ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; പക്ഷെ ബി.ജെ.പി ഭരിക്കുന്നിടത്തോളം അത് നടക്കുമെന്ന് തോന്നുന്നില്ല: ഇമ്രാന്‍ ഖാന്‍
World News
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; പക്ഷെ ബി.ജെ.പി ഭരിക്കുന്നിടത്തോളം അത് നടക്കുമെന്ന് തോന്നുന്നില്ല: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 9:30 am

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വളരെ നല്ല ബന്ധമുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ദേശീയവാദികളായ ബി.ജെ.പി ഭരണത്തിലിരിക്കുന്നിടത്തോളം കാലം അത് സംഭവിക്കാന്‍ സാധ്യത കാണുന്നില്ലെന്നും മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ബ്രിട്ടീഷ് ദിനപത്രമായ ‘ദ ടെലഗ്രാഫി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം സ്ഥാപിച്ചാല്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് അഭിമുഖത്തില്‍ പരാമര്‍ശിച്ച ഖാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇത്തരത്തില്‍ ബന്ധങ്ങളുണ്ടാക്കുന്നതിന് ‘കശ്മീര്‍ വിഷയ’മാണ് പ്രധാന തടസമായി നില്‍ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

”ഇത്തരത്തില്‍ ബന്ധം സ്ഥാപിക്കുമ്പോഴുണ്ടാകുന്ന നേട്ടങ്ങള്‍ വളരെ വലുതായിരിക്കും. അത് സാധ്യമാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

പക്ഷേ ബി.ജെ.പി സര്‍ക്കാര്‍ വളരെ കര്‍ക്കശമാണ്. അവര്‍ക്ക് പല വിഷയങ്ങളിലും തീവ്ര ദേശീയ നിലപാടുകളാണുള്ളത്,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

”അവര്‍ (ബി.ജെ.പി) ഇത്തരം തീവ്ര ദേശീയ വികാരങ്ങള്‍ ഉണര്‍ത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പ്രമേയമവതരിപ്പിക്കാന്‍ പോലും അവസരമില്ലാത്തത് വളരെ നിരാശാജനകമാണ്. ദേശീയതയുടെ ഈ കുപ്പിയില്‍ നിന്ന് പുറത്തുവന്നാല്‍ പിന്നെ അതിനെ വീണ്ടും ആ കുപ്പിക്കകത്ത് അടക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് ഒരു റോഡ്മാപ്പ് ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ഞങ്ങള്‍ക്കറിയാവുന്നത്,” ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ബി.ജെ.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞ സമയത്ത് തന്നെ ഇന്ത്യയുമായുള്ള ബന്ധം പാകിസ്ഥാന്‍ തണുപ്പിക്കേണ്ടതായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഭീകരതയും ശത്രുതയും അക്രമവുമില്ലാത്ത അന്തരീക്ഷത്തില്‍ പാകിസ്ഥാനുമായി സാധാരണ അയല്‍പക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്രം റദ്ദാക്കിയത്. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വഷളായത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്ഥാന്‍ മയപ്പെടുത്തുകയും രാജ്യത്തെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരബന്ധം ഏറെക്കുറെ മരവിച്ച അവസ്ഥയിലാണുള്ളത്.

അതേസമയം, പാകിസ്ഥാനില്‍ എത്രയും പെട്ടെന്ന് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് മാര്‍ച്ചുകളും റാലികളും സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇമ്രാന്‍ ഖാന്‍. താന്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇറാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചെടുക്കുമെന്നും ഇമ്രാന്‍ വാഗ്ദാനം ചെയ്തിരുന്നു.

Content Highlight: Imran Khan says they want good relations with India but no chance of it during the rule of BJP govt