ചൊവ്വയില്‍ ജീവനുണ്ടോ? സുപ്രധാന ദൗത്യത്തിന് നാസ
World News
ചൊവ്വയില്‍ ജീവനുണ്ടോ? സുപ്രധാന ദൗത്യത്തിന് നാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 3:58 pm

വാഷിംഗ്ടണ്‍: ചൊവ്വാ ഗ്രഹത്തെ പറ്റിയുള്ള പുതിയ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ചൊവ്വയില്‍ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകളാണ് നാസ ഭൂമിയിലെത്തിക്കുന്നത്.

ശാസ്ത്രീയ പഠനത്തിനായി ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് സാമ്പിളുകള്‍ എത്തിക്കുന്നതിനുള്ള മാര്‍സ് സാമ്പിള്‍ റിട്ടേണ്‍ പ്രോഗ്രാമിന് ഒരുങ്ങുന്നെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ് പദ്ധതി.

2020 ജൂലൈയിലാണ് ഈ ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക റോവര്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയില്‍ റോവര്‍ ചൊവ്വയിലെത്തും. ചൊവ്വയിലെ പാറകളില്‍ നിന്നും റോവര്‍ സാമ്പിളുകളില്‍ ശേഖരിക്കും. ചൊവ്വയുടെ ഉപരിതലത്തില്‍ ഈ സാമ്പിളുകള്‍ റോവര്‍ ശേഖരിച്ച് വെക്കും. സാമ്പിള്‍ ക്യാച്ചിംഗ് എന്നാണ് ഈ പ്രോസസിനെ പറയുന്നത്.

ഇത് നാസയുടെ മറ്റൊരു ബഹിരാകാശ വാഹനമാണ് ശേഖരിച്ച് ഭ്രമണപഥത്തില്‍ എത്തിക്കുക. പിന്നീട് ഒരു എര്‍ത്ത് റിട്ടേണ്‍ ഓര്‍ബിറ്റര്‍ ഈ കല്ലുകള്‍ വലിയ സുരക്ഷാ വലയത്തില്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കും. 2030 കളില്‍ മാത്രമേ ഈ പ്രോസസുകള്‍ പൂര്‍ത്തിയായി ഭൂമിയിലെത്തുകയുള്ളൂ.

 

ചൊവ്വയുമായി ബന്ധപ്പെട്ട കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ പദ്ധതി. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോ എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ കല്ലുകളില്‍ നടത്തുന്ന പഠനത്തോടെ വ്യക്തമാവും എന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.

‘ ഈ സാമ്പിള്‍ റിട്ടേണ്‍ പരിശ്രമം വിലപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൂടാതെ റെഡ് പ്ലാനറ്റിലെ ( ചൊവ്വ) ജീവനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങളെ സഹായിക്കുകയും മനുഷ്യരെ ചൊവ്വയിലെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഒരു പടി കൂടി മുന്നോട്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു,’ നാസ അസോസിയേറ്റ് സയന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സര്‍ബെചന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: In a first, Nasa to bring Mars rock samples back to Earth