വിഘടനവാദികളുമായി സംസാരിക്കാം; പക്ഷെ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനോട് മാത്രം അത് പറ്റില്ല: ഇമ്രാന്‍ ഖാന്‍
World News
വിഘടനവാദികളുമായി സംസാരിക്കാം; പക്ഷെ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനോട് മാത്രം അത് പറ്റില്ല: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 10:40 am

ലാഹോര്‍: പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാരുമായി ഒരു ചര്‍ച്ചക്കിരിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഷെഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍.എന്‍) പാര്‍ട്ടിയിലെ എല്ലാവരും കള്ളന്മാരാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

ബലൂചിസ്ഥാന്‍- സിന്ധ് പ്രവിശ്യയിലെ വിഘടനവാദി ഗ്രൂപ്പായ തെഹരീക്-ഇ-താലിബാന്‍ പാകിസ്ഥാനുമായി (ടി.ടി.പി) ചര്‍ച്ച നടത്താമെന്നും എന്നാല്‍പോലും ഷെഹബാസ് ഷെരീഫ് സര്‍ക്കാരുമായി കൂടിയിരുന്നുള്ള ഒരു ചര്‍ച്ച സാധ്യമല്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

”എനിക്ക് ബലൂചിസ്ഥാനിലെയും സിന്ധിലെയും വിഘടനവാദികളായ തെഹ്രീക്-ഇ-താലിബാന്‍ പാക്കിസ്ഥാനോട് സംസാരിക്കാം, പക്ഷേ കള്ളന്മാരോട്, നിങ്ങളുടെ വീട് കൊള്ളയടിക്കുന്ന ഒരാളോട് നിങ്ങള്‍ സംസാരിക്കുമോ?,” ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

യു.എസുമായി ഒരു മോശം ബന്ധം കൊണ്ടുനടക്കാന്‍ താല്‍പര്യമില്ലെന്നും അടിമത്തത്തിനേക്കാള്‍ നല്ലത് മരണമാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

”മറ്റേതൊരു രാജ്യത്തേക്കാളും നമ്മുടെ രാജ്യത്ത് നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും പാകിസ്ഥാനികള്‍ ധാരാളമായി താമസിക്കുന്നതുമായ യു.എസുമായി എനിക്ക് മോശം ബന്ധം ആവശ്യമില്ല. എന്നാല്‍ അടിമത്തത്തേക്കാള്‍ നല്ലത് മരണമാണ്, ആത്മാഭിമാനത്തോടെ ജീവിക്കണം,” പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി പര്‍വേസ് ഇലാഹിയെ തെരഞ്ഞെടുക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രതികരണത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ പഞ്ചാബ് ഉപതെരഞ്ഞെടുപ്പില്‍ പി.ടി.ഐ വലിയ വിജയം നേടിയിരുന്നു. ഷെഹബാസ് ഷെരീഫിന്റെ പി.എം.എല്‍.എന്നിനെ വലിയ മാര്‍ജിനിലായിരുന്നു പി.ടി.ഐ പരാജയപ്പെടുത്തിയത്.

20 സീറ്റുകളുള്ള പഞ്ചാബ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി.ടി.ഐക്ക് 15 സീറ്റുകള്‍ ലഭിച്ചപ്പോള്‍ പി.എം.എല്‍- എന്നിന് വെറും നാല് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക പ്രധാന്യമുള്ള അസംബ്ലിയാണ് പഞ്ചാബിലേത്. തുടര്‍ച്ചയായി പി.എം.എല്‍- എന്‍ വിജയിച്ചിരുന്ന പ്രവിശ്യ കൂടിയായിരുന്നു പഞ്ചാബ്.

പഞ്ചാബ് വിജയത്തിന് പിന്നാലെ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

2023 ഒക്ടോബറിലാണ് പാകിസ്ഥാനില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അതിന് മുമ്പേ തന്നെ നടത്തണമെന്നാണ് ഇമ്രാന്റെ ആവശ്യം.

പഞ്ചാബിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.

Content Highlight: Imran Khan says Can talk to separatists, but not to Shehbaz Sharif government