Administrator
Administrator
സല്‍മാനെയാണ് കൂടുതലിഷ്ടം: ഇമ്രാന്‍ ഖാന്‍
Administrator
Wednesday 31st August 2011 4:15pm

ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ അമീറിന്റെയും സംവിധായകന്‍ മന്‍സൂര്‍ ഖാന്റെയും ബന്ധുവായ ഇമ്രാന്‍ സിനിമ തനിക്കും വഴങ്ങുമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. അമീറിന്റെ പാരമ്പര്യത്തിന് ഒട്ടും മങ്ങലേല്‍പ്പിക്കാത്ത പ്രകടനത്തിലൂടെ ഇമ്രാന്‍ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായി.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഇമ്രാന്റെ അടുത്തിടെ പുറത്തിറങ്ങിയ ഡെല്ലി ബെല്ലി സൂപ്പര്‍ഹിറ്റായിരുന്നു. ഡെല്ലി ബെല്ലിയിലൂടെ സിനിമാ പ്രമികള്‍ക്ക് ഒരു സുന്ദരകാഴ്ച സമ്മാനിച്ച ഇമ്രാന്‍ ഖാന്‍ മറ്റൊരു ഹിറ്റിനുള്ള തയ്യാറെടുപ്പിലാണ്. ‘മേരേ ബ്രദര്‍ കി ദുല്‍ഹന്‍’ എന്ന ഇമ്രാന്റെ പുതിയ ചിത്രം ഡെല്ലി ബെല്ലിയെക്കാള്‍ സൂപ്പറായിരിക്കുമെന്നാണ് നടന്‍ പറയുന്നത്.

‘മേരേ ബ്രദര്‍ കി ദുല്‍ഹന്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇമ്രാന്‍ പങ്കുവയ്ക്കുന്നു.

ഡല്ലി ബെല്ലിയുടെ വിജയം പുതിയ ചിത്രമായ മേരേ ബ്രദര്‍ കി ദുല്‍ഹനെ സഹായിക്കുമെന്ന് കരുതുന്നുണ്ടോ?

സിനിമാ മേഖലയില്‍ എല്ലാ സമയവും നമ്മള്‍ മികച്ചത് പുറത്തെടുക്കേണ്ടതുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ കാര്യത്തില്‍ പോലും എല്ലാ ചിത്രങ്ങളും വിലയിരുത്തപ്പെടുന്നുണ്ട്. തൊട്ടുമുന്‍പത്തെ ചിത്രം ഹിറ്റാണെങ്കില്‍ അടുത്ത ചിത്രവും ഹിറ്റാകുമെന്നതിന് യാതൊരു ഗ്യാരണ്ടിയുമില്ല. പുറത്തിറങ്ങുന്ന ഓരോ ചിത്രവും പഴയ ചിത്രത്തിന്റെയത്ര നല്ലതാണെന്നാണ് നമ്മള്‍ തെളിയിച്ചുകൊടുക്കേണ്ടതുണ്ട്.

ഒരു ഹിറ്റ് ചിത്രത്തിനുശേഷമാണ് ഈ ചിത്രം ഇറങ്ങുന്നത് എന്നതിനാല്‍ സമ്മര്‍ദ്ദം കൂടുന്നുണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്?

ഒരു ഹിറ്റ് ചിത്രം നല്‍കാനുള്ള സമ്മര്‍ദ്ദം എല്ലാ ചിത്രത്തിന്റെ കാര്യത്തിലും ഒരുപോലെയാണ്.

യഷ് രാജ് ഫിലിംസിനൊപ്പമുള്ള നിങ്ങളുടെ ആദ്യചിത്രമാണിത്. എന്തായിരുന്നു എക്‌സ്പീരിയന്‍സ്?

യഷ് രാജിന്റെ ചിത്രങ്ങളെല്ലാം ഒരു പ്രത്യേക സ്റ്റൈലിലാണ്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. മേരേ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തില്‍ ഗാനരംഗങ്ങളില്‍ ചുണ്ടിളക്കാനും, നൃത്തരംഗം കൊറിയോഗ്രാഫ് ചെയ്യാനും ഞാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്.

ഞാന്‍ ചെയ്ത മറ്റുചിത്രങ്ങളിലേതിനെക്കാള്‍ കോമഡി രംഗങ്ങള്‍ ഏറെ രസകരമാണ്. ഞാന്‍ ഒരു നാണം കുണിങ്ങിയാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന പേടിയുണ്ടായിരുന്നു ആദ്യം. എന്നാല്‍ പിന്നെയൊക്കെ ശരിയായി.

