് കണക്കുകള്‍.
രാജ്യം ഉപേക്ഷിച്ചവരില്‍ ഭൂരിഭാഗവും അമേരിക്കയിലേക്കാണ് കുടിയേറിയത്. യു.എസില്‍ മാത്രം 1143 സൗദികളാണുള്ളത്. സൗദിക്ക് പുറമെ കാനഡയില്‍ 453ഉം ഓസ്ട്രേലിയയില്‍ 191ഉം സൗദി സ്വദേശികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുടിയേറ്റം നടത്തി. കുടിയേറ്റത്തിനായി സൗദിക്കും കാനഡയ്ക്കും പുറമെ ജര്‍മനിയും യു.കെയുമാണ് സുരക്ഷിത ഇടങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.
1993ലാണ് സൗദിയില്‍ നിന്ന് കുടിയേറുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വരുന്നത്. അന്നത് ഏഴായിരുന്നു. എന്നാല്‍ 2006ന് ശേഷം കുടിയേറ്റത്തില്‍ വലിയ വര്‍ധനവുണ്ടായതായി യു.എന്‍.എച്ച്.സി.ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ലെ അറബ് വസന്തത്തിന് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖല കലുഷിതമായത് കുടിയേറ്റനിരക്ക് വര്‍ധിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ALSO READ: ഊബര്‍ ടാക്സിക്കും ഈറ്റ്സിനും പിന്നാലെ ഊബര്‍ ബോട്ട് സര്‍വ്വീസുകളും
എന്നാല്‍ മുഹമ്മദ് ബിന്‍ സല്മാന് അധികാരത്തിലെത്തിയതോടെ കുടിയേറ്റനിരക്കില് വലിയ വര്‍ധനവാണ് ഉണ്ടായത്. രാഷ്ട്രീയമായുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാഷ്ട്രീയമായി യോജിക്കാത്ത ഒരുപാട് ആളുകളുണ്ട്. അവരാണ് എം.ബി.എസ്സിന്റെ വരവിന് ശേഷം കുടിയേറിയതെന്ന് ഹ്യൂമന്റൈറ്റ്സ് വാച്ച് മധ്യേഷ്യന്‍ ഗവേഷകന് ആദം കൂഗില് പറഞ്ഞതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സൗദി ഭരണകൂടം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും സി.എന്‍.എന്‍. വ്യക്തമാക്കി.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്രത്തിന് വിലക്കുണ്ട്. ഇപ്പോഴത കൂടുതല്‍ ദുഷ്കരമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണ് സാഹചര്യം കൂടുതല്‍ മോശമായത്. ഇത് കൂടുതല്‍ സൗദികളെ വിദേശത്തേക്ക് കുടിയേറുന്നതിന് പ്രേരിപ്പിക്കുന്നതായി മുഹമ്മദ് ബിന്‍ സല്‍മാനെ പിന്തുണയ്ക്കുന്ന അലി ശിഹാബി പറഞ്ഞതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.
എം.ബി.എസ്. അധികാരം ഏറ്റെടുത്ത് 2015നും 2016നുമിടക്ക് കുടിയേറ്റ നിരക്ക് 52 മടങ്ങ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഓരോവര്‍ഷവും ഇത് വര്‍ധിക്കുന്നതായും. പറയുന്നു.കുടിയേറുന്നവരില്‍ അധികവും കൗമാരക്കാരെന്നാണ് യു.എന്‍.എച്ച്.സി.ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കടപ്പാട്: സി.എന്‍.എന്‍.