ഫൈവ് സ്റ്റാർ വിയ്യാറയൽ; നാണംകെട്ട തോൽവിയിലും തലയുയർത്തി ബാർസ താരം
Football
ഫൈവ് സ്റ്റാർ വിയ്യാറയൽ; നാണംകെട്ട തോൽവിയിലും തലയുയർത്തി ബാർസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 8:33 am

ലാ ലിഗയില്‍ വിയ്യാറയലിന് തകര്‍പ്പന്‍ വിജയം. എട്ടു ഗോളുകള്‍ കണ്ട മത്സരത്തില്‍ ബാഴ്സലോണയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് വിയ്യാറയല്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ബാഴ്‌സലോണക്കായി ജര്‍മന്‍ താരം ഇല്‍ക്കായ് ഗുണ്ടോഗന്‍ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടാന്‍ ഗുണ്ടോഗന് സാധിച്ചിരുന്നു. ഈ ഗോളിന് പുറമെ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഗുണ്ടോഗന്‍ നടത്തിയത്. പത്ത് കീ പാസുകള്‍ ആണ് ജര്‍മന്‍ താരം കറ്റാലന്‍മാര്‍ക്കായി നടത്തിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഗുണ്ടോഗന്‍ സ്വന്തമാക്കിയത്.

ലാ ലിഗയിലെ ഒരു മത്സരത്തില്‍ പത്ത് കീപാസുകള്‍ നേടിയ ആദ്യ താരമെന്ന റെക്കോഡാണ് ഗുണ്ടോഗന്‍ സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ആഴ്‌സണല്‍ താരം മാര്‍ട്ടിന്‍ ഒഡ്ഗാര്‍ഡ് ആയിരുന്നു. 2019 റിയല്‍ സോസിഡാഡിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ഒഡ്ഗാര്‍ഡിന്റെ നേട്ടം.

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ഒളിമ്പിക് ലൂയിസ് കോമ്പനിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ അണിനിരുന്നത്. മറുഭാഗത്ത് 4-4-2 ശൈലിയായിരുന്നു വിയ്യാറയല്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ 41ാം മിനിട്ടില്‍ ജെറാഡ് മൊറേനോയിലൂടെ വിയ്യാറയല്‍ ആണ് ഗോളടി മേളക്ക് തുടക്കം കുറിച്ചത്.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ഏഴ് ഗോളുകളും പിറന്നത്. ഇല്‍ക്കായ് ഗുണ്ടോഗന്‍ (60), പെഡ്രി (68), എറിക് ബെയ്ലി ഓണ്‍ ഗോള്‍ (71) എന്നിവരാണ് ബാഴ്‌സയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

ഇലിയാസ് അഖോമാച്ച് (54), ഗോണ്‍സലോ ഗുഡെസ് (84), അലക്‌സാണ്ടര്‍ സെര്‍ലോത്ത് (90+9), ജോസ് ലൂയിസ് മൊറേല്‍സ് (90+2) എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ഗോളുകള്‍ നേടിയത്.

തോല്‍വിയോടെ ലാ ലിഗയില്‍ 21 മത്സരങ്ങളില്‍ നിന്നും 13 വിജയവും അഞ്ചു സമനിലയും മൂന്നു തോല്‍വിയും അടക്കം 44 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സാവിയും കൂട്ടരും. അതേസമയം 22 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും അഞ്ചു സമനിലയും 11 തോല്‍വിയും അടക്കം 23 പോയിന്റോടെ 14ാം സ്ഥാനത്താണ് വിയ്യാറയല്‍.

ലാ ലിഗയില്‍ ജനുവരി 31ന് ഒസാസുനക്കെതിരെയാണ് സാവിയുടെയും കൂട്ടരുടെയും അടുത്ത മത്സരം. അതേസമയം ഫെബ്രുവരി നാലിന് കാഡിസ് ആണ് വിയ്യാറയലിന്റെ എതിരാളികള്‍.

Content Highlight: Ilkay Gundogan create a new record.