അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി നടി തൃഷ
tamil movie
അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി നടി തൃഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 7:45 pm

ചെന്നൈ: അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് എ.വി. രാജുവിനെതിരെ നിയമനടപടിയെടുക്കുമെന്ന് നടി തൃഷ.

സമൂഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഏതു തലത്തിലേക്കും തരംതാഴുന്ന ജീവിതങ്ങളെയും നിന്ദ്യരായ മനുഷ്യരെയും ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണെന്ന് തൃഷ എക്‌സില്‍ കുറിച്ചു. എ.വി. രാജുവിന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു.

ഈ ഒരു കാലഘട്ടത്തിലും സമൂഹത്തില്‍ ആളുകള്‍ ഇത്തരത്തില്‍ വെറുപ്പുളവാക്കുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെതിരെ കഠിനമായ നടപടി എടുക്കുമെന്നും ഇനിയങ്ങോട്ട് സംസാരിക്കുന്നത് നിയമം ആയിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

തൃഷയെ കുറിച്ച് വ്യാജമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ വിമര്‍ശനങ്ങളാണ് രാജുവിനെതിരെ ഉയര്‍ന്നത്. തൃഷയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയിലുള്ളവരും ആരാധകരും രംഗത്തെത്തി.

എ.വി. രാജുവിന്റെ വീഡിയോ പങ്കുവെച്ച് എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവിനെതിരെ തൃഷ പരാതി നല്‍കണമെന്ന് നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരത്തിനോട് ആവശ്യപ്പെട്ടു.

വീഡിയോയില്‍ ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ വെച്ച് എ.ഐ.എ.ഡി.എം.കെയുടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളെ തൃഷയുമായി ബന്ധപ്പെടുത്തി എ.വി. രാജു സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് ഈ വീഡിയോ സംസ്ഥാനത്ത് രാഷ്രീയപരമായും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടു.

തുടര്‍ന്ന് പാര്‍ട്ടിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എ.ഐ.എ.ഡി.എം.കെ എ.വി. രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ തൃഷയുടെ പ്രതികരണം.

2023 ഡിസംബറില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടി തൃഷയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും പിന്നീട് നിയമനടപടിക്ക് ശേഷം മാപ്പ് പറയുകയും ചെയ്തിരുന്നു.

Content Highlight: In a defamatory remark, Actress Trisha will take legal action against former AIADMK leader A.V. Raju