മുപ്പത്തൊന്നാം വര്‍ഷവും നോമ്പെടുത്തും ഇഫ്താര്‍ വിരുന്നൊരുക്കിയും മലപ്പുറത്തെ പ്രഭാകരന്‍; സ്‌നേഹം പങ്ക് വെക്കാനെത്തി നാട്
Kerala
മുപ്പത്തൊന്നാം വര്‍ഷവും നോമ്പെടുത്തും ഇഫ്താര്‍ വിരുന്നൊരുക്കിയും മലപ്പുറത്തെ പ്രഭാകരന്‍; സ്‌നേഹം പങ്ക് വെക്കാനെത്തി നാട്
ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2019, 8:30 pm

കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി റമദാന്‍ മാസത്തില്‍ നോമ്പനുഷ്ടിക്കുന്ന വ്യക്തിയാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ പ്രഭാകരന്‍ എന്ന വെസ്റ്റേണ്‍ പ്രഭാകരന്‍. കഴിഞ്ഞ ദിവസം തന്റെ വീട്ടില്‍ പ്രഭാകരന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് നാടൊന്നാകെ ഒഴുകിയെത്തി.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മുസ് ലിം സുഹൃത്ത് നോമ്പെടുക്കുന്നത് കണ്ടാണ് നോമ്പെടുക്കാന്‍ പ്രഭാകരന്‍ ആരംഭിച്ചത്. അതിന് ശേഷം കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രഭാകരന്‍ നോമ്പ് നോല്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇഫ്താര്‍ വിരുന്നും സംഘടിപ്പിക്കുന്നു.

ഇന്നലെയാണ് പ്രഭാകരന്‍ തന്റെ വീട്ടില്‍ നോമ്പ് തുറ സംഘടിപ്പിച്ചത്. വീട്ടില്‍ നമസ്‌ക്കരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അടുക്കള ഒഴികെയുള്ള എല്ലാ റൂമിലും നമസ്‌ക്കരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, നോവലിസ്റ്റ് പി. സുരേന്ദ്രന്‍, ഒരേ ദിവസം തന്റെ വൃക്കകള്‍ ദാനം ചെയ്ത ദമ്പതിമാരില്‍പ്പെട്ട ആര്യ മഹര്‍ഷി, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം വി. ഉണ്ണികൃഷ്ണന്‍, എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി ഡോ.എന്‍.എം. മുജീബ് റഹ്മാന്‍, ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹ് പ്രസംഗിച്ചു. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയമാകുന്ന രവീന്ദ്രന്റ ചികിത്സാനിധിയിലേക്കുള്ള ധനസഹായം ചടങ്ങില്‍ പ്രഭാകരന്റെ മാതാവ് ദേവകി അമ്മ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എക്ക് കൈമാറി. കെ.എം. അബ്ദുല്‍ ഗഫൂര്‍, അഷ്റഫലി കാളിയത്ത്, കെ.കെ. ഫൈസല്‍ തങ്ങള്‍, ടി.എം. പത്മകുമാര്‍, അഷ്റഫ് അമ്പലത്തിങ്ങല്‍, ശരീഫ് പാലോളി, സലാം വളാഞ്ചേരി, മാനവേന്ദ്രനാഥ് വളാഞ്ചേരി, നജീബ് കുറ്റിപ്പുറം, ഡോ. എന്‍. മുഹമ്മദാലി സംബന്ധിച്ചു.