ആദിത്യ ചോപ്രയോടൊപ്പമുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നു?

ആദിത്യ ചോപ്രയെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. അദ്ദേഹത്തിന് സിനിമയോടും സിനിമയുണ്ടാക്കുന്നതിനുമുള്ള താല്‍പര്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എല്ലാവരുടെ അഭിപ്രായങ്ങളും അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും. അതില്‍ കഴമ്പുള്ളത് സ്വീകരിക്കാനും മടി കാണിക്കാറില്ല.

നിങ്ങള്‍ക്ക് ഈ റോള്‍ ലഭിക്കുന്നതില്‍ അമ്മ നുസാത്ത് വലിയ റോളുണ്ട്, അല്ലേ?

അതെ,അത് ശരിയാണ്. ഒരു പാട് ചിത്രങ്ങളില്‍ യഷ് രാജിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അലി അബ്ബാസ് സഫറിനെ കാണണമെന്ന് പറഞ്ഞ് ആദിത്യ ചോപ്ര കഴിഞ്ഞവര്‍ഷം എന്നെ വിളിച്ചിരുന്നു. ഞാന്‍ അലിയെ കണ്ടപ്പോള്‍ മേരി ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞു. ടൈറ്റില്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് പേടി തോന്നി. അദ്ദേഹം ചിത്രത്തിന്റെ കഥയെനിക്ക് പറഞ്ഞുതന്നു. ഒരു മോശം കഥയായാണ് എനിക്ക് തോന്നിയത്. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം എനിക്ക് തന്നു. ഞാന്‍ അദ്ദേഹത്തെ വിളിക്കാമെന്നും പറഞ്ഞ് തിരിച്ചുപോന്നു.

ആ തിരക്കഥ വീട്ടിലൊരുമൂലയ്ക്ക് ഇടുകയും ചെയ്തു. എന്റെ അമ്മ അത് കാണുകയും വായിച്ചുനോക്കുകയും ചെയ്തു. സ്‌ക്രിപ്റ്റ് വായിക്കണമെന്നും ഈ സിനിമ നീ ചെയ്യണമെന്നും അമ്മയാണ് എന്നോട് ആവശ്യപ്പെട്ടത്. അതനുസരിച്ച് ഞാന്‍ തിരക്കഥ വായിച്ചുനോക്കി. എനിക്കിഷ്ടപ്പെടുകയും ചെയ്തു.

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്

ഒരു ഹീറോയിക് ആയ കഥാപാത്രമല്ല ഇത്. ഒരു സിംപിള്‍ ഡറാഡൂണ്‍ കാരന്‍. സാധാരണ ജീന്‍സും കള്ളി ഷര്‍ട്ടുകളും ധരിക്കുന്നു. ആഡംബരങ്ങളൊന്നുമില്ല. ആരെയും ദ്രോഹിക്കാനാഗ്രഹിക്കാത്തയാളാണ് ഈ കഥാപാത്രം. പ്രണയവും ഹാസ്യവുമാണ് ചിത്രത്തിന്റെ പ്രമേയം.

സഹോദരന്റെ ഭാവിവധുവിനെ പ്രണയിക്കുന്ന ഒരു വ്യക്തി കടന്നുപോകുന്ന സാഹചര്യങ്ങളാണ് ഇത് പറയുന്നത്. ഏറെ രസകരമായ മൂഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

ഡല്ലി ബെല്ലിയില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണ് ഈ ചിത്രം?

ഡെല്ലി ബെല്ലിയെക്കാള്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്ന ചിത്രമാണ് ഇത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ചിത്രത്തില്‍ ഞാന്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. പാടുന്നുണ്ട്. കുറച്ചുകൂടി വ്യത്യസ്തമായ രീതിയില്‍ അഭിനയിക്കുന്നുമുണ്ട്.

