നമ്മുടെ കുട്ടികള്‍ അരക്ഷിതാവസ്ഥയില്‍.. പോക്‌സോ കേസുകളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന; നാലുമാസത്തിനിടെ കേരളത്തില്‍ 1156 കേസുകള്‍
Child Abuse
നമ്മുടെ കുട്ടികള്‍ അരക്ഷിതാവസ്ഥയില്‍.. പോക്‌സോ കേസുകളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന; നാലുമാസത്തിനിടെ കേരളത്തില്‍ 1156 കേസുകള്‍
ഹരിമോഹന്‍
Wednesday, 3rd July 2019, 2:23 pm

കോഴിക്കോട്: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരതകള്‍ക്കിരയായി ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ടിട്ട് ഒരുമാസം പോലും തികഞ്ഞിട്ടില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാനാകില്ലെന്ന യാഥാര്‍ഥ്യത്തിലേക്കാണു കാര്യങ്ങള്‍ എത്തുന്നത്. സംസ്ഥാനത്ത് കുട്ടികള്‍ കടുത്ത അരക്ഷിതാവസ്ഥയിലേക്കു നീങ്ങുകയാണെന്ന നടുക്കുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതോടെയാണിത്.

കഴിഞ്ഞ ആറരവര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ കഴിഞ്ഞ ആറരവര്‍ഷത്തിനിടെ ക്രമാതീതമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ സംസ്ഥാനത്ത് പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 13,232 കേസുകളാണ്. 2012 നവംബര്‍ മുതല്‍ ഈവര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണിത്.

അതില്‍ ഈവര്‍ഷം ആദ്യ നാലുമാസം മാത്രം രജിസ്റ്റര്‍ ചെയ്തതാകട്ടെ, 1,156 കേസും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ചെറിയ കാലയളവിലെ കണക്ക് ഭയപ്പെടുത്തുന്നതാണ്. കഴിഞ്ഞവര്‍ഷം മൊത്തമുണ്ടായത് 3,179 പോക്‌സോ കേസുകളാണ്. ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിക്കഴിഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗികാക്രമണങ്ങളില്‍ രണ്ടിരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നത്. 10-16 വയസ്സിനിടയിലുള്ള കുട്ടികളാണ് ഇതില്‍ കൂടുതലായും ഇരകളാകുന്നത്. ഏറ്റവുമധികം ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നതാകട്ടെ, പിതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ്. തൊടുപുഴയിലെ ഏഴുവയസ്സുകാരന്റേത് അടക്കമുള്ള ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്.

കുറ്റകൃത്യങ്ങളിലെ വര്‍ധനവ് വളരെ ഗൗരവമായി കാണേണ്ട വിഷയമാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം ഈ വര്‍ധനയ്ക്ക് ഒരു കാരണമാണെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു.

മുന്നില്‍ മലപ്പുറം

പോക്‌സോ കേസുകള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ല മലപ്പുറമാണ്. 176 കേസുകളാണ് ഈവര്‍ഷം ആദ്യ നാലുമാസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതും ഓരോ മാസവും ക്രമാതീതമായി അതു വര്‍ധിക്കുന്നുമുണ്ട്. ജനുവരിയില്‍ 27 ആയിരുന്നെങ്കില്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 46 വീതമായി. എന്നാല്‍ ഏപ്രിലിലെത്തിയപ്പോള്‍ അത് 57 ആയി കൂടി.

കഴിഞ്ഞവര്‍ഷവും മലപ്പുറത്തു തന്നെയായിരുന്നു അധികം പോക്‌സോ കേസുകള്‍. അന്നാകെ 410 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആദ്യ നാലുമാസത്തിനിടെ 97 കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. ഈവര്‍ഷമത് വന്‍തോതില്‍ കൂടിയിരിക്കുന്നുവെന്നാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരമാണു രണ്ടാംസ്ഥാനത്ത്. 147 കേസുകളാണ് ആദ്യ നാലുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 97 എണ്ണവും റൂറല്‍ മേഖലയിലാണ്.

എറണാകുളമാണ് മൂന്നാംസ്ഥാനത്ത്. 114 കേസുകളാണ് അവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ 78 എണ്ണവും റൂറലിലാണ്. കോഴിക്കോട് 94 കേസുകളും പാലക്കാട് എണ്‍പതും കാസര്‍കോട് അറുപതും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്, 25.

പോക്‌സോ കേസുകളില്‍ മാത്രമല്ല

സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ മാത്രമല്ല ഈ വര്‍ധനവെന്നതാണു യാഥാര്‍ഥ്യം. കുട്ടികള്‍ക്കെതിരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങളുടെയും കണക്കുകള്‍ പരിശോധിച്ചാല്‍ അത് ഇതിലുമേറെ ഞെട്ടിക്കും. കഴിഞ്ഞ പത്തരവര്‍ഷത്തിനിടെ 22,988 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലൈംഗികാക്രമണങ്ങളെക്കൂടാതെ, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യ, ഉപേക്ഷിക്കല്‍ തുടങ്ങിയവയും ഇതില്‍പ്പെടും. അതില്‍ കഴിഞ്ഞവര്‍ഷം മാത്രം 4,008 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017-ലാകട്ടെ അത് 3,543 ആയിരുന്നു. ഈവര്‍ഷം നാലുമാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 1394 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

സ്വൈര്യവിഹാരികളായി പ്രതികള്‍

കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേര്‍ മാത്രമാണെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദേശീയതലത്തില്‍ ശിക്ഷിക്കപ്പെടുന്നത് 30.7 ശതമാനവും.

2016-ല്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ച കേസുകളില്‍ വിധി വന്നത് 510 കേസുകളിലാണെങ്കില്‍, പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 85 എണ്ണത്തില്‍ മാത്രമാണ്. പോക്‌സോ കേസുകളില്‍ ഒരുവര്‍ഷത്തിനകം വിധിയുണ്ടാകണമെന്നു വ്യവസ്ഥയുള്ള നാട്ടിലാണ് ഈ അവസ്ഥയെന്നതാണ് പരിതാപകരം.

കുറ്റപത്രം സമര്‍പ്പിച്ചശേഷം വിചാരണ വൈകുന്നത് ആക്രമണം നേരിട്ട കുട്ടിക്കും അവരുടെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പി. സുരേഷ് പറഞ്ഞു.

കേരളത്തില്‍ പ്രത്യേകം കോടതികള്‍ അന്നും ഇന്നും മൂന്നുതന്നെ

2012-ലാണ് പോക്‌സോ നിയമം നിലവില്‍ വന്നത്. അതുപ്രകാരം എല്ലാ ജില്ലകളിലും പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി കോടതികള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ടായി. എന്നാല്‍ കേരളത്തില്‍ അന്നുമുതല്‍ ഇന്നുവരെ മൂന്നു ജില്ലകളില്‍ മാത്രമാണ് ഇത്തരം കോടതികള്‍ രൂപീകരിക്കപ്പെട്ടത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഈ കോടതികള്‍. മറ്റു ജില്ലകളില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിക്കാണു ചുമതല. മറ്റ് കേസുകള്‍ക്കൊപ്പം പോക്‌സോ കേസുകളും കൈകാര്യം ചെയ്യേണ്ടിവരുന്നതിനാല്‍ സമയബന്ധിതമായി ഇവ തീര്‍പ്പാക്കാന്‍ കഴിയാതെവരുന്നുവെന്ന് ഏറെനാളായി ആക്ഷേപം ഉയരുന്നുണ്ട്.

ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഇഴയുന്നു

കേസുകള്‍ പെരുകുന്നതിനനുസരിച്ച് കേരളത്തിലെ പോക്‌സോ കേസുകളില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഇഴയുന്നത് നിയമനടപടികള്‍ക്കു തടസ്സമാവുന്നുണ്ട്. നിലവില്‍ 1370 കേസുകളിലാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് വരാനുള്ളത്. അതില്‍ എഴുന്നൂറിലധികം കേസുകളില്‍ ഒരുവര്‍ഷത്തിലേറെയായി റിപ്പോര്‍ട്ട് വരാത്തതിനാല്‍ തുടര്‍നടപടികള്‍ സാധ്യമായിട്ടില്ല.

നിയമം നിലവില്‍വന്ന 2012-ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലും വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. പലപ്പോഴും രാസപരിശോധനാ ഫലം വൈകുന്നതാണ് റിപ്പോര്‍ട്ടുകള്‍ക്കു കാലതാമസം സൃഷ്ടിക്കുന്നത്.

ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വൈകുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ളത് തലസ്ഥാനത്താണ്. 463 കേസുകളാണ് തിരുവനന്തപുരത്തു മാത്രം കെട്ടിക്കിടക്കുന്നത്. ഇതില്‍ നൂറിലേറെ കേസുകള്‍ ഒരുവര്‍ഷത്തിലധികമായി തുടര്‍നടപടികളില്ലാതെ കിടക്കുകയാണ്.

കേസുകള്‍ വര്‍ധിച്ചതും അതിന് ആനുപാതികമായി ഫൊറന്‍സിക് ഉദ്യോഗസ്ഥരില്ലെന്നതും ഇതിനു പ്രധാന കാരണമാണെന്ന് സ്റ്റേറ്റ് ഫൊറന്‍സിക് ലബോറട്ടറി റിട്ട. ജോയന്റ് ഡയറക്ടര്‍ കെ. മോഹനന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. നിലവിലുള്ള ഉദ്യോഗസ്ഥരില്‍ പലരും മതിയായ യോഗ്യതകളില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

വിവരമറിഞ്ഞിട്ടും റിപ്പോര്‍ട്ടുണ്ടാകുന്നില്ല

പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു വിവരമറിഞ്ഞിട്ട് യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന ആരോപണവും വ്യാപകമായി ഉയരുന്നുണ്ട്. ഇത്തരത്തില്‍ ആരോപണങ്ങള്‍ നേരിടുന്നവരെ മുഖ്യപ്രതിക്കൊപ്പം പ്രോസിക്യൂട്ട് ചെയ്യണോ എന്ന നിയമപ്രശ്‌നം പരിശോധിക്കാന്‍ ഹൈക്കോടതി തയ്യാറെടുക്കുകയാണ്.

ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ക്യൂറിയായി അഡ്വ. ടോം ജോസ് പടിഞ്ഞാറേക്കരയെ നിയമിച്ചു. ഇന്നായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. 2014-ല്‍ 10 വയസ്സുകാരി സ്‌കൂളില്‍ ലൈംഗികാക്രമണം നേരിട്ട വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കേസില്‍ കണ്ണൂര്‍ പെരിങ്ങോമിലെ ഹെഡ്മിസ്ട്രസ് കെ.വി ശ്രീലത പോക്‌സോ കേസ് നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്.

ഹരിമോഹന്‍
കേരള മീഡിയ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം, 2016 മുതല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായിരുന്നു. നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