രേവത് ബാബുവിന്റെ പ്രതികരണത്തില്‍ പൊരുത്തക്കേട്; സംശയം പ്രകടിപ്പിച്ച് എം.എല്‍.എയും
KERALA NE
രേവത് ബാബുവിന്റെ പ്രതികരണത്തില്‍ പൊരുത്തക്കേട്; സംശയം പ്രകടിപ്പിച്ച് എം.എല്‍.എയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2023, 8:31 am

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ ചെയ്യാൻ പൂജാരിമാര്‍ തയ്യാറായില്ലെന്ന രേവത് ബാബുവിന്റെ ആരോപണത്തില്‍ പൊരുത്തക്കേട്. ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ ഈ കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ഇദ്ദേഹത്തിന്റെ തന്നെ പ്രതികരണമാണിപ്പോള്‍ പുറത്തുവരുന്നത്. ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞെന്നാണ് ഇയാളിപ്പോള്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ പ്രതികരണത്തില്‍ സംശയം പ്രകടിപ്പിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ അന്‍വര്‍ സാദത്ത് എം.എല്‍.എയും രംഗത്തെത്തി. സംസ്‌കാര കര്‍മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് രേവത് ബാബു സ്വമേധയാ മുന്നോട്ട് വരികയായിരുന്നുവെന്നും ഇദ്ദേഹം നുണ പറയുമെന്ന് കരുതിയില്ലെന്നും എം.എല്‍.എ പറഞ്ഞു. സംസ്‌കാര കര്‍മങ്ങള്‍ക്കായി പൂജാരിയെ നിയോഗിച്ചത് താനല്ലെന്നും ബ്രേവ് ഇന്ത്യ എന്ന വെബ്‌സൈറ്റിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ സാദത്ത്

 

‘പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക പ്രതിനിധികളുമാണ് ഇത് അറേഞ്ച് ചെയ്തത്. വളരെ പെട്ടെന്നുള്ള പ്രോസസായിരുന്നു ഇത്. കാര്യങ്ങളെക്കുറിച്ച് അറിവില്ലാതെയാണ് അയാള്‍ ഇത് ചെയ്തത് എങ്കില്‍ മര്യാദകേടാണ്. ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ജനങ്ങളെ ഉള്‍പ്പെടെ കബളിപ്പിക്കുകയാണ് അയാള്‍ ചെയ്തത്. അത് ഗുരുതരമായ തെറ്റാണ്.

പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രേവത്

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പൂജക്കായി ആരെയും കിട്ടിയില്ലെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറയുന്നത് ഞാന്‍ കാണുന്നത്. പല സ്ഥലങ്ങളില്‍ പോയി പൂജാരിമാരെ കിട്ടിയില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. ആ സമയം അത് കേട്ടപ്പോള്‍ നിങ്ങള്‍ ചെയ്തത് വലിയ കാര്യമാണെന്ന് പറഞ്ഞ് ഞാന്‍ കെട്ടിപ്പിടിക്കുക മാത്രമാണ് ചെയ്ത്. അത് അപ്പോഴുള്ള ആ വികാരത്തില്‍ ചെയ്തതാണ്. ഇയാള്‍ നുണ പറയുകയാണെന്ന് നമുക്കറിയില്ലല്ലോ,’ അന്‍വര്‍ സാദത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞത്

ആലുവയില്‍ പോയി, മാളയില്‍ പോയി. അതേപോലെ കുറുമശ്ശേരി ഭാഗത്തൊക്കെ പോയി ആരാഞ്ഞു. ഒരു പൂജാരിയും പെണ്‍കുട്ടിയുടെ അന്ത്യ കര്‍മ്മം ചെയ്യാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല.
ഹിന്ദിക്കാരിയുടെ കുട്ടിയല്ലെ എന്നാണ് അവരൊക്കെ ചോദിച്ചത്.
ഹിന്ദിക്കാരിയുടെ കുട്ടിയാണെങ്കിലെന്താ.? മനുഷ്യന്മാരല്ലേ.

ഞാന്‍ കരുതി ഒന്നുംവേണ്ട, നമ്മുടെ കുട്ടിയല്ലെ, ഞാന്‍ തന്നെ കര്‍മ്മം ചെയ്യാമെന്ന് കരുതി. ഒരു കര്‍മ്മവും അറിഞ്ഞിട്ടല്ല. ഒരാള്‍ മരിച്ച കര്‍മ്മം മാത്രമെ ഇതുവരെ ചെയ്തുള്ളു. അവരുടെ ചോദ്യം കേട്ടപ്പോള്‍ വല്ലാത്തൊരു വിഷമം തോന്നി

Content Highlight:  Inconsistency in Revat Babu’s allegation that the priests were not ready to perform the funeral rites of the five-year-old girl who was killed in Aluva