സഹനടന്‍ അലി സഫറിനൊപ്പമുളള അഭിനാനുഭവം എങ്ങനെയുണ്ടായിരുന്നു

എന്റെ സഹോദരന്‍ കഥാപാത്രം ചെയ്യാന്‍ നല്ലൊരാളെ തന്നെ നിയമിക്കണമെന്ന് ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ആദിത്യ ചോപ്രയോടും അലി അബ്ബാസ് സഫറിനോടും ഞാന്‍ പറഞ്ഞിരുന്നു. ആ കഥാപാത്രത്തിന് അത്രയ്ക്ക് പ്രാധാന്യമുണ്ട് ഈ ചിത്രത്തില്‍. അപ്പോഴാണ് ആ സമയത്ത് പാക്കിസ്ഥാനിലായിരുന്ന അലി സഫറിനെ ആ കഥാപാത്രത്തിനുവേണ്ടി നോക്കുന്നുണ്ടെന്ന് അലി അബ്ബാസ് എന്നോട് പറഞ്ഞത്. സ്‌കൈപ്പിലൂടെ ഞങ്ങളുടെ സംവിധായകന്‍ അലി സഫറിന് കഥ മുഴുവന്‍ പറഞ്ഞുകൊടുത്തു. ചിത്രം ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

സെറ്റില്‍ ഞങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായി എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്.

മൂന്ന് ഖാന്‍ മാരുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ അനുകരിച്ച് അവര്‍ക്കുള്ള ട്രിബ്യൂട്ട് എന്ന രീതിയില്‍ ഒരു നൃത്തം രംഗം ചെയ്തല്ലോ, ആരുടെ ഐഡിയയാരുന്നു അത്?

സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും കൊറിയോഗ്രാഫര്‍ ബോസ്‌കോയുടെയും ഐഡിയയാണിത്. വര്‍ഷങ്ങളായി ഞങ്ങളെ ത്രസിപ്പിച്ച ഇവര്‍ക്ക് ഒരു സമ്മാനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണിത് ചെയ്തത്. സിനിമയില്‍ ഇപ്പോഴുള്ള മിക്ക നടന്‍മാരെയും ഇവരിലൊരാളെങ്കിലും സ്വാധീനിച്ചിട്ടുണ്ടാവും. എന്നെയും ഇവര്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതിനുള്ള നന്ദി എന്ന നിലയിലാണ് ഞങ്ങളുടെ വക ഈ സമ്മാനം.

ആരുടെ സ്റ്റെപ്പ് ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം?

സല്‍മാന്‍ ഖാന്റെ സ്‌റ്റെപ്പ് ചെയ്യാനാണ് കൂടുതലിഷ്ടം.

കൂടെ അഭിനയിച്ച ആരെങ്കിലും നിങ്ങളെ സഹായിച്ചിട്ടുണ്ടോ?

കത്രീന എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വര്‍ക്കിനോടുള്ള കത്രീനയുടെ താല്‍പര്യവും അര്‍പ്പണ ബോധവും ഞാന്‍ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ഹിന്ദിയില്‍ ഒരു വാക്ക് പോലും സംസാരിക്കനറിയാതെയാണ് കത്രീന സിനിമയിലെത്തിയത്. ഇപ്പോള്‍ അവര്‍ പച്ചവെള്ളംപോലെ ഹിന്ദി സംസാരിക്കുന്നുണ്ട്. കഥാപാത്രത്തിനും, സംഭാഷണത്തിനും, ഡാന്‍സ് സ്റ്റപ്പുകള്‍ക്കും, ഫിറ്റ്‌നസിനും അവര്‍ ഒരേ പ്രാധാന്യമാണ് നല്‍കുന്നത്.

മദ്യപിക്കാനുള്ള പ്രായപരിധി 25 ആക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിങ്ങള്‍ ജൂണില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. അതിലെന്തെങ്കിലും പുരോഗതിയുണ്ടായോ?

അതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ ഞാന്‍ തയ്യാറല്ല. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഞാനൊരു പത്രസമ്മേളനം വിളിച്ച് അതിനെക്കുറിച്ച് പറയുന്നതായിരിക്കും. സര്‍ക്കാര്‍ പാസാക്കുദ്ദേശിക്കുന്ന നിയമത്തിന്റെ അര്‍ത്ഥം നാം പുറമേ നിന്ന് കാണുന്നതല്ല.

2001ല്‍ സര്‍ക്കാര്‍ മദ്യപിക്കാനുള്ള പ്രായപരിധി 25 ആക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. അതിനെക്കുറിച്ച് എല്ലാവരും മറക്കുകയും ചെയ്തു. ഇപ്പോള്‍ ഈ ജൂണിലും മദ്യപിക്കാനുള്ള പ്രായം 21ല്‍ നിന്നും 25 ആക്കി ഉയര്‍ത്തുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇത് നടപ്പില്‍വരുമോ എന്ന കാര്യം പരുങ്ങലിലാണ്.

കടപ്പാട്: റെഡിഫ്.കോം

Advertisement