ഇമ്രാന്‍ഖാന്റെ അമേരിക്ക സന്ദര്‍ശനം ജൂലൈ 22നെന്ന് പാകിസ്താന്‍;  സ്ഥിരീകരിക്കാതെ അമേരിക്ക
World News
ഇമ്രാന്‍ഖാന്റെ അമേരിക്ക സന്ദര്‍ശനം ജൂലൈ 22നെന്ന് പാകിസ്താന്‍; സ്ഥിരീകരിക്കാതെ അമേരിക്ക
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 9:50 pm

വാഷിംഗ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റേയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റേയും കൂടികാഴ്ച്ച ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. ഈ മാസം 22 ന് ഇമ്രാന്‍ ഖാന്‍ ട്രംപുമായി കൂടികാഴ്ച്ച നടത്തുമെന്ന് നേരത്തെ പാകിസ്താന്‍ അറിയിച്ചിരുന്നു.

ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഇമ്രാന്‍ഖാന്‍ തന്റെ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ ജൂണ്‍ 4 ന് വിളിച്ച പ്രസ് കോണ്‍ഫറന്‍സിലാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് വൈറ്റഹൗസ് ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് വ്യക്തമാക്കി.

‘വെറ്റ് ഹൗസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. എനിക്കറിയാം, ഞാന്‍ ഇതേ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. പക്ഷെ കൂടികാഴ്ച്ചയെക്കുറിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.’ മോര്‍ഗന്‍ ഓര്‍ട്ടഗസ പറഞ്ഞു.

ഇക്കാര്യത്തില്‍ അമേരിക്കയുടെ പ്രതികരണം വന്നതോടെ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും കൃത്യമായ സമയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു.

ട്രംപുമായുള്ള ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും പ്രാദേശിക പ്രശ്നങ്ങളും അഫ്ഗാനിലെ സമാധാന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